കോഴിക്കോട്: കോഴിക്കോട്, വടകര ലോക്സഭ മണ്ഡലങ്ങളിലെ അന്തിമ സ്ഥാനാർഥി പട്ടികയായി. കോഴിക്കോട് 13ഉം വടകരയിൽ 10ഉം സ്ഥാനാർഥികളാണുള്ളത്. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം തിങ്കളാഴ്ചയായിരുന്നു.
അവസാനനാളിൽ ജില്ലയിൽ ഒരാൾ മാത്രമാണ് പത്രിക പിൻവലിച്ചത്. വടകര ലോക്സഭ മണ്ഡലത്തിൽ യു.ഡി.എഫ് വിമതനായി പത്രിക നൽകിയ നരിപ്പറ്റ മണ്ഡലം കോൺഗ്രസ് മുൻ സെക്രട്ടറി അബ്ദുൽ റഹീമാണ് പിന്മാറിയത്. ഇതോടെ ജില്ലയിൽ ആകെ 23 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. വടകര മണ്ഡലത്തിലേക്ക് ബി.എസ്.പി സ്ഥാനാർഥിയായി പത്രിക നൽകിയ ഇ. പവിത്രന്റെ പത്രിക സൂക്ഷ്മപരിശോധനയിൽ തള്ളിയിരുന്നു.
എൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാർഥികൾക്ക് രണ്ടിടത്തും അപരന്മാരുണ്ട്. കോഴിക്കോട്ടെ യു.ഡി.എഫ് സ്ഥാനാർഥി എം.കെ. രാഘവന് എൻ. രാഘവൻ, ടി. രാഘവൻ, പി. രാഘവൻ എന്നിങ്ങനെ മൂന്നുപേരും എൽ.ഡി.എഫ് സ്ഥാനാർഥി എളമരം കരീമിന് കെ. അബ്ദുൽ കരീം, അബ്ദുൽ കരീം, അബ്ദുൽ കരീം എന്നിങ്ങനെ മൂന്നുപേരുമാണ് അപരന്മാർ. വടകരയിലെ യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന് ഷാഫി, ടി.പി. ഷാഫി എന്നിങ്ങനെ രണ്ടുപേരും എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ. ശൈലജക്ക് കെ. ശൈലജ, കെ.കെ. ശൈലജ, പി. ശൈലജ എന്നിങ്ങനെ മൂന്നുപേരുമാണ് അപരന്മാർ.
കോഴിക്കോട് മണ്ഡലത്തിൽ 6,91,096 പുരുഷന്മാരും 7,38,509 വനിതകളും 26 ട്രാൻസ്ജൻഡേഴ്സും ഉൾപ്പെടെ 14,29,631 വോട്ടർമാരാണുള്ളത്. വടകര മണ്ഡലത്തിൽ 6,81,615 പുരുഷന്മാരും 7,40,246 വനിതകളും 22 ട്രാൻസ്ജൻഡേഴ്സും ഉൾപ്പെടെ 14,21,883 വോട്ടർമാരാണുള്ളത്
കോഴിക്കോട്
വടകര
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.