കോഴിക്കോട്: മാവൂർ റോഡിലെ കെ.എസ്.ആർ.ടി.സി വ്യാപാര സമുച്ചയത്തിന്റെ ബലക്ഷയം പരിഹരിക്കുന്നതിനുള്ള റീ ടെൻഡർ നടപടികൾ തുടങ്ങി. മേയ് 15ന് ടെൻഡർ തുറക്കും. ആദ്യതവണ ടെൻഡർ ക്ഷണിച്ചപ്പോൾ ഒരു കമ്പനി മാത്രമാണ് പങ്കെടുത്തത്. ഇതുകാരണമാണ് റീ ടെൻഡർ ക്ഷണിച്ചത്.
മദ്രാസ് ഐ.ഐ.ടിയുടെ പാനലിൽപെട്ട കരാർ കമ്പനികൾക്കേ ടെൻഡറിൽ പങ്കെടുക്കാൻ പാടുള്ളൂവെന്ന വ്യവസ്ഥയുണ്ടായിരുന്നു. ഈ പാനലിൽ നാല് കമ്പനികളേ ഉള്ളൂ. കേരളത്തിൽനിന്ന് ഒരു കമ്പനിയും പാനലിൽ ഇല്ല. പുതിയ ടെൻഡർ പ്രകാരം ഐ.ഐ.ടിയുടെ പാനലിന് പുറത്തുള്ള കരാർ കമ്പനികൾക്കും അപേക്ഷിക്കാം.
അതേസമയം ഇത്തരം പ്രവൃത്തികൾ ഏറ്റെടുത്ത് ചെയ്ത പരിചയം വേണം. പരിചയ സർട്ടിഫിക്കറ്റ് ഐ.ഐ.ടി പരിശോധിക്കും. കെട്ടിടം ബലപ്പെടുത്താൻ 29,63,16,774 രൂപയും അതിന്റെ 18 ശതമാനം ജി.എസ്.ടിയുമടക്കം 35 കോടി ചെലവ് വരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. കാർബൺ ഫൈബർ റൈൻഫോഴ്സ്ഡ് പോളിമർ സാങ്കേതികവിദ്യ ഉപയോഗിച്ച് കെട്ടിടത്തിന്റെ ബലക്ഷയം പരിഹരിക്കാനാണ് ഐ.ഐ.ടി നിർദേശം.
കെട്ടിടങ്ങളുടെ ബലക്ഷയമുൾപ്പെടെ പരിഹരിക്കുന്നതിനുള്ള ഏറ്റവും ആധുനിക സാങ്കേതികവിദ്യയാണിത്. 90 ശതമാനം തൂണുകൾക്കും ഗുരുതരമായ ബലക്ഷയം ഉണ്ടെന്നാണ് ഐ.ഐ.ടിയുടെ അന്തിമ റിപ്പോർട്ട്. രണ്ടാമത്തെ ടെൻഡറിലും ഒരു കമ്പനി മാത്രം പങ്കെടുത്താൽ ചട്ടപ്രകാരം അവരെ പ്രവൃത്തി ഏൽപിക്കാം.
2021 സെപ്റ്റംബറിലാണ് കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന ഐ.ഐ.ടി റിപ്പോർട്ട് പുറത്തുവന്നത്. അതോടെ കെട്ടിടം ലീസിന് കൊടുത്ത നടപടി മരവിപ്പിച്ചു.
അലിഫ് ബിൽഡേഴ്സ് എന്ന സ്വകാര്യ കമ്പനിയാണ് 17 കോടി സ്ഥിരനിക്ഷേപവും 43 ലക്ഷം പ്രതിമാസ വാടകയും നിശ്ചയിച്ച് വ്യാപാര സമുച്ചയം പാട്ടത്തിനെടുത്തത്. ഇവർക്ക് കെട്ടിടം പ്രവർത്തന യോഗ്യമാക്കിക്കൊടുത്താലേ വാടക ലഭിക്കൂ. ബലക്ഷയം പരിഹരിക്കൽ വൈകുന്നതിനനുസരിച്ച് കെ.എസ്.ആർ.ടി.സിയുടെ വരുമാന നഷ്ടം കൂടിവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.