കോഴിക്കോട്: എല്ലാ നിയോജക മണ്ഡലങ്ങളിലും ആദ്യഘട്ട തെരഞ്ഞെടുപ്പ് പര്യടനം പൂർത്തിയാക്കുകയും മണ്ഡലം കൺവെൻഷനുകൾ അവസാനിക്കുകയും ചെയ്തതോടെ ആരോപണ പ്രത്യാരോപണങ്ങൾ ആയുധമാക്കിയും വികസനം ചർച്ചയാക്കിയും മുന്നണികൾ. ആദ്യഘട്ടത്തിൽ സ്ഥാനാർഥികളെ വോട്ടർമാർക്ക് പരിചയപ്പെടുത്താൻ മണ്ഡലത്തിൽ ഓട്ടപ്രദക്ഷിണം നടത്തുകയാണ് മുന്നണികൾ ചെയ്തത്. കടുത്ത ചൂടിൽ ഉച്ചസമയത്തൊന്നും ആളുകൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥവരുകയും നോമ്പ് തുടങ്ങുകയും ചെയ്തതോടെ പകൽ ഇടവിട്ടാണ് നിലവിൽ പ്രചാരണം. അതേസമയം മുന്നണികൾ സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള പ്രചാരണം ശക്തമാക്കി. നേരത്തേ ചുമതലപ്പെടുത്തിയ പി.ആർ ഏജൻസികളാണ് സ്ഥാനാർഥികളുടെ ചെറു പ്രസംഗം, വിവിധ വിഷയങ്ങളിലെ ഇടപെടൽ, വോട്ടഭ്യർഥന, ആരോപണ-പ്രത്യാരോപണങ്ങൾ എന്നിവ വിഡിയോകളാക്കി പ്രവർത്തകർക്ക് നൽകുന്നത്. പ്രവർത്തകർ ഇത് നിമിഷ നേരംകൊണ്ട് അവരവരുടെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ്ആപ് ഗ്രൂപ് എന്നിവിടങ്ങളിൽ പോസ്റ്റ് ചെയ്ത് സ്ഥാനാർഥികൾക്ക് മൈലേജ് ഉണ്ടാക്കുകയാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരെ രണ്ടു മണ്ഡലങ്ങളിലെയും എൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാർഥികൾ ഒരേസ്വരത്തിൽ പ്രതിഷേധിക്കുകയും വിവിധയിടങ്ങളിൽ നൈറ്റ് മാർച്ചുകൾ സംഘടിപ്പിക്കുകയുമുണ്ടായി.
കോഴിക്കോട്: സിറ്റിങ് എം.പി എം.കെ. രാഘവൻ യു.ഡി.എഫിന്റെയും രാജ്യസഭ എം.പി എളമരം കരീം എൽ.ഡി.എഫിന്റെയും സ്ഥാനാർഥിയായ കോഴിക്കോട് ലോക്സഭ മണ്ഡലത്തിൽ വികസനമാണ് പ്രധാന ചർച്ച. ഒന്നര പതിറ്റാണ്ട് കോഴിക്കോടിനെ പ്രതിനിധാനംചെയ്ത രാഘവൻ മണ്ഡലത്തിൽ വലിയ പദ്ധതികൾ എത്തിച്ചില്ലെന്നാണ് എൽ.ഡി.എഫ് ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല കഴിഞ്ഞ തവണ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന തരത്തിൽ ചർച്ച ഉയർന്നതോടെ ബി.ജെ.പി വിരുദ്ധ വോട്ടുകൾ മുഴുവൻ യു.ഡി.എഫിന് ലഭിച്ചെന്നും എന്നാൽ ആ വോട്ടർമാരുടെ പ്രതീക്ഷക്കൊത്ത് ബി.ജെ.പിക്കെതിരായ നിലപാട് സ്വീകരിക്കാൻ രാഘവൻ പാർലമെന്റിലോ പുറത്തോ ശ്രമിച്ചില്ലെന്നും എൽ.ഡി.എഫ് പ്രധാനമായും ആരോപിക്കുന്നു. കുടിശ്ശിക ലഭിക്കാത്തതോടെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കുള്ള മരുന്ന് വിതരണം നിലച്ചതോടെ രാഘവൻ നടത്തിയ സമരം തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള സ്റ്റണ്ടാണെന്നും എൽ.ഡി.എഫ് പറയുന്നു. കോഴിക്കോട് വഴി കൂടുതൽ ട്രെയിൻ, ദേശീയപാത വികസനം, മെഡിക്കൽ കോളജ് വികസനം, ബേപ്പൂർ തുറമുഖത്തെ സാഗർമാല പദ്ധതിയിൽ ഉൾപ്പെടുത്തൽ, എയിംസ് അടക്കമുള്ളവയിൽ എം.പിയെന്ന നിലയിൽ വേണ്ടത്ര ഇടപെടൽ നടത്തിയില്ല. കോഴിക്കോടിന്റെ വികസനത്തിന് എം.എൽ.എമാരെ വിളിച്ചുകൂട്ടി യോഗം പോലും ചേർന്നില്ലെന്നും എൽ.ഡി.എഫ് കുറ്റപ്പെടുത്തുന്നു.
