കോഴിക്കോട്: കുടുംബശ്രീ പെൺകരുത്തിന്‍റെ 25 വർഷങ്ങൾ പിന്നിടുമ്പോൾ ജില്ലക്ക് പറയാനുള്ളതും വിജയഗാഥകൾതന്നെ. നാലര ലക്ഷത്തിലേറെ അംഗങ്ങൾ, 27850 അയൽക്കൂട്ടങ്ങൾ, 1665 എ.ഡി.എസുകൾ, 82 സി.ഡി.എസുകൾ. മലപ്പുറം ജില്ല കഴിഞ്ഞാൽ അംഗങ്ങളുടെ കാര്യത്തിൽ സംസ്ഥാനത്ത് രണ്ടാം സ്ഥാനത്താണ് കോഴിക്കോട്.

ഏറ്റവും കൂടുതൽ വായ്പ അനുവദിച്ച ജില്ല എന്ന നേട്ടവും കോഴിക്കോടിനാണ്. 1998 മേയ് 17ന് രൂപവത്കരിക്കുമ്പോൾ ദാരിദ്ര്യനിർമാർജനമായിരുന്നു കുടുംബശ്രീയുടെ പ്രധാന ലക്ഷ്യം. കാൽനൂറ്റാണ്ട് പിന്നിടുമ്പോൾ സ്ത്രീ പീഡനം, സ്ത്രീധനം ഇല്ലാതാക്കുക എന്നിവകൂടി കുടുംബശ്രീ ലക്ഷ്യമിടുന്നുവെന്ന് ജില്ല മിഷൻ കോഓഡിനേറ്റർ പി.എം. ഗിരീശൻ പറഞ്ഞു. കോഴിക്കോട് ഭക്ഷണമുണ്ടാക്കുന്നതും വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട മേഖലയിലാണ് കുടുംബശ്രീക്ക് തനതായ മുദ്ര പതിപ്പിക്കാൻ കഴിഞ്ഞത്. സുഭിക്ഷ കേരളം പദ്ധതിയിലൂടെ 108 ജനകീയ ഹോട്ടലുകളാണ് ജില്ലയിൽ തുറന്നത്.

ആയിരത്തോളം പേർക്ക് ഇതിലൂടെ തൊഴിൽ ലഭിച്ചു. 'വിശപ്പുരഹിത കേരളം' പദ്ധതി നടപ്പാക്കുന്നത് കുടുംബശ്രീയാണ്. 2019ൽ തിരുവനന്തപുരത്ത് നടന്ന സരസ്സ് മേളയിൽ ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കിയത് കോഴിക്കോടിന്‍റെ സ്റ്റാളായിരുന്നു. 25 സംസ്ഥാനങ്ങളിൽനിന്നുള്ള ഉൽപന്നങ്ങളാണ് ഇവിടെ എത്തിയത്. കോഴിക്കോടൻ ഭക്ഷണം എവിടെ നൽകിയാലും അത് വിജയിക്കും എന്നതാണ് അനുഭവം.

കഴിഞ്ഞ മാസം ബീച്ചിൽ മന്ത്രിസഭ വാർഷികമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ഫുഡ് ഫെസ്റ്റിൽ ഏറ്റവും മികച്ച സ്റ്റാളായി തിരഞ്ഞെടുക്കപ്പെട്ടത് കുടുംബശ്രീയുടേതാണ്.

ഒരാഴ്ചകൊണ്ട് 19 ലക്ഷം രൂപയുടെ വരുമാനമാണ് കുടുംബശ്രീ സ്റ്റാളുകൾ നേടിയെടുത്തത്. വനിതകളുടെ നേതൃത്വത്തിൽ നടക്കുന്ന കലക്ടറേറ്റിലെ കാന്‍റീൻ വലിയ ലാഭത്തിലാണ് പ്രവർത്തിക്കുന്നത്. വൃത്തിയും രുചിയുമുള്ള ഭക്ഷണം കുറഞ്ഞ വിലക്ക് ലഭിക്കുന്നു എന്നതാണ് പ്രത്യേകത. ലോക് ഡൗൺ കാലത്തുപോലും 10 വനിതകൾ ഒരു മടിയും കൂടാതെ കാന്‍റീൻ തുറന്നുപ്രവർത്തിപ്പിച്ചിരുന്നു. പട്ടികജാതി വനിതകൾക്ക് സബ്സിഡിയോടെ അനുവദിച്ച 10 ലക്ഷം രൂപ തിരിച്ചടക്കുന്ന കാര്യത്തിൽ ഇവർ ജാഗ്രത പുലർത്തിയിരുന്നു.

ഭക്ഷണം മാത്രമല്ല, പെട്ടിക്കട മുതൽ ഹോട്ടൽ, മൊബൈൽ ബ്യൂട്ടിപാർലർ, വർക്ക്ഷോപ്, തുടങ്ങി മീൻ കച്ചവടം വരെയുള്ള സംരംഭങ്ങൾ ഇന്ന് കുടുംബശ്രീയുടേതായുണ്ട്. മായമില്ലാത്ത കുടുംബശ്രീ ഉൽപന്നങ്ങൾ വീടുകൾ തോറും കയറി വിൽപന നടത്തുന്ന ഹോം ഷോപ് കോഴിക്കോടിന്‍റെ സംഭാവനയാണ്. ജില്ലയിൽ 700ഓളം ഹോം ഷോപ് ഉടമസ്ഥരുണ്ട്. ജില്ലയിൽ പദ്ധതി വിജയമായതിനാൽ മറ്റ് ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സർക്കാർ. കേരളത്തിലെ സ്കൂളുകളിൽ പാഠപുസ്തകങ്ങൾ കൃത്യസമയത്ത് ലഭിക്കാൻ തുടങ്ങിയത് കുടുംബശ്രീയെ ഏൽപിച്ചതുമുതലാണ്. കെ.ബി.പി.എസ് അച്ചടിച്ച പുസ്തകങ്ങൾ വടകര ഡിപ്പോയിലാണ് എത്തുന്നത്.

30 വനിതകൾ രാത്രിയും പകലും ജോലിചെയ്താണ് ബൈൻഡിങ് മുതലായ ജോലി പൂർത്തീകരിച്ച് സ്കൂളുകളിൽ എത്തിക്കുന്നത്. സർക്കാർ സബ്സിഡിയോടെ ബാങ്കുകൾ നൽകുന്ന വായ്പ സ്ത്രീകൾ കൃത്യമായി തിരിച്ചടക്കുന്നു എന്നതാണ് കുടുംബശ്രീയുടെ വിശ്വാസ്യത വർധിപ്പിക്കുന്നതെന്നും ഇതിനാൽ കുടുംബശ്രീക്ക് വായ്പകൾ നൽകാൻ ബാങ്കുകൾ ഒരിക്കലും മടിക്കാറില്ലെന്നും പി.എം. ഗിരീശൻ പറഞ്ഞു.

Tags:    
News Summary - Kudumbasree, Vijayasree

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.