കിനാലൂരിൽ ആശുപത്രി മാലിന്യവുമായെത്തിയ ലോറി നാട്ടുകാർ തടഞ്ഞു തിരിച്ചയച്ചു

ബാലുശ്ശേരി: കിനാലൂർ വ്യവസായ വികസന കേന്ദ്രത്തിൽ ആശുപത്രി മാലിന്യവുമായെത്തിയ ലോറി നാട്ടുകാർ തടഞ്ഞു. വ്യവസായ വികസന കേന്ദ്രത്തിലെ പ്ലാസ്റ്റിക് റീസൈക്ലിങ് യൂനിറ്റിലേക്ക് രാവിലെ 11 മണിയോടെ മാലിന്യക്കെട്ടുകളുമായെത്തിയ ലോറിയാണ് നാട്ടുകാർ തടഞ്ഞു തിരിച്ചയച്ചത്. പ്ലാസ്റ്റിക് മാലിന്യത്തോടൊപ്പം ആശുപത്രിയിൽനിന്ന് ഒഴിവാക്കുന്ന ഓക്സിജൻ മാസ്ക്, ഐ.വി സെറ്റ് എന്നിവയടങ്ങിയ മാലിന്യച്ചാക്കുകളാണ് ലോറിയിലുള്ളതെന്ന് അറിഞ്ഞതോടെയാണ് നാട്ടുകാർ ലോറി തടഞ്ഞത്. സംഭവമറിഞ്ഞ് ബാലുശ്ശേരി എസ്.ഐ റഫീഖിന്റെ നേതൃത്വത്തിൽ പൊലീസും പനങ്ങാട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷാജി കെ. പണിക്കർ, റംല വെട്ടത്ത്, ഹരീഷ് ത്രിവേണി, റിജു പ്രസാദ് എന്നിവരും ഹെൽത്ത് ഇൻസ്പെക്ടർ തോമസ് മാത്യുവും സ്ഥലത്തെത്തി. കൊണ്ടുവന്ന മാലിന്യം ലോറിയിൽ തന്നെ തിരിച്ചയക്കുകയും ആറു ദിവസത്തിനുള്ളിൽ പ്ലാസ്റ്റിക് റീസൈക്ലിങ് യൂനിറ്റിലെ വൃത്തിഹീനമായ പരിസരം ശുചീകരിക്കാനും ഇത്തരം മാലിന്യങ്ങൾ സൂക്ഷിക്കാനായി പ്രത്യേക യാർഡ് നിർമിക്കാനും പ്ലാന്റ് ഉടമസ്ഥർക്ക് നിർദേശം നൽകി. മുമ്പും പ്ലാന്റിലേക്ക് ഇത്തരം മാലിന്യങ്ങൾ രാത്രികാലങ്ങളിൽ എത്തിച്ചിട്ടുണ്ട്.

ഇവ അശ്രദ്ധയോടെയും വൃത്തിഹീനമായുമാണ് പ്ലാന്റിലെ കോമ്പൗണ്ടിനുള്ളിൽ ഇറക്കിവെച്ചിട്ടുള്ളത്. മഴ തുടങ്ങിയതോടെ മാലിന്യം കലർന്ന വെള്ളം പുറത്തേക്ക് ഒഴുകി താഴെയുള്ള പൊതുജല സ്രോതസ്സുകളിൽ കലർന്നു പരിസരം മലിനമാകുന്നതായി നാട്ടുകാർ ആരോപിച്ചു. പട്ടാമ്പിയിൽനിന്നാണ് മാലിന്യക്കെട്ടുകളുമായി ലോറി എത്തിയത്.

Tags:    
News Summary - lorry carrying hospital waste in Kinalur locals sent back

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.