അതേസമയം എം.പിയെന്ന നിലയിൽ 15 വർഷത്തിനിടെ എം.കെ. രാഘവന്റെ വികസനത്തിന്റെ കൈയൊപ്പ് രേഖപ്പെടുത്താത്ത ഒരുപ്രദേശം പോലും മണ്ഡലത്തിലില്ലെന്നാണ് യു.ഡി.എഫ് പറയുന്നത്. മെഡിക്കൽ കോളജ് ആശുപത്രിക്ക് കേന്ദ്ര ഫണ്ടുകൾ ലഭ്യമാക്കുന്നതിൽ സജീവമായി ഇടപെട്ടു. മരുന്ന് ക്ഷാമത്തിനെതിരെ സർക്കാറിന്റെ കണ്ണ് തുറപ്പിക്കാൻ ഉപവാസ സമരം നടത്തിയ എം.കെ. രാഘവനെ അവഹേളിച്ച തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ മരുന്ന് ക്ഷാമത്തിൽ ഇത്രയുംകാലം എന്തെടുക്കുകയായിരുന്നു എന്നാണ് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാറിന്റെ ചോദ്യം. എൽ.ഡി.എഫിന് വിഷയത്തിൽ ആദ്യമേ ഇടപെടുകയും പെട്ടെന്ന് സർക്കാറിനെ കൊണ്ട് പണം അനുവദിപ്പിച്ച് പ്രശ്നം പരിഹരിക്കുകയും ചെയ്യാമായിരുന്നു. എന്നാൽ അതുണ്ടായില്ല. രാഘവൻ ഉപവാസം പ്രഖ്യാപിച്ചതോടെയാണ് വിഷയം സർക്കാർ തലത്തിൽ ചർച്ചയായത്. സമരം നടത്തിയതോടെ പാവങ്ങളായ രോഗികൾക്ക് മരുന്ന് ലഭിക്കുന്ന സാഹചര്യമുണ്ടായി- അദ്ദേഹം പറഞ്ഞു. കോഴിക്കോട് റെയിൽവേ സ്റ്റേഷന്റെ മുഖഛായ മാറ്റിയതടക്കം വികസനങ്ങൾക്ക് ജനങ്ങളുടെ അംഗീകാരമാണ് രാഘവന്റെ വോട്ടുഷെയർ ഓരോ തെരഞ്ഞെടുപ്പിലും കൂടിയതെന്നും യു.ഡി.എഫ് പറയുന്നു. രാജ്യസഭ എം.പിയെന്ന നിലയിൽ കോഴിക്കോടിന്റെ വികസനത്തിൽ എളമരം കരീം ഒരുപങ്കും വഹിച്ചില്ലെന്നും അവർ കുറ്റപ്പെടുത്തുന്നു. രാജ്യസുരക്ഷക്കും നാടിന്റെ വികസനത്തിനും എന്.ഡി.എ വീണ്ടും അധികാരത്തിൽ വരണമെന്നും അപ്പോൾ കേന്ദ്രത്തിന്റെ പ്രത്യേക പരിഗണന സംസ്ഥാനത്തിന് ലഭിക്കുമെന്നുമാണ് എം.ടി. രമേശിനായുള്ള പ്രചാരണത്തിൽ പ്രധാനമായും പറയുന്നത്.
