കോഴിക്കോട്: ആഡംബര കാറുകൾ വാടകക്കെടുത്ത് മറിച്ചുനൽകി പണം തട്ടിയ കേസിൽ അരക്കിണർ മാത്തോട്ടം സ്വദേശി സഹീർ അഹമ്മദിനെ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു.
മാത്തോട്ടം സ്വദേശി അബ്ദുൽ നസീറിെൻറ ഔഡികാർ രണ്ടുമാസത്തെ വാടക അഡ്വാൻസായി നൽകിയ ശേഷം ബംഗളൂരുവിലേക്ക് കടത്തുകയായിരുന്നു. രേഖകൾ ഒന്നുമില്ലാതെയാണ് കാർ കൊണ്ടുപോയത്. മാസങ്ങൾ കഴിഞ്ഞിട്ടും വാഹനം തിരികെ നൽകാതായതോടെയാണ് നാസർ പരാതി നൽകിയത്. ബംഗളൂരുവിൽ 12.5 ലക്ഷം രൂപക്കാണ് കാർ വാടകക്ക് നൽകിയിരിക്കുന്നത്.
ചേവായൂർ, കൊടുവള്ളി, താമരശേരി, പന്തീരാങ്കാവ്, ബേപ്പൂർ എന്നീ സ്റ്റേഷനുകളിലും മലപ്പുറം ജില്ലയിലെ പല സ്റ്റേഷനുകളിലും ഇയാൾക്കെതിരെ കേസുണ്ട്. ചില പരാതികൾ അന്വേഷണത്തിലുമാണ്. ആഡംബര കാറുകൾ മാസവാടകക്കെന്ന പേരിൽ വാങ്ങി തട്ടിപ്പുനടത്തുന്ന വൻ സംഘത്തിലെ കണ്ണിയാണ് ഇയാളെന്ന് പൊലീസ് സംശയിക്കുന്നു. ലക്ഷങ്ങൾ വിലയുള്ള വാഹനങ്ങളാണ് വാടകക്കായി വാങ്ങുന്നത്.
ഒരു ലക്ഷം മുതൽ മുകളിലേക്കാണ് മാസവാടക. കാറുകൾ ഇതരസംസ്ഥാനങ്ങളിലേക്ക് കടത്തും. വാടക കാലാവധി കഴിഞ്ഞിട്ടും വാഹനം തിരികെ നൽകാതാകുന്നതോടെയാണ് പലരും വഞ്ചിതരായ വിവരം തിരിച്ചറിയുന്നത്. ടൗൺ എസ്ഐ അനിൽകുമാറിെൻറ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അടുത്ത ദിവസം പ്രതിയെ ബംഗളൂരുവിലെത്തിച്ച് തെളിവെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.