കോഴിക്കോട്: ബേപ്പൂർ ജലോത്സവം വിനോദ സഞ്ചാര മേഖലയിൽ കോഴിക്കോട്ടുകാരുടെ സംഭാവനയാണെന്ന് സിനിമാതാരം മമ്മൂട്ടി. നാലു ദിവസം നീളുന്ന ബേപ്പൂർ ജലോത്സവം ഉദ്ഘാടനം ബേപ്പൂർ മറീനയിൽ ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ലോകപ്രശസ്തമായ ഉരുവിെൻറ നാട് ജലോത്സവത്തിലൂടെ വലിയൊരു ആഘോഷത്തിന് വേദിയാവുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിനോദസഞ്ചാര മേഖലക്ക് ഉണർവേകുന്നതോടൊപ്പം മത്സ്യത്തൊഴിലാളികൾക്ക് പുതിയ മേച്ചിൽപുറങ്ങൾ തേടാൻ പരിപാടി കാരണമാകും. നെഹ്രു ട്രോഫി വള്ളംകളിപോലെ പ്രശസ്തിയാർജിക്കാൻ ബേപ്പൂർ ജലോത്സവത്തിന് സാധിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
ജലോത്സവം ചരിത്രാന്വേഷണമാണെന്ന് അധ്യക്ഷത വഹിച്ച വിനോദ സഞ്ചാര മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ചരിത്രപരമായ ഒട്ടേറെ പ്രത്യേകതകൾ ബേപ്പൂരിനുണ്ട്.
കരയിലും വെള്ളത്തിലും ചരിത്രം അലിഞ്ഞുചേർന്ന നാടാണിത്. ഖത്തറിൽ നടക്കാൻ പോകുന്ന ഫുട്ബാൾ ലോകകപ്പിൽ ബേപ്പൂരിലെ ഉരു പ്രദർശിപ്പിക്കുന്നു എന്നത് അഭിമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു. വിനോദ സഞ്ചാര മേഖലയെ കോവിഡ് ഏറെ ബാധിച്ചു.
ഈ മേഖലയിൽ മാത്രം 30,000 കോടി രൂപയുടെ നഷ്ടമുണ്ടായി. വിനോദ സഞ്ചാര വികസനമാണ് മേളയിലൂടെ ലക്ഷ്യമിടുന്നത്. ഒരു പ്രദേശത്തെ ടൂറിസം വികസിക്കുമ്പോൾ ആ പ്രദേശത്തെ ജനങ്ങളുടെ ദൈനംദിന ജീവിതവും മാറും. ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീറിന് സ്മാരകം പണിയുന്നതു സംബന്ധിച്ച് ആലോചനയിലാണ്. ഇക്കാര്യത്തിൽ, കേന്ദ്ര-സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രിമാരുമായി ഇന്ന് ചർച്ച നടത്തുമെന്ന് മന്ത്രി പറഞ്ഞു. എം.കെ. രാഘവൻ എം.പി മുഖ്യാതിഥിയായിരുന്നു. വിനോദ സഞ്ചാര വകുപ്പ് അഡീ. ചീഫ് സെക്രട്ടറി ഡോ. വി. വേണു മുഖ്യപ്രഭാഷണം നടത്തി. വിനോദ സഞ്ചാര വകുപ്പ് ഡയറക്ടർ വി.ആർ. കൃഷ്ണ തേജ, കോർപറേഷൻ ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ്, ക്യാപ്റ്റൻ അഭിലാഷ് ടോമി, ജില്ല പൊലീസ് കമീഷണർ എ.വി. ജോർജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത പൂക്കാടൻ തുടങ്ങിയവർ സംസാരിച്ചു. സബ് കലക്ടർ വി. ചെൽസ സിനി നന്ദി പറഞ്ഞു.
