കോഴിക്കോട്: ബലക്ഷയവിവാദം കത്തുേമ്പാഴും ഒരക്ഷരം ഉരിയാടാതെ കെ.എസ്.ആർ.ടി.സിയും കെ.ടി.ഡി.എഫ്.സിയും. എല്ലാ നീക്കങ്ങളും രഹസ്യമാക്കണമെന്ന് ഇരുസ്ഥാപനവും മേലുദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരിക്കയാണ്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഇതുമായി ബന്ധപ്പെട്ട യോഗം അതിരഹസ്യമായിരുന്നു. ആരോടും ഒന്നും പ്രതികരിക്കരുതെന്ന് കെ.ടി.ഡി.എഫ്. സി ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകി. ബസ്സ്റ്റാൻഡ് മാറ്റത്തെപറ്റിപോലും തങ്ങൾക്ക് ഒരു നിർദേശവും കിട്ടിയിട്ടില്ലെന്ന് പറഞ്ഞ് കെ. എസ്.ആർ.ടി.സി അധികൃതരും ഒഴിഞ്ഞുമാറുകയാണ്.
കെ.എസ്.ആർ.ടി.സിക്ക് വലിയ ബാധ്യത വരുത്തുന്ന കോഴിക്കോട്ടെ കെട്ടിട ബലക്ഷയപ്രശ്നത്തിൽ പ്രതികരിക്കാൻ ബന്ധപ്പെട്ടവർ തയാറായിട്ടില്ല. 75 കോടിക്ക് കെ.ടി.ഡി.എഫ്.സി നിർമിച്ച കെട്ടിടത്തിന് നിലവിൽ 150 കോടിയുടെ ബാധ്യത കെ.എസ്.ആർ.ടി.സിക്കുണ്ട്. 16 ശതമാനം പലിശക്കാണ് കെ.ടി.ഡി.എഫ്.സി കെ.എസ്.ആർ.ടി.സിക്ക് സാമ്പത്തികസഹായം നൽകുന്നത്. കെട്ടിട നിർമാണവും കൈമാറ്റവുമുൾപ്പെടെ കെ.ടി.ഡി.എഫ്സിയാണ് പൂർത്തിയാക്കുന്നതെങ്കിലും അതിെൻറ ബാധ്യത മുഴുവൻ കെ.എസ്.ആർ.ടി.സിക്കാണ്. ഇനിയും 20 കോടിയുടെ ബാധ്യതയാണ് ഈ കെട്ടിടത്തിനു മുകളിൽ ഉണ്ടാവുക എന്നാണ് റിപ്പോർട്ട്. എന്നാൽ, ഇതു തങ്ങളുടെ തലയിൽ കെട്ടിവെക്കരുതെന്ന് പറയാൻ കെ.എസ്.ആർ.ടി.സി തയാറാവുന്നില്ലെന്ന് സി.ഐ.ടി.യു പോലും ആരോപിക്കുന്നു.
വ്യാപാരസമുച്ചയം പാട്ടത്തിനെടുത്ത അലിഫ് ബിൽഡേഴ്സിന് സഹായകരമാവുന്ന തരത്തിൽ നിലപാട് സ്വീകരിക്കുന്നതിൽ കെ.എസ്.ആർ.ടി.സിയുടെയും കെ.ടി.ഡി.എഫ്സിയുടെയും മാനേജിങ് ഡയറക്ടർമാർ ഒത്തുകളിക്കുെന്നന്നാണ് ആരോപണം.അതേസമയം, പ്രതിപക്ഷം കരുതലോടെയാണ് വിഷയം കൈകാര്യം ചെയ്യുന്നത് എന്നത് ശ്രദ്ധേയമാണ്.ഇത്രയും ദിവസമായിട്ടും നിയമസഭയിൽ പോലും പ്രശ്നം ഉയർത്തിക്കൊണ്ടുവരാൻ പ്രതിപക്ഷം തയാറായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.