കോഴിക്കോട്: മട്ടന്നൂർ എം.എൽ.എ കെ.കെ. ശൈലജ എൽ.ഡി.എഫിന്റെയും പാലക്കാട് എം.എൽ.എ ഷാഫി പറമ്പിൽ യു.ഡി.എഫിന്റെയും സ്ഥാനാർഥിയായ വടകര ലോക്സഭ മണ്ഡലത്തിൽ പ്രചാരണം വാശിയേറിയതാണ്. ഇരുവരുടെയും പ്രചാരണത്തിൽ അടിമുടി അതു കാണാം. മട്ടന്നൂരിൽ ഉപതെരഞ്ഞെടുപ്പ് എന്ന് എൽ.ഡി.എഫ് പറയുമ്പോൾ പാലക്കാടാണ് ഉപതെരഞ്ഞെടുപ്പ് എന്നതാണ് യു.ഡി.എഫിന്റെ പക്ഷം. വൻജനക്കൂട്ടത്തിൽ മാസ് എൻട്രിയായി കടന്നുവന്ന ഷാഫിക്ക് പേരാമ്പ്രയിൽ കൂറ്റൻ റാലി നടത്തിയാണ് ശൈലജ മറുപടി നൽകിയത്. നിപ, കോവിഡ് കാലത്തെ ആരോഗ്യമന്ത്രിയെന്ന നിലയിൽ കെ.കെ. ശൈലജക്കുണ്ടായ പ്രതിഛായ മുൻനിർത്തിയാണ് എൽ.ഡി.എഫ് പ്രചാരണം. ശൈലജക്ക് ലഭിച്ച ആഗോളതലത്തിലെ അംഗീകാരങ്ങളടക്കം മുന്നണി ചൂണ്ടിക്കാട്ടുന്നു; ഒപ്പം റെയിൽവേ സ്റ്റേഷനിലെ അടക്കം മണ്ഡലത്തിലെ വികസന മുരടിപ്പും. അതിനിടെ കള്ളിയെന്ന് വിളിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്നുവെന്നും വൃത്തികെട്ട ഭാഷ ഉപയോഗിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി നിയമനടപടി സ്വീകരിക്കുമെന്നറിയിച്ച് ശൈലജ രംഗത്തുവന്നിട്ടുണ്ട്.
യുവത്വത്തിന്റെ പ്രതീകം, ഉശിരാർന്ന പോരാളി എന്നിവ ചൂണ്ടിക്കാട്ടിയാണ് ഷാഫിക്കായുള്ള പ്രചാരണം യു.ഡി.എഫ് കൊഴുപ്പിക്കുന്നത്. നിയമസഭയിലെ ഷാഫിയുടെ പ്രസംഗം, യൂത്ത് കോൺഗ്രസ് പ്രസിഡന്റായിരുന്ന വേളയിലെ സമരമുന്നേറ്റം എന്നിവയെല്ലാം ചെറു വിഡിയോകളാക്കി സമൂഹ മാധ്യമങ്ങളിലും പ്രചാരണം ശക്തമാണ്. യുവസ്ഥാനാർഥി എന്നതിനാൽ പുതുതലമുറയെ ലക്ഷ്യമിട്ട് മണ്ഡലത്തിലെ കാമ്പസുകൾ കേന്ദ്രീകരിച്ചും പ്രചാരണം ഊർജിതമാക്കിയിട്ടുണ്ട്. ബി.ജെ.പിയുമായി വോട്ട് ധാരണയുണ്ടാക്കിയെന്ന മട്ടിൽ ഇരുപക്ഷവും എതിരാളികൾക്കെതിരെ ആരോപണം ആദ്യമേ ഉന്നയിച്ചു. ഷാഫി ലോക്സഭയിലെത്താതിരിക്കാൻ എൽ.ഡി.എഫും ബി.ജെ.പിയും ധാരണയുണ്ടാക്കിയെന്ന യു.ഡി.എഫ് ആരോപണത്തെ, ശൈലജയെ തോൽപിക്കാൻ ബി.ജെ.പി യു.ഡി.എഫ് കൂട്ടുകെട്ടെന്നും പ്രത്യുപകാരമായി പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പിൽ സഹായിക്കാമെന്നാണ് ബി.ജെ.പിക്കുള്ള വാഗ്ദാനമെന്നുമാണ് എൽ.ഡി.എഫ് ആരോപണം. കേന്ദ്ര സർക്കാറിന്റെ വികസന നേട്ടങ്ങൾ പറഞ്ഞാണ് സി.ആർ. പ്രഫുൽ കൃഷ്ണനായുള്ള എൻ.ഡി.എയുടെ പ്രചാരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.