നാവിക സേനയുടെ രക്ഷാപ്രവർത്തന ദൗത്യ പ്രദർശനം, നാടന് തോണികളുടെ തുഴച്ചില് മത്സരം, മാലിന്യനിക്ഷേപങ്ങൾക്കെതിരായ ട്രഷർ ഹണ്ട്, വലയെറിയൽ മത്സരം എന്നിവ നടത്തി. ലെഫ്. കമാൻഡർ ജിതേഷ് റാവത്തായിരുന്നു രക്ഷാപ്രവർത്തന ദൗത്യ പ്രദർശനത്തിൽ നാവികസേനയുടെ ഹെലികോപ്ടർ പറത്തിയത്. കോസ്റ്റ് ഗാർഡിെൻറ ഡോണെയർ വിമാനത്തിെൻറ 'ഫ്ലൈ പാസും' നടന്നു.
മേളയുടെ ഭാഗമായി ഐ.എൻ.എസ് ശാരദ, ഐ.എൻ.എസ് കബ്ര എന്നീ യുദ്ധക്കപ്പലുകളും ബേപ്പൂരിലെത്തിയിട്ടുണ്ട്.
രുചിയുടെ ആഘോഷമായി ഭക്ഷ്യ മേള
ബേപ്പൂർ ജലോത്സവത്തോടനുബന്ധിച്ച് ഫുഡ് ആൻഡ് ഫ്ലീ മാർക്കറ്റ് വനം മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കേരള, നോർത്ത് ഇന്ത്യൻ, ചൈനീസ്, അറബിക് വിഭവങ്ങൾക്കൊപ്പം കോഴിക്കോടൻ രുചികളും ഭക്ഷണപ്രേമികളെ കാത്തിരിക്കുന്നു. വിവിധതരം ബിരിയാണികൾ, ജ്യൂസുകൾ, വിവിധ നിറത്തിലും രുചിയിലുമുള്ള ഐസ്ക്രീമുകൾ, എണ്ണക്കടികൾ, മത്സ്യ-മാംസ വിഭവങ്ങൾ എന്നിവ രുചിയുടെ മേളപ്പെരുപ്പം തീർക്കുമെന്ന കാര്യത്തിൽ തർക്കമില്ല.
ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ്, വനിത-ശിശുവികസന വകുപ്പ്, ഉദയം ഹോംസ്, വിനോദസഞ്ചാര വകുപ്പ് എന്നിവയുടെ സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്.
മുൻ എം.എൽ.എ വി.കെ.സി. മമ്മദ് കോയ, സബ്കലക്ടർ ചെൽസ സിനി, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു.
രാജ്യാഭിമാനം വാനോളമുയർത്തി ബേപ്പൂരിെൻറ മണൽപ്പരപ്പിൽ നാവികസേനയുടെ സംഗീതവിരുന്ന്. മ്യൂസിക്ബാൻഡിൽ ഏഴിമല ഇന്ത്യൻ നേവൽ അക്കാദമിയിൽനിന്നുള്ള 20 പേരടങ്ങിയ നാവികസേന സംഘമാണ് സംഗീതത്തിെൻറ ഹരം പകർന്നത്. ഔദ്യോഗിക യൂനിഫോമിലെത്തിയ സേനാംഗങ്ങൾ സംഗീതോപകരണങ്ങളും വിവിധ ഗാനങ്ങളും അവതരിപ്പിച്ചതോടെ കാഴ്ചക്കാരിൽ ആവേശം നിറഞ്ഞു.
രാജ്യാഭിമാനം സ്ഫുരിക്കുന്ന ദേശഭക്തിഗാനങ്ങളും പ്രമുഖ മലയാളം, ഹിന്ദി സിനിമാഗാനങ്ങളും ബാൻഡ്മേളവുമാണ് വേദിയിൽ ഒരുക്കിയിരുന്നത്.
കോഴിക്കോട്: ഉരുപ്പെരുമയുടെ നാട്ടിൽ ജലസാഹസികമേള. ബേപ്പൂർ ജലോത്സവത്തോടനുബന്ധിച്ച് തുടക്കംകുറിച്ച സൈക്കിൾ റൈഡ് നഗരത്തെ ആവേശത്തിലാഴ്ത്തി. കോഴിക്കോട് ബീച്ചിൽ തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ ഫ്ലാഗ്ഓഫ് ചെയ്ത റൈഡ് വിവിധ കേന്ദ്രങ്ങൾ ചുറ്റി ബേപ്പൂർ മറീനയിൽ സമാപിച്ചു.
