കോഴിക്കോട്: മഹിളാമാളിെൻറ അവസാന ബോർഡുകളും കെട്ടിട ഉടമ എടുത്തു മാറ്റിയതോടെ ഏറെ കൊട്ടിഘോഷിച്ച് മുഖ്യമന്ത്രി കോഴിക്കോട് നഗരത്തിൽ ഉദ്ഘാടനം ചെയ്ത സംരംഭം ഇനി ഓർമ മാത്രം. പുതിയ വാടകക്കാരെ തേടിയുള്ള ബോർഡ് കെട്ടിടത്തിൽ സ്ഥപിച്ചു. സംരംഭകരുടെ ഷോപ്പുകളിൽ നിന്ന് കഴിഞ്ഞ ദിവസം സാധനങ്ങൾ എടുത്തുമാറ്റിയിരുന്നു. ഇതോടെ വൻ പ്രതീക്ഷയിൽ മാളിനകത്ത് സ്ഥാപനങ്ങൾ തുടങ്ങിയ വനിത സംരംഭകർ വഴിയാധാരമായി. കെട്ടിടത്തിന് മുന്നിൽ സ്ഥാപിച്ച ബോർഡുകളും എംബ്ലവും മറ്റുമാണ് വ്യാഴാഴ്ച നീക്കിയത്. അധികൃതരുമായി ഒത്തുതീർപ്പിലെത്താതിരുന്ന ഒമ്പതു സംരംഭകരുടെ സാധനങ്ങളാണ് കഴിഞ്ഞ ദിവസം മാറ്റിയത്. ഇതിനെതിരെ സംരംഭകർ ചേർന്ന് നടക്കാവ് പൊലീസിൽ പരാതി നൽകി. മുഖ്യമന്ത്രി, കലക്ടർ, സിറ്റി പൊലീസ് കമീഷണർ എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്.
സംരംഭകരായ ചാലപ്പുറം പി.ടി.എ ലൈനിൽ ഷമീമ ഖുദ്സി, കൊടുവള്ളി പുളിപ്പറക്കൽ വി.പി.ഷബ്ല, കാരപ്പറമ്പ് ചാലിക്കര റോഡ് കാണക്കോവിൽ ഷാദിയ എന്നിവരാണ് പരാതി നൽകിയത്. ഇവരുടെ സാധനങ്ങളാണ് ഏറ്റവുമധികം നഷ്ടപ്പെട്ടത്. മഹിളാമാൾ നടത്തിയ കുടുംബശ്രീയുടെ യൂനിറ്റി ഗ്രൂപ് പ്രസിഡൻറ് കെ. ബീനയടക്കം 10 േപരെയും കെട്ടിടമുടമ ചേവായൂർ തയ്യിൽ പുരയിൽ മൊയ്തീൻ കോയയെയും എതിർ കക്ഷികളാക്കിയാണ് പരാതി. പ്രതികൾക്കെതിരെ ശിക്ഷനടപടിക്കൊപ്പം തങ്ങൾക്ക് നഷ്ടവും ലഭിക്കണമെന്നാണ് ആവശ്യം. തങ്ങൾ സ്ഥാപനം നടത്തുന്നത് തടയരുതെന്ന് കാണിച്ചുള്ള മുൻസിഫ് കോടതി ഉത്തരവുള്ളപ്പോഴാണ് സാധനങ്ങൾ കാണാതായതെന്നും പരാതിയിലുണ്ട്. ചൊവ്വാഴ്ച വൈകീട്ട് ആറോടെയാണ് മാളിൽ നിന്ന് സാധനങ്ങൾ മുഴുവനും മാറ്റിയത് ശ്രദ്ധയിൽപെട്ടത്.
78 ഷോപ്പുകളിൽ 30 എണ്ണമാണ് മാളിൽ ബാക്കിയുണ്ടായിരുന്നത്. അതിൽ 10 എണ്ണം നടത്തിപ്പുകാരായ യൂനിറ്റി ഗ്രൂപ്പുകാരുടെ കൈവശമായിരുന്നു. ഒത്തുതീർപ്പിലും മറ്റും ഒഴിവായവർ കഴിച്ചുള്ള ഒമ്പതുപേരാണ് ഇപ്പോൾ ദുരിതമനുഭവിക്കുന്നത്. കോവിഡ് കാരണം 2020 മാർച്ചിൽ അടച്ച മാൾ 2020 െസപ്റ്റംബറിൽ തുറന്നെങ്കിലും വൈദ്യുതി വിേഛദിച്ചതോടെ ദിവസങ്ങൾക്കകം അടച്ചു പൂട്ടുകയായിരുന്നു. വലിയ പ്രതീക്ഷയിൽ ഒരുക്കൂട്ടിയ ലക്ഷങ്ങളാണ് കഴിഞ്ഞ ദിവസം സാധനങ്ങൾ എടുത്തു മാറ്റിയതോടെ നഷ്ടപ്പെട്ടതെന്ന് സംരംഭകർ പറഞ്ഞു. പരാതി നൽകിയ ഷമീമ ഖുദ്സി നടത്തിയ ബോട്ടിക്കിലെ 14 ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ കാണാതായി. വി.പി. ഷബ്ലയുടെ കണ്ണട ഷോപ്പിൽ നിന്ന് 10 ലക്ഷത്തിെൻറയും ഷാദിയയുടെ ചെരിപ്പ് കടയിലെ നാല് ലക്ഷം രൂപയുടെയും സാധനങ്ങൾ കാണാതായെന്ന് പരാതിക്കാർ അറിയിച്ചു. ഇതു കൂടാതെ മറ്റ് അഞ്ചുപേരുടെ സാധനങ്ങളും നഷ്ടപ്പെട്ടു.
പുതിയ വാടകക്കാരെ കണ്ടെത്തും –കെട്ടിടമുടമ
മഹിളാമാൾ പ്രവർത്തിച്ച വയനാട് റോഡിലെ ഐവറി ടവറിൽ പുതിയ വാടകക്കാരെ കണ്ടെത്തുമെന്ന് കെട്ടിടമുടമ ചേവായൂർ തയ്യിൽ പുരയിൽ മൊയ്തീൻ കോയ അറിയിച്ചു. 34,600 ചതുരശ്രയടിയിലേറെയുള്ള കെട്ടിടം മാസം 15 ലക്ഷം രൂപക്കാണ് 2018 ജൂണിൽ മഹിളാമാളിനായി വാടകക്ക് നൽകിയത്. കോവിഡ് പ്രതിസന്ധി കാരണം വാടക കുറച്ചെങ്കിലും മൂന്ന് മാസത്തോളം മാത്രമാണ് വാടക കിട്ടിയത്. ഇതിനെതിരെ നൽകിയ ഹരജിയിൽ കെട്ടിടമൊഴിയാൻ കോടതി വിധിയുണ്ടായി. ജൂണിൽ വാടക കരാർ കഴിയുകയും ചെയ്തു. ഇതിെൻറയടിസ്ഥാനത്തിലാണ് മാളിെൻറ ബോർഡ് മാറ്റി പുതിയ വാടകക്കാരെ കണ്ടെത്തുന്നത്.
സംരംഭകർ മേയറെ കണ്ടു
സാധനങ്ങൾ മഹിളാമാളിൽ നിന്ന് കാണാതായെന്ന് പരാതി നൽകിയ സംരംഭകർ മേയർ ഡോ. ബീന ഫിലിപ്പിനെ കണ്ടു. പരാതികൾ ചർച്ച ചെയ്യുക മാത്രമാണുണ്ടായതെന്ന് മേയർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.