കോഴിക്കോട്: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽനിന്ന് കുടിയൊഴിപ്പിച്ച കിയോസ്കുകൾ രണ്ടര വർഷത്തിനു ശേഷം വീണ്ടും അതേസ്ഥലത്തുതന്നെ തുറന്നു പ്രവർത്തനം ആരംഭിച്ചു. അലിഫ് ബിൽഡേഴ്സിന് കെട്ടിടം പാട്ടത്തിന് കൈമാറിയതിനു പിന്നാലെ, കരാർ കാലാവധി പൂർത്തിയാവുന്നതിന് മുമ്പ് പൊളിച്ചുനീക്കിയ കിയോസ്കുളാണ് വീണ്ടും തുറന്നത്. പൊളിച്ചു നീക്കിയ മൂന്ന് കിയോസ്കുകളിൽ രണ്ടെണ്ണം ഞായറാഴ്ചയോടെ സജീവമായി. മൂന്നാമത്തെതും ഉടൻ തുറക്കുമെന്ന് നടത്തിപ്പുകാരാനായ നൗഷാദ് വ്യക്തമാക്കി. ഇത് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ എത്തുന്ന യാത്രക്കാർക്ക് ഏറെ ആശ്വാസമാവും.
തൊഴിലാളി സംഘടന നേതാക്കളുടെ നേതൃത്വത്തിലുള്ള സംഘത്തിന് 15 വർഷത്തേക്കാണ് ചായയും ലഘുപാനീയങ്ങളും ചെറുകടികളും കിട്ടുന്ന കിയോസ്കുകൾക്ക് അനുമതിനൽകിയത്. ഒരു മാസത്തേക്ക് നികുതി അടക്കം 5,43000 വാടക ഇനത്തിൽ ഇതിലൂടെ കെ.ടി.ഡി.എഫ്.സിക്കു ലഭിക്കും. 76 ലക്ഷം രൂപ ജാമ്യത്തുകയും കിയോസ്ക് നടത്തിപ്പുകാർ കെ.ടി.ഡി.എഫ്.സിക്ക് കൈമാറിയിട്ടുണ്ട്. ടെർമിനൽ ബലപ്പെടുത്തൽ പ്രവൃത്തി ആരംഭിക്കാനെന്ന പേരിലായിരുന്നു 2022 ഏപ്രിൽ 10ന് മുന്നറിയിപ്പില്ലാതെ കിയോസ്കുകൾ പൊളിപ്പിച്ചുമാറ്റിയത്. കരാർ കാലാവധി ബാക്കിനിൽക്കെ പൊലീസ് സംരക്ഷണത്തിൽ കെ.ടി.ഡി.എഫ്.സി കിയോസ്കുകൾ പൊളിച്ചു നീക്കുകയായിരുന്നു. എന്നാൽ, കിയോസ്ക് മാത്രമേ മാറ്റിയിരുന്നുള്ളു. മാത്രമല്ല അടുത്ത ദിവസം തന്നെ അലിഫ് മുകൾ നിലയിൽ കൂൾബാർ അടക്കമുള്ള കടകൾ തുറന്നതോടെ കരാറുകാർക്ക് വേണ്ടിയാണ് തൊഴിലാളികളുടെ കടകൾ ഒഴിപ്പിച്ചതെന്ന് ആരോപണം ഉയർന്നു.
മദ്രാസ് ഐ.ഐ.ടി സംഘം ചൂണ്ടിക്കാണിച്ചതുപോലെ ഗുരുതരമായ ബലക്ഷയം കെട്ടിടത്തിന് ഇല്ലെന്നും ബലപ്പെടുത്തൽ പാട്ടത്തിനെടുത്തവർ തന്നെ നടത്തണമെന്നുമാണ് ഇപ്പോൾ കെട്ടിടം നിർമിച്ച കെ.ടി.ഡി.എഫ്.സിയുടെയും സർക്കാറിന്റെയും നിലപാട്. സർക്കാറിന്റെയും കെ.ടി.ഡി.എഫ്.സിയുടെയും നിലപാട് മാറ്റം കിയോസ്കിന് വീണ്ടും അനുമതി നൽകുന്നതിൽ പ്രധാന പങ്ക് വഹിച്ചു. 2021ആഗസ്ത് 26നായിരുന്നു ടെർമിനൽ അലിഫ് ബിൽഡേഴ്സിന് കൈമാറിയത്. ടെർമിനലിൽ നിന്ന് പാർക്കിങ്, കടകൾ, ശുചിമുറി ഇനത്തിൽ വൻ തുക മാസംപ്രതി അലിഫ് വാടക ഈടാക്കുന്നുണ്ടെങ്കിലും കെ.എസ്.ആർ.ടി.സിക്കോ കെ.ടി.ഡി.എഫ്.സിക്കോ ഒരു രൂപ പോലും നൽകുന്നില്ല. ഇത് അംഗീകരിക്കാനാവില്ലെന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. കെട്ടിടം ബലപ്പെടുത്തുന്നതിനുള്ള തുക കരാറുകാർ ഏറ്റെടുക്കണമെന്നും അദ്ദേഹം ആശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.