മന്ത്രിയിൽനിന്ന് സൈക്ലിങ് കമ്മിറ്റി ലീഡർ സാഹിർ ബാബു സ്വീകരിച്ച പതാക ബേപ്പൂരിൽ ജില്ല കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി ഉയർത്തിയതോടെ ജലോത്സവത്തിെൻറ നാലു പകലിരവുകൾക്ക് തുടക്കമായി. മേള ചരിത്രത്തിൽ ഇടംനേടുമെന്ന കാര്യത്തിൽ സംശയമില്ലെന്ന് മന്ത്രി പറഞ്ഞു. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് സൈക്ലിങ് കമ്യൂണിറ്റിയുടെ നേതൃത്വത്തിൽ കാലിക്കറ്റ് പെഡലേഴ്സ്, ടീം മലബാർ റൈഡേഴ്സ്, മലബാർ സൈക്കിൾ റൈഡേഴ്സ് എന്നീ ക്ലബുകളിലെ നൂറോളം പേരാണ് റൈഡിൽ പങ്കെടുത്തത്.
കോഴിക്കോട് ബീച്ച് കോർപറേഷൻ ഓഫിസിനു മുന്നിൽനിന്നാരംഭിച്ച യാത്ര മാനാഞ്ചിറ, കല്ലായി, മാത്തോട്ടം, നടുവട്ടം ചുറ്റി ബേപ്പൂരിൽ സമാപിക്കുകയായിരുന്നു. സബ് കലക്ടർ വി. ചെൽസ സിനി, വിനോദസഞ്ചാര വകുപ്പ് മേഖല ജോയന്റ് ഡയറക്ടർ സി.എൻ. അനിതകുമാരി, കോർപറേഷൻ വാർഡ് കൗൺസിലർ കെ. റംലത്ത്, പോർട്ട് ഓഫിസർ അശ്വനി പ്രതാപ്, ക്യാപ്റ്റൻ കെ.കെ. ഹരിദാസ്, സേഫ്റ്റി ആൻഡ് റെസ്ക്യൂ കമ്മിറ്റി ചെയർമാൻ ടി.കെ. അബ്ദുൽ ഗഫൂർ, കോസ്റ്റ് ഗാർഡ് കമാൻഡന്റ് ഫ്രാൻസിസ് പോൾ, ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റി ചെയർമാൻ എം. ഗിരീഷ്, കൺവീനർ ജയദീപ് എന്നിവർ പങ്കെടുത്തു. സൈക്കിൾ റൈഡിൽ പങ്കെടുത്തവർക്കുള്ള മെമെന്റോ-സർട്ടിഫിക്കറ്റ് വിതരണവും നടന്നു.
ബേപ്പൂർ: അന്താരാഷ്ട്ര ജലോത്സവത്തിെൻറ ഭാഗമായി ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പൽ ബേപ്പൂർ തുറമുഖത്തെത്തി. ഞായറാഴ്ച വൈകീട്ട് അഞ്ചിന് കൊച്ചിയിൽനിന്നാണ് 'ആര്യമാൻ' കപ്പൽ ബേപ്പൂർ തുറമുഖത്ത് എത്തിയത്.
പൊതുജനങ്ങൾക്ക് കോസ്റ്റ്ഗാർഡ് പ്രവർത്തനങ്ങളെക്കുറിച്ച് പരിചയപ്പെടുത്താനും കപ്പലിെൻറ ഉൾക്കാഴ്ചകൾ കാണാനും നാവികസേനാംഗങ്ങളുടെ പ്രവർത്തനങ്ങൾ അടുത്തറിയാനുമാണ് കപ്പൽ പ്രദർശനം സംഘടിപ്പിക്കുന്നത്.
രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചു വരെയാണ് പ്രവേശനം. ജർമൻനിർമിത കപ്പലിൽ ലെഫ്. കമാൻഡർ ക്യാപ്റ്റൻ സുധീർ കുമാറിെൻറ നേതൃത്വത്തിൽ സെയിലർമാരും ഓഫിസർമാരുമായി 30 ജോലിക്കാരുണ്ട്. മേളയുടെ സമാപന ദിവസമായ 29ന് വൈകീട്ട് കപ്പൽ കൊച്ചിയിലേക്ക് തിരിച്ചുപോകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.