കോഴിക്കോട്: തെരഞ്ഞെടുപ്പ് പര്യടനത്തിൽ സ്ഥാനാർഥികൾക്ക് ആവേശം പകർന്ന് കുട്ടിക്കൂട്ടങ്ങളും. സ്വീകരണ കേന്ദ്രങ്ങളിലാണ് രക്ഷിതാക്കൾക്കൊപ്പം കുട്ടികളും വലിയതോതിൽ എത്തുന്നത്. കൊന്നപ്പൂ അടക്കമുള്ളവ നൽകി പലയിടത്തും സ്ഥാനാർഥികളെ സ്വീകരിക്കുന്നതും കുട്ടികളാണ്. മുതിർന്നവരോട് വോട്ടഭ്യർഥിക്കുന്ന സ്ഥാനാർഥികൾ കുട്ടികളോട് പിന്തുണ തേടുകയും ഒപ്പം നിന്ന് സെൽഫിയെടുക്കുകയും ചെയ്യുന്നുണ്ട്. സ്കൂൾ പൂട്ടുന്നതോടെ കൂടുതൽ കുട്ടികൾ കുടുംബയോഗങ്ങളിലും സ്വീകരണ കേന്ദ്രങ്ങളിലുമെത്തുമെന്നുറപ്പാണ്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടികളെ ഉപയോഗിക്കുന്നത് തെരഞ്ഞെടുപ്പ് കമീഷൻ വിലക്കിയതിനാൽ വോട്ടഭ്യർഥനക്കും മറ്റുമായി സ്ഥാനാർഥികളോ രാഷ്ട്രീയപാർട്ടികളോ കുട്ടികളെ ഉപയോഗിക്കുന്നില്ല. മുമ്പില്ലാത്തവിധം സ്ഥാനാർഥികൾ കലാലയങ്ങൾ കേന്ദ്രീകരിച്ചും പ്രചാരണം ശക്തമാക്കിയിട്ടുണ്ട്.
യു.ഡി.എഫ് കോഴിക്കോട് ലോക്സഭ മണ്ഡലം സ്ഥാനാര്‍ഥി എം.കെ. രാഘവൻ ചേളന്നൂര്‍ എസ്.എന്‍ കോളജ്, ചേളന്നൂര്‍ ഖാദി, പ്രൈമറി ഹെല്‍ത്ത് സെന്റര്‍ തുടങ്ങിയ ഇടങ്ങളിലെത്തി വോട്ടഭ്യർഥിച്ചു. ഉച്ചക്കുശേഷം മാനാഞ്ചിറ ഗവ. ടീച്ചേഴ്സ് എജുക്കേഷന്‍ കോളജും മാതൃഭൂമി ഓഫിസും സന്ദര്‍ശിച്ചു. വൈകീട്ട് കോഴിക്കോട് രൂപത ബിഷപ് വര്‍ഗീസ് ചക്കാലക്കലിനെ സന്ദര്‍ശിച്ചു.
എൽ.ഡി.എഫ് കോഴിക്കോട് ലോക്സഭ മണ്ഡലം സ്ഥാനാർഥി എളമരം കരീം നാലുവയൽ കോളനി, വി.കെ. റോഡ്, അന്നശ്ശേരി പാലം, ചീക്കിലോട്, കുണ്ടൂർ, പുന്നശ്ശേരി, പാവണ്ടൂർ, ചേളന്നൂർ ഒമ്പതേഅഞ്ച്, മമ്മിളിത്താഴം, ഗേറ്റ് ബസാർ, പുല്ലാളൂർ, ചെറുവറ്റക്കടവ്, കിഴക്കുമ്മുറി, എരക്കുളം, ചെറുകുളം, കണ്ടംകുളങ്ങര, ചെട്ടികുളം ബസാർ, എലത്തൂർ ബസാർ എന്നിവിടങ്ങളിൽ പര്യടനം നടത്തി.
നഗരത്തിലെ കുടിവെള്ള പ്രശ്നം ഉടൻ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോർപറേഷന് മുന്നിൽ എൻ.ഡി.എ സ്ഥാനാർഥി എം.ടി. രമേശിന്റെ നേതൃത്വത്തിൽ ജനകീയ സത്യഗ്രഹം നടത്തി.
ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം ചേറ്റൂർ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അഡ്വ. വി.കെ. സജീവൻ അധ്യക്ഷതവഹിച്ചു. കെ. നാരായണൻ, ഹരിദാസ് പൊക്കിണാരി, അഡ്വ. കെ.വി. സുധീർ, പി. രമണീഭായ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.