കോഴിക്കോട്: ബലക്ഷയമുണ്ടെന്ന് മദ്രാസ് ഐ.ഐ.ടി സംഘം കണ്ടെത്തിയ കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് ടെർമിനൽ പാട്ടത്തിനെടുത്ത അലിഫ് ബിൽഡേഴ്സ് തന്നെ ബലപ്പെടുത്തണമെന്ന നിലപാടിലുറച്ച് സർക്കാർ.
തങ്ങളുടെ തീരുമാനത്തിൽനിന്ന് പിന്നോട്ടില്ലെന്നാണ് തിങ്കളാഴ്ച അലിഫ് ബിൽഡേഴ്സുമായുള്ള കൂടിക്കാഴ്ചക്കിടെ ചീഫ് സെക്രട്ടറി അറിയിച്ചത്. കെട്ടിടം ബലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച മുഖ്യമന്ത്രി, ഗതാഗതമന്ത്രി, കെ.ടി.ഡി.എഫ്.സി എം.ഡി, ചീഫ് സെക്രട്ടറി എന്നിവർ പങ്കെടുത്ത യോഗത്തിലെ തീരുമാനം അറിയിക്കുന്നതിനായി അലിഫ് പ്രതിനിധികളെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചാണ് സർക്കാർ അന്തിമ തീരുമാനം അറിയിച്ചത്. എന്നാൽ, ചെലവ് ഏറ്റെടുക്കാൻ കഴിയില്ലെന്ന് അലിഫും വ്യക്തമാക്കി.
ടെർമിനൽ ബലപ്പെടുത്താനുള്ള 32 കോടി സർക്കാറിന് ഏറ്റെടുക്കാൻ കഴിയില്ലെന്നായിരുന്നു കഴിഞ്ഞ നാലിന് നടന്ന മന്ത്രിതല യോഗത്തിലെ തീരുമാനം. കെട്ടിടം ഏറ്റെടുക്കുമ്പോൾ ബലക്ഷയം ഉണ്ടായിരുന്നത് മറച്ചുവെച്ചെന്നും കെട്ടിടം ബലപ്പെടുത്തി നൽകാമെന്നാണ് അന്നത്തെ മന്ത്രി ആന്റണി രാജു അറിയിച്ചിരുന്നതെന്നും അലിഫ് പ്രതിനിധി ചീഫ് സെക്രട്ടറിയെ അറിയിച്ചെങ്കിലും നിലപാടിൽ മാറ്റമില്ലെന്ന് ചീഫ് സെക്രട്ടറി അറിയിക്കുകയായിരുന്നു. കെട്ടിടം അലിഫ് ബലപ്പെടുത്തണമെന്ന് നേരത്തേ കെ.ടി.ഡി.എഫ്.സി ആവശ്യപ്പെട്ടിരുന്നു.
സർക്കാർ നിലപാട് അറിയിച്ചെങ്കിലും കരാറിൽനിന്ന് പിന്മാറാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് അലിഫ് പ്രതിനിധി കലാം പറഞ്ഞു. കരാറിൽനിന്ന് എളുപ്പത്തിൽ പിന്മാറാൻ അലിഫ് തയാറാവില്ലെന്നാണ് വിവരം. എന്നാൽ 17 കോടിക്ക് ലേലത്തിനെടുത്ത കെട്ടിടത്തിൽ ഇനി 32 കോടി ചെലവഴിക്കാനും ഇവർ തയാറല്ല. കെട്ടിടം ബലപ്പെടുത്തി നൽകുന്നില്ലെന്ന് കാണിച്ച് ഹൈകോടതിയെ സമീപിച്ച അലിഫ് നിയമനടപടിയുമായി മുന്നോട്ട് പോവും. ഷെയർ ഹോൾഡർമാരുമായി കൂടിയാലോചിച്ച് ഭാവി പരിപാടികൾ തീരുമാനിക്കുമെന്ന് അലിഫ് അറിയിച്ചു.
തർക്കവും നിയമനടപടിയുമായി നീളുന്നതിനിടെ ഒരു സർക്കാർ കെട്ടിടം പ്രേതാലയം പോലെ നോക്കുകുത്തിയായി നിൽക്കും. നഗരമധ്യത്തിൽ കണ്ണായ സ്ഥലത്ത് സ്ഥിതിചെയ്യുന്ന കെട്ടിടം തുച്ഛമായ വടകക്ക് നൽകിയതടക്കം അലിഫിന് കേരള ട്രാൻസ്പോർട്ട് ഡെവലപ്മെന്റ് ഫിനാൻസ് കോർപറേഷനിൽനിന്ന് (കെ.ടി.ഡി.എഫ്.സി) വഴിവിട്ട് സഹായം ലഭിച്ചിരുന്നതായി ആക്ഷേപം നിലനിൽക്കുന്നുണ്ട്. കെട്ടിടം ഏറ്റെടുക്കുന്നയാൾ കെട്ടിടത്തിന്റെ അവസ്ഥ പരിശോധിച്ച് ഉറപ്പുവരുത്തണമെന്നായിരുന്നു ലേലത്തിൽ കൊടുക്കുമ്പോഴുള്ള ധാരണ. ഇക്കാര്യം പരിശോധിച്ചതായി അലിഫും കെ.ടി.ഡി.എഫ്.സിയും കരാറിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. ഇക്കാര്യങ്ങൾ മറച്ചുവെച്ചാണ് ബലപ്പെടുത്തുന്നതിനുള്ള തുക കണ്ടെത്താൻ കെ.എസ്.ആർ.ടി.സി ഭൂമി കെ.ടി.ഡി.എഫ്.സിക്ക് കൈമാറുന്നതടക്കമുള്ള നടപടികളിലേക്ക് സർക്കാർ നീങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.