കോഴിക്കോട്: ട്രെയിൻയാത്രക്കിടെ സൈനികന്റെ തോക്കിന്റെ തിരയും തിരനിറക്കുന്ന കാട്രിഡ്ജും കവർന്ന കേസിലെ പ്രതി പിടിയിൽ. കോഴിക്കോട് പുതിയങ്ങാടി സ്വദേശി സീതാലയത്തിൽ രതീഷിനെയാണ് (കോട്ടൂളി രതീഷ്-38) ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ആക്കുളം സതേൺ എയർ കമാൻഡന്റിലെ ഉദ്യോഗസ്ഥൻ കണ്ണൂർ മുഴുപ്പിലങ്ങാട് സ്വദേശി സുദേഷിന്റെ തോക്കിന്റെ തിരകളടങ്ങിയ ബാഗാണ് ട്രെയിൻയാത്രക്കിടെ പ്രതി കവർന്നത്. മേയ് 17നാണ് കേസിനാസ്പദമായ സംഭവം. ചെന്നൈയിൽ സ്പെഷൽ ഡ്യൂട്ടി കഴിഞ്ഞ് സുദേഷും മറ്റ് ഉദ്യോഗസ്ഥരും മടങ്ങവെ കോയമ്പത്തൂരിനടുത്തുവെച്ച് ട്രെയിനിൽനിന്ന് പുറത്തേക്കിറങ്ങിയപ്പോൾ സുദേഷിന്റെ ബാഗുമായി പ്രതി കടന്നുകളയുകയായിരുന്നു. സംഭവത്തിൽ കോയമ്പത്തൂർ റെയിൽവേ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
റെയിൽവേ സ്റ്റേഷനിലെ സി.സി.ടി.വി കാമറയിൽനിന്ന് പ്രതിയുടെ ചിത്രം ലഭിച്ചെങ്കിലും വിവിധയിടങ്ങളിൽ അന്വേഷിച്ചിട്ടും കണ്ടെത്താനായിരുന്നില്ല. അവസാനം കോഴിക്കോട് സ്വദേശിയാണെന്ന് വ്യക്തമാവുകയും റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡിൽനിന്ന് ചൊവ്വാഴ്ച ടൗൺ പൊലീസ് ഇയാളെ പിടികൂടുകയുമായിരുന്നു. തിരകൾ മോഷണം പോയതിൽ സൈന്യം സുദേഷിനെതിരെ ശിക്ഷാനടപടി സ്വീകരിച്ചിരുന്നു.
തിരകൾ ട്രെയിൻയാത്രക്കിടെ പുറത്തേക്കെറിഞ്ഞു എന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. കേസ് രജിസ്റ്റർ ചെയ്ത കോയമ്പത്തൂർ റെയിൽവേ പൊലീസിന് പ്രതിയെ കൈമാറി. രതീഷ് കോഴിക്കോട്ടെ നിരവധി കവർച്ച, പിടിച്ചുപറി കേസുകളിൽ പ്രതിയാണെന്നും നേരത്തേ അറസ്റ്റിലായ ഇയാൾ ഒന്നരമാസം മുമ്പാണ് ജില്ല ജയിലിൽനിന്ന് പുറത്തിറങ്ങിയതെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.