കോഴിക്കോട്: ലേല വ്യവസ്ഥകൾ പാലിക്കാത്തതിെൻറ പേരിൽ കോഴിക്കോട് കെ.എസ്.ആർ.ടി.സി വ്യാപാരസമുച്ചയം ടെൻഡർ എടുത്ത അലിഫ് ബിൽഡേഴ്സിെൻറ കരാർ റദ്ദാക്കി പുതിയ ടെൻഡർ വിളിക്കണമെന്ന ഗതാഗതവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാലിെൻറ ഉത്തരവ് പുറത്ത്. കെ.ടി.ഡി.എഫ്.സി മാനേജിങ് ഡയറക്ടർക്കായിരുന്നു പ്രിൻസിപ്പൽ സെക്രട്ടറി 2020 ജനുവരി 30ന് ഉത്തരവ് നൽകിയത്. സ്ഥിര നിക്ഷേപമായി ടെൻഡറിൽ പറഞ്ഞ 17 കോടി രൂപ യഥാസമയം അടക്കാതെ നീണ്ടപ്പോഴായിരുന്നു നിർദേശം പുറപ്പെടുവിച്ചത്. ഇതു പാലിക്കാതെ അലിഫ് ബിൽഡേഴ്സിനു തന്നെ കരാർ നൽകുകയായിരുന്നു.
30 വർഷത്തേക്ക് ഒരേ കമ്പനിക്ക് കെ.എസ്. ആർ.ടി.സിയുടെ ബൃഹത് പദ്ധതി തുഛമായ വാടക കണക്കാക്കി പാട്ടത്തിനു നൽകുന്നതിനെ ധനവകുപ്പും എതിർത്തിരുന്നു. ഇവയെല്ലാം മറികടന്നാണ് സർക്കാർ പ്രത്യേക താൽപര്യമെടുത്ത് അലിഫ് ബിൽഡേഴ്സിനു നൽകിയത് എന്നാണ് വിമർശനമുയരുന്നത്. ബലക്ഷയവിവാദത്തിനു പിറകെ പാട്ടക്കരാർ അഴിമതിയിലും പെട്ടിരിക്കയാണ് 75കോടി രൂപ മുടക്കി നിർമിച്ച കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ. മദ്രാസ് ഐ.ഐ.ടി റിപ്പോർട്ടിനെത്തുടർന്ന് കെട്ടിടത്തിെൻറ ബലക്ഷയം പരിഹരിക്കാൻ കൃത്യമായ തീരുമാനമെടുക്കാൻ കഴിയാതെ പ്രതിസന്ധിയിലാണ് സർക്കാർ. രണ്ടാഴ്ച കൊണ്ട് ബസ് സ്റ്റാൻഡ് ഒഴിപ്പിച്ച് ഐ.ഐ.ടിയുടെ മേൽനോട്ടത്തിൽ തന്നെ ബലപ്പെടുത്തൽ നടത്താൻ തീരുമാനിച്ച സർക്കാർ തീരുമാനവും കടലാസിലൊതുങ്ങി. ഐ.ഐ.ടി റിപ്പോർട്ടിെൻറ കാര്യത്തിൽ കെ.എസ്.ആർ.ടി.സിയും കെ.ടി.ഡി.എഫ്.സിയും രണ്ടു തട്ടിലാണ്. റിപ്പോർട്ട് മറ്റൊരു വിദഗ്ധസംഘം പരിശോധിക്കണമെന്ന് കെ.എസ്.ആർ.ടി.സിയും അതു വേണ്ടതില്ലെന്ന് കെ.ടി.ഡി.എഫ്.സിയും നിലപാട് സ്വീകരിച്ചിരിക്കയാണ്. ഐ.ഐ.ടി റിപ്പോർട്ടിൽ ദുരൂഹതയുണ്ടെന്ന് ആർക്കിടെക്ടും ആരോപിച്ചിട്ടുണ്ട്. ഐ.ഐ.ടി റിപ്പോർട്ട് സർക്കാറിന് സമർപ്പിച്ചിരിക്കയാണെന്നും ഇതിൽ സർക്കാറാണ് തീരുമാനമെടുക്കേണ്ടതെന്നും കെ.ടി.ഡി.എഫ്.സി പറയുന്നു.
കെട്ടിട ബലക്ഷയത്തിെൻറ പേരിൽ എന്തെങ്കിലും ആപത്ത് സംഭവിച്ചാൽ ഉത്തരവാദിത്തം കെ.എസ്.ആർ.ടി.സിക്കായിരിക്കുമെന്നും കെ.ടി.ഡി.എഫ്.സി 'മുൻകൂർ ജാമ്യ'മെടുത്തിട്ടുണ്ട്. ഐ.ഐ.ടി മേൽനോട്ടത്തിൽ തന്നെ വേണം ബലപ്പെടുത്തൽ പ്രവൃത്തി എന്നാണ് കെ.ടി.ഡി.എഫ്.സിയുടെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.