കോഴിക്കോട്: യു.ഡി.എഫ് സ്ഥാനാർഥി എം.കെ. രാഘവനെതിരെ പ്രവർത്തിച്ചുവെന്ന ആക്ഷേപമുയർന്ന കെ.പി.സി.സി അംഗം കെ.വി. സുബ്രഹ്മണ്യനെ പാർട്ടി പ്രാഥമികാംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്തു. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനാണ് നടപടി സ്വീകരിച്ചത്.
ചേവായൂർ ബ്ലോക്കിൽനിന്നുള്ള കെ.പി.സി.സി അംഗവും ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാക്കളിലൊരാളുമാണ് കെ.വി. സുബ്രഹ്മണ്യൻ. പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്ത ചേവായൂർ സഹകരണ ബാങ്ക് പ്രസിഡന്റ് കൂടിയായ ജി.സി. പ്രശാന്തിനൊപ്പം പാർലമെന്റ് തെരഞ്ഞെടുപ്പ് വേളയിൽ വാർത്തസമ്മേളനം നടത്തിയത് പാർട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു.
മാത്രമല്ല, പാർട്ടി സ്ഥാനങ്ങളിൽനിന്ന് രാജിവെക്കുന്നതായി പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സ്ഥാനമാനങ്ങൾ രാജിവെച്ചത് കെ.പി.സി.സി അംഗീകരിച്ചാണ് സസ്പെൻഷൻ നടപടിയും സ്വീകരിച്ചതെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ അറിയിച്ചു.
തെരഞ്ഞെടുപ്പ് വേളയിൽ പാർട്ടി സ്ഥാനാർഥിക്കെതിരെ പ്രവർത്തിച്ച കെ.വി. സുബ്രഹ്മണ്യനെതിരെ നടപടി വേണമെന്ന് തെരഞ്ഞെടുപ്പ് അവലോകനത്തിനായി ചേർന്ന ഡി.സി.സി അംഗങ്ങളുടെയും ബ്ലോക്ക് പ്രസിഡന്റുമാരുടെയും യോഗത്തിലും ആവശ്യമുയർന്നിരുന്നു.
കോഴിക്കോട്: സസ്പെൻഷനു പിന്നാലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി കെ.വി. സുബ്രഹ്മണ്യൻ. അച്ചടക്കം അടിമത്തമല്ലെന്ന് നേതാക്കൾ മനസ്സിലാക്കണം. അന്തിമമായി സത്യം വിജയിക്കുമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
ജില്ല കോൺഗ്രസ് നേതൃത്വത്തിലെ സാമ്പത്തിക ലാഭം ഉൾപ്പെടെ കൊയ്യുന്ന മൂന്നംഗ സംഘത്തിന്റെ അന്യായ നടപടി ചോദ്യം ചെയ്ത് സത്യത്തിന്റെ ഭാഗത്ത് നിലയുറപ്പിച്ചപ്പോൾ, തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽനിന്ന് തന്നെ ബോധപൂർവം മാറ്റിനിർത്തുകയായിരുന്നു. നീതി ലഭിക്കാത്തതിനെ തുടർന്നാണ് സിറ്റിയിലെ 53 ഭാരവാഹികളോടൊപ്പം കെ.പി.സി.സി അംഗത്വം രാജിവെച്ചത്.
നീതികേട് നേരിട്ടപ്പോൾ സ്വയം രാജിവെച്ച തന്നെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്ത കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ നടപടിയെ പൊതുപ്രവർത്തകൻ എന്ന നിലയിൽ ബഹുമതിയായാണ് കണക്കാക്കുന്നത്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും യു.ഡി.എഫ് കൺവീനർ എം.എം. ഹസനെയുമടക്കം ആരെക്കുറിച്ചും വായിൽ വരുന്ന എന്തും വിളിച്ചുപറയുന്ന കെ. സുധാകരനിൽനിന്നോ അദ്ദേഹത്തിന്റെ അറ്റാച്ച്ഡ് സെക്രട്ടറിയുടെ സമ്മർദത്തിൽ പ്രവർത്തിക്കുന്ന ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺകുമാറിൽനിന്നോ മറ്റൊന്നും പ്രതീക്ഷിക്കുന്നില്ല.
അന്യായത്തിനെതിരെ പ്രതികരിച്ചവരുടെ താഴ്വേര് അറുക്കണമെന്നു പറയുന്ന നേതാക്കൾക്ക് വേരുപിടിപ്പിക്കാൻ വളവും വെള്ളവും നൽകിയവരെ മറന്നുപോകുന്നത് ‘പാർക്കിൻസൺസ്’ രോഗത്തിന്റെ ലക്ഷണമാണ്.
ദലിത് വിഭാഗത്തിലെ ദരിദ്ര കുടുംബത്തിൽനിന്ന് ദീർഘകാലം കോൺഗ്രസിൽ പ്രവർത്തിച്ച എനിക്ക് രാഷ്ട്രീയം ജീവിതമാർഗമോ ബിസിനസോ അല്ല. അതുകൊണ്ടാണ് ചേവായൂർ ബാങ്കിലെ മുൻ ഡയറക്ടറായ താൻ സത്യത്തിന്റെ ഭാഗത്തുനിന്നത്.
അച്ചടക്ക രാഹിത്യം കാണിച്ച് ബാങ്കിൽനിന്ന് നടപടിക്ക് വിധേയനാവുകയും മുൻ മേയർ പി.ടി. മധുസൂധനക്കുറുപ്പിന്റെ വാർഡിൽ ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ പ്രവർത്തിച്ച് പാർട്ടിയെ പരാജയപ്പെടുത്തുകയും ചെയ്ത മുൻ ബാങ്ക് ജീവനക്കാരനടക്കമുള്ളവർക്കെതിരെ, കെ. മുരളീധരനും കെ. സുധാകരനും എടുത്ത പ്രായോഗിക തീരുമാനം അട്ടിമറിച്ച് മൂവർ സംഘം നടത്തിയ ഗൂഢാലോചനയിലാണ് ബാങ്ക് ചെയർമാൻ ജി.സി. പ്രശാന്ത് കുമാർ സസ്പെൻഷനിലായത്. ഈ അന്യായത്തിന് എതിരുനിൽക്കുന്ന പ്രദേശത്തെ ആത്മാർഥ പ്രവർത്തകരുടെ കൂടെയാണ് ഞാൻ. അതിൽ അഭിമാനമേ ഉള്ളൂ -അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.