കോഴിക്കോട്: പകൽ വെളിച്ചത്തിനും വൈദ്യുതി വെട്ടത്തിനും കീഴിൽ കാൽപന്തുകളിയുടെ ആവേശവും ആരവവുമുയർന്ന ടർഫുകൾ കോവിഡ് രണ്ടാം തരംഗത്തിൽ തീർത്തും നിശ്ചലമായി. യുവാക്കൾക്ക് വ്യായാമത്തിനുള്ള അവസരം നഷ്ടമായതിനപ്പുറം, ടർഫ് ഉടമകൾക്ക് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്.
ടർഫ് ഓണേഴ്സ് അസോസിയേഷൻ കേരളയുടെ (ടോക്ക്) കീഴിൽ ജില്ലയിൽ 86 ടർഫുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിന് പുറമെ നിരവധി ടർഫുകളുണ്ടെന്നും കോവിഡിൽ പറഞ്ഞറിയിക്കാനാവാത്ത ദുരിതത്തിലാണെന്നും ടോക്ക് ജില്ല പ്രസിഡൻറ് എ.കെ. മുഹമ്മദലി പറഞ്ഞു.
നാലു വർഷം മുമ്പാണ് സംസ്ഥാനത്ത് ടർഫ് എന്ന കൃത്രിമ കളിക്കളങ്ങൾക്ക് തുടക്കമായത്. തുടക്കത്തിൽ മണിക്കൂറിന് 3000 രൂപ വരെ കളിക്കാരിൽനിന്ന് ഈടാക്കിയിരുന്നു. മണിക്കൂറിൽ 300 രൂപ ഓരോ കളിക്കാരനും നൽകണം. വമ്പൻ ലാഭം തിരിച്ചറിഞ്ഞ പലരും നഗരത്തിലും ഗ്രാമത്തിലുമെല്ലാം പിന്നീട് ടർഫുകൾ തുടങ്ങി. യുവാക്കളുടെ കൂട്ടായ്മയും തിരിച്ചെത്തിയ പ്രവാസികളും ഈ രംഗത്തേക്ക് കടന്നു. മത്സരം കടുത്തതോടെ കളിക്കാനുള്ള നിരക്ക് പകുതിയായി കുറഞ്ഞിരുന്നു. അവധിക്കാലത്ത് പുലർച്ച വരെ ടൂർണമെൻറുകൾ നടത്തി ടർഫുകൾ സജീവമായിരുന്നു.
ഒന്നാം ലോക്ഡൗണിൽ 2020 മാർച്ച് 20ഓടെ പൂട്ടിയ ടർഫുകൾ മേയ് 26ന് തുറന്നെങ്കിലും മുമ്പുള്ളതുപോലെ ആളെത്തിയില്ലെന്ന് എ.കെ. മുഹമ്മദലി പറഞ്ഞു. മാസ്ക്കിട്ട് കളിക്കണമെന്ന നിബന്ധനയും യുവാക്കളെ പിന്തിരിപ്പിച്ചു. പിന്നീട് കർശന നിബന്ധനകൾ അവസാനിച്ച് പതിവ് ആവേശത്തിലേക്ക് പോകാനിരിക്കേയാണ് കോവിഡ് രണ്ടാം തരംഗം വന്നത്. നഷ്ടം കാരണം അെഞ്ചണ്ണം ജില്ലയിൽ പൂട്ടി.
40 ലക്ഷം മുതൽ ഒരു കോടി രൂപ വരെയാണ് നിർമാണ ചെലവ്. വമ്പൻ ലൈറ്റുകളടക്കമുള്ള സംവിധാനമുള്ളതിനാൽ വൈദ്യുതി നിരക്കും കുടും. 20,000 രൂപ വരെ പ്രതിമാസ ബില്ല് വരാറുണ്ട്. വാടകക്കെടുത്ത സ്ഥലത്താണ് ടർഫുകൾ സ്ഥാപിച്ചത്. അടഞ്ഞുകിടന്നാലും വാടക അടക്കേണ്ട ഗതികേടിലുമാണ്.
വിലകൂടിയ ടർഫുകൾ നശിച്ചുപോകുന്നുമുണ്ട്. സംരക്ഷിത വല കടിച്ചുകീറി ടർഫിൽ നായും കുറുക്കനും നാശംവരുത്തുന്നതായി ഉടമകൾ പറഞ്ഞു.
വായ്പ അടവുകൾ മുടങ്ങുന്നതായും ഉടമകൾ പറയുന്നു. അതേസമയം, ടർഫുകൾക്ക് ലൈസൻസ് ഉൾപ്പെടെയുള്ള വ്യവസ്ഥാപിത മാർഗങ്ങൾ ഏർപ്പെടുത്തിയിട്ടില്ല. തദ്ദേശ സ്ഥാപനങ്ങൾക്ക് നികുതി വരുമാനം ലഭിക്കുമെങ്കിലും അധികൃതർ ഇടപെടാറില്ല. കോഴിക്കോട് കോർപറേഷനിൽ 5000 രൂപ വീതം ലൈസൻസ് ഫീ ഏർപ്പെടുത്താൻ തീരുമാനിച്ചെങ്കിലും നടപ്പായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.