കോഴിക്കോട്: 'ഹാജരാകാനാവാത്ത വോട്ടർമാരുടെ'പട്ടികയിലുൾപ്പെടുത്താമെങ്കിലും 80 വയസ്സിനു മുകളിലുള്ള പലർക്കും താൽപര്യം ബൂത്തിൽപോയി വോട്ടുചെയ്യാൻ. വീടുകളിൽ കഴിയുന്ന ഭിന്നശേഷിക്കാർക്കും 80നുമുകളിൽ പ്രായമുള്ളവർക്കും വീട്ടിൽതന്നെ വോട്ടുചെയ്യാനുള്ള സൗകര്യം തെരഞ്ഞെടുപ്പ് കമീഷൻ ഒരുക്കിയിട്ടുണ്ട്. കോവിഡ് വ്യാപനത്തിെൻറ പ്രേത്യക പശ്ചാത്തലത്തിലാണിത്. എന്നാൽ, അവശരല്ലാത്ത 80നു മുകളിൽ പ്രായമുള്ളവരിലേറെയും ബൂത്തിൽചെന്ന് സമ്മതിദാന അവകാശം വിനിയോഗിക്കാൻ താൽപര്യപ്പെടുന്നവരാണ്. വർഷങ്ങളായി തുടരുന്ന ശീലം മാറ്റാൻ പലരും തയാറാകുന്നില്ല.
ജില്ലയിൽ ഭിന്നശേഷിക്കാർ, 80ന് മുകളിൽ പ്രായമുള്ളവർ, ക്വാറൻറീനിലുള്ളവർ എന്നീ വിഭാഗത്തിൽ 34855 പേരാണുള്ളത്. 80നു മുകളിൽ പ്രായമുള്ളവരിൽ 27403 പേർ മാത്രമാണ് വീട്ടിൽവെച്ച് വോട്ട് സൗകര്യം ഉപയോഗപ്പെടുത്തിയത്. ഈ വിഭാഗത്തിലെ ഭൂരിഭാഗം പേരും അപേക്ഷിച്ചിട്ടില്ലെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം. 7417 ഭിന്നശേഷിക്കാർ വീടുകളിൽ വോട്ടു ചെയ്യുന്നുണ്ട്. 32000ത്തോളം പേർ വോട്ടുചെയ്തുകഴിഞ്ഞു.
ബൂത്ത് ലെവൽ ഓഫിസർമാർ (ബി.എൽ.ഒ) ഈ വോട്ടർമാരെ സമീപിച്ച് ആവശ്യമായ നിർദേശങ്ങൾ നൽകിയില്ലെന്ന ആക്ഷേപവുമുണ്ട്. വീട്ടിലിരുന്നുതന്നെ വോട്ടുചെയ്യാനുള്ള അപേക്ഷ ഫോറവും മറ്റും ബി.എൽ.ഒമാർ എത്തിച്ചുനൽകണമെന്നാണ് ചട്ടം. കൃത്യമായ പ്രായം വോട്ടർപട്ടികയിലില്ലാത്തതും വയോജനങ്ങളുടെ തപാൽവോട്ട് കുറയാൻ കാരണമായി.
തെരഞ്ഞെടുപ്പ് തലേന്നായ ഏപ്രിൽ അഞ്ചോടെ അർഹരായ മുഴുവൻ തപാൽ വോട്ടർമാരുടെയും വോട്ട് രേഖപ്പെടുത്തും. എന്നാൽ, വോട്ടുചെയ്തശേഷം കവറുകൾ തിരിച്ചുെകാണ്ടുപോകുന്നത് ലാഘവത്തോടെയാണെന്ന പരാതി ഉയർന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമീഷൻ നൽകുന്ന ബിഗ്ഷോപ്പറുകൾക്കുപകരം വോട്ടുപെട്ടിയിൽ നിക്ഷേപിക്കണമെന്ന ആവശ്യം അംഗീകരിച്ചിട്ടില്ല. അതത് രാഷ്ട്രീയപാർട്ടിക്കാരുടെ ബൂത്ത് ഏജൻറിനെ അറിയിക്കണമെന്ന നിർദേശവും ചിലയിടങ്ങളിൽ ഉദ്യോഗസ്ഥർ പാലിക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.