കോഴിക്കോട്: മണപ്പുറം ഫിനാൻസിന്റെ കോഴിക്കോട് മാവൂർ റോഡ് ശാഖ കേന്ദ്രീകരിച്ച് നടന്ന സാമ്പത്തിക തട്ടിപ്പുകേസിൽ പൊലീസ് അന്വേഷണം തുടങ്ങി. സ്ഥാപനത്തിന്റെ ഇടപാടുകാരുടെ പണം മുൻ മാനേജർ അന്നശ്ശേരി സ്വദേശി ജിൽത്തിന്റെ നേതൃത്വത്തിൽ തട്ടിയെടുത്തു എന്നാണ് കേസ്. സ്ഥാപന അധികൃതർക്കെതിരെ മറ്റൊരു കേസും നടക്കാവ് പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
രണ്ടരവർഷമാണ് ജിൽത്ത് ഇവിടെ ജോലി ചെയ്തത്. ഈ കാലത്തെ സംശയകരമായ ഇടപാടുകൾ മുഴുവൻ വരും ദിവസം പരിശോധിക്കും. ഓഫിസിലെ മറ്റു ജീവനക്കാരിലാർക്കെങ്കിലും തട്ടിപ്പിൽ പങ്കുണ്ടോ എന്ന സംശയവുമുയർന്നിട്ടുണ്ട്.
അതിനാൽ വരും ദിവസം ഇവരുടെ മൊഴിയുമെടുക്കും. അതിനിടെ സ്ഥാപനവും ആരുടെയെല്ലാം പണം നഷ്ടപ്പെട്ടു എന്നറിയാൻ പരിശോധന നടത്തുന്നുണ്ട്. ഒരു മാസം മുമ്പ് ജോലി വിട്ട ഇയാൾക്കെതിരെ സ്ഥാപനവും പരാതി നൽകിയിട്ടുണ്ട്.കൂടുതൽ പരിശോധന നടത്തിയാൽ മാത്രമേ എത്ര രൂപയുടെ തട്ടിപ്പ് നടന്നു എന്ന് വ്യക്തമാവൂ എന്നാണ് പൊലീസ് പറയുന്നത്. ഭൂമിയുടെ ആധാരം പണയപ്പെടുത്തി നേരത്തെ സ്ഥാപനത്തിൽ നിന്ന് വായ്പയെടുത്തവരുടെ തിരിച്ചടവ് തുകയിൽ കൃത്രിമം വരുത്തിയാണ് തട്ടിപ്പ് നടത്തിയത്.
കോഴിക്കോട്: മണപ്പുറം ഹോം ഫിനാൻസ് ലിമിറ്റഡിലെ ഉപഭോക്താക്കള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും എല്ലാ ഇടപാടുകളും സുരക്ഷിതമാണെന്നും കമ്പനി അധികൃതർ അറിയിച്ചു. ഉപഭോക്താക്കള്‍ സമര്‍പ്പിച്ച വസ്തുരേഖകളും ആധാരങ്ങളുമെല്ലാം കമ്പനി സുരക്ഷിതമായി സൂക്ഷിക്കുന്നുണ്ട്. ഇതു സംബന്ധിച്ചോ ഇടപാടുകള്‍ സംബന്ധിച്ചോ എന്തെങ്കിലും വ്യക്തത ആവശ്യമുള്ളവർക്ക് ബ്രാഞ്ച് മാനേജരെ സമീപിക്കാം.
കോഴിക്കോട് ബ്രാഞ്ചിലെ മുന്‍ ജീവനക്കാരനെ കമ്പനി ആഭ്യന്തരമായി അന്വേഷണം നടത്തി നേരേത്ത സര്‍വിസില്‍ നിന്നും പിരിച്ചുവിട്ടതാണ്.
ഇദ്ദേഹത്തിനെതിരെ നിയമ നടപടി ആരംഭിക്കുകയും നഷ്ടം തിരിച്ചുപിടിക്കാനുള്ള നീക്കം തുടങ്ങിയിട്ടുമുണ്ട് - കമ്പനി പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.