കോഴിക്കോട്: പോർച്ചുഗലിലെ ബ്രാഗ നഗരത്തിൽ അഞ്ച് ദിവസം നടന്ന യു.എൻ സർഗാത്മക നഗരങ്ങൾക്കുള്ള വാർഷിക കൂടിച്ചേരലിൽ പങ്കെടുത്ത മേയർ ഡോ. ബീന ഫിലിപ്പും സെക്രട്ടറി കെ.യു. ബിനിയും ശനിയാഴ്ച രാവിലെ നാട്ടിലേക്ക് മടങ്ങും. ബ്രാഗാ കൂടിച്ചേരലിന്റെ അവസാന ദിവസമായ ശനിയാഴ്ച ബ്രാഗാ മേയർ റിക്കാഡോ റിയോക്ക് ഇതിഹാസ കൃതി ബീനാ ഫിലിപ്പ് കൈമാറി. വാസ്കോഡഗാമ ഇന്ത്യയിലേക്കു നടത്തിയ ആദ്യ സമുദ്രയാത്രയുടെ കാവ്യ വിവരണമായി 1572ൽ പോർച്ചുഗീസ് ഭാഷയിൽ രചിച്ച ‘ഉഷ് ലുസീയദഷ്’ (ലുസിയാദുകളുടെ ഇതിഹാസം) എന്ന പുസ്തകമാണ് കൈമാറിയത്.
യൂറോപ്യൻ സാഹിത്യത്തിലെ എക്കാലത്തെയും മികച്ച പത്ത് ക്ലാസിക്കുകളിൽ ഒന്നായ ഗ്രന്ഥം പോര്‍ച്ചുഗലിന്റെ ദേശീയ ഇതിഹാസമെന്നാണ് അറിയപ്പെടുന്നത്. ഇന്ത്യയും കേരളവുമായുള്ള പശ്ചാത്യ രാജ്യത്തിന്റെ പ്രഥമ സമാഗമമാണ് പ്രമേയം. മലയാളത്തിലേക്ക് ഡോ. ഡേവിസ് സി.ജെ വിവർത്തനം ചെയ്ത് ലുസിയാദുകളുടെ ഇതിഹാസം എന്ന പേരിൽ പ്രസിദ്ധീകരിച്ച പുസ്തകത്തോടൊപ്പം കേരളത്തിലെ പേരുകേട്ട സുഗന്ധ വ്യഞ്ജനങ്ങളും കോഴിക്കോട് മേയർ ബ്രാഗാ മേയർക്ക് സമ്മാനിച്ചു. ഞായറാഴ്ച സംഘം തിരിച്ചെത്തും.
സാഹിത്യ നഗരമായി തെരഞ്ഞെടുത്തതിനെ തുടർന്ന് പോർച്ചുഗലിലെ ബ്രാഗായിൽ കോൺഫറൻസിൽ പങ്കെടുത്ത് തിരിച്ചെത്തുന്ന മേയർക്കും സംഘത്തിനും പൗരാവലി സ്വീകരണം നൽകും. തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് ടൗൺ ഹാളിൽ നടക്കുന്ന സ്വീകരണ പരിപാടിയിൽ സാഹിത്യ, സാംസ്കാരിക, സാമൂഹിക മേഖലയിലെ പ്രമുഖകർ പങ്കെടുക്കും.
പരിപാടിയുടെ നടത്തിപ്പിനായി ഡോ. ഖദീജ മുംതാസ് ചെയർമാനും എ. പ്രദീപ് കുമാർ ജനറൽ കൺവീനറുമായി സംഘാടക സമിതി രൂപവത്കരിച്ചു. കോർപറേഷൻ സ്ഥിരംസമിതി ചെയർമാന്മാരായ പി. ദിവാകരൻ, പി.കെ. നാസർ, സി. രേഖ, കൗൺസിലർമാരായ കെ.സി. ശോഭിത, കെ. മൊയ്തീൻ കോയ, എസ്.കെ. അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു. മേയറെ പുസ്തകം നൽകി സ്വീകരിക്കാൻ താൽപര്യമുള്ള വ്യക്തികളും സംഘടനകളും 9847783344 എന്ന മൊബൈൽ നമ്പറിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.