കോഴിക്കോട്: സമരത്തിൽനിന്ന് പിന്നോട്ട് പോകില്ലെന്ന് മെഡിക്കൽ കോളജിലെ പി.ജി ഡോക്ടർമാർ അറിയിച്ചു. അത്യാഹിതവിഭാഗം, കോവിഡ് വിഭാഗം, ഐ.സി.യു എന്നിവ കൂടി ബുധനാഴ്ച ബഹിഷ്കരിക്കുമെന്ന് ഡോക്ടർമാർ നേരത്തെ അറിയിച്ചിരുന്നെങ്കിലും ആരോഗ്യ മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം പിൻവലിച്ചത്.
എന്നാൽ, രണ്ട് ദിവസത്തിനുള്ളിൽ ജൂനിയർ റസിഡൻറ് ഡോക്ടർമാരെ നിയമിക്കാമെന്ന മന്ത്രിയുടെ ഉറപ്പ് വാക്കാൽ പോരെന്നും രേഖാമൂലം വേണമെന്നും മെഡിക്കൽ പി.ജി ഡോക്ടേഴ്സ് അസോസിയേഷൻ കോഴിക്കോട് ചാപ്റ്റർ പ്രസിഡൻറ് അജിൽ ആൻറണി പറഞ്ഞു. വെള്ളിയാഴ്ചക്കുള്ളിൽ രേഖാമൂലമുള്ള ഉറപ്പ് ലഭിച്ചില്ലെങ്കിൽ കോവിഡ് വിഭാഗം ഒഴികെയുള്ള അത്യാഹിത വിഭാഗവും ഐ.സി.യുവും ബഷിഷ്കരിക്കുമെന്നും ഇതുസംബന്ധിച്ച നോട്ടീസ് ഡി.എം.ഇക്ക് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അത്യാഹിത വിഭാഗങ്ങൾ വെള്ളിയാഴ്ച മുതൽ പി.ജി ഡോക്ടർമാർ ബഹിഷ്കരിച്ചാൽ സമരത്തോടൊപ്പം ചേരുമെന്ന് അക്കാദമിക് സീനിയർ റസിഡൻറ് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. ജോലിഭാരം താങ്ങാവുന്നതിലും അധികമായാൽ സമരത്തിനിറങ്ങുമെന്നാണ് ഹൗസ് സർജന്മാരുടെ നിലപാട്. നിലവിൽ ഒ.പികൾ, ഓപറേഷൻ തിയറ്റർ, വാർഡ് എന്നിവയാണ് ഡോക്ടർമാർ ബഹിഷ്കരിക്കുന്നത്. ഇത് വരുംദിവസങ്ങളിലും തുടരും. തീയതികൾ ഉറപ്പിച്ച പല ഓപ്പറേഷനുകളും ഏഴ് ദിവസമായി മുടങ്ങുന്നുണ്ട്. അടിയന്തരമായി ചെയ്യേണ്ട ഓപറേഷനുകൾ മാത്രമാണ് നടക്കുന്നത്. ഒ.പികളിൽനിന്ന് നേരിട്ട് വാർഡുകളിലേക്ക് രോഗികളെ അഡ്മിറ്റ് ചെയ്യാതെയായി.
അത്യാഹിത വിഭാഗത്തിൽനിന്ന് മാത്രമാണ് വാർഡുകളിലേക്ക് പൂർണമായി അഡ്മിഷൻ നടക്കുന്നത്. ജില്ലക്ക് പുറത്തുനിന്ന് എത്തുന്നവരാണ് ഏറെ ബുദ്ധിമുട്ടുന്നത്. വാർഡുകളിൽനിന്ന് ഗുരുതര രോഗമില്ലാത്തവരെ ഡോക്ടർമാർ തന്നെ ഡിസ്ചാർജ് കൊടുത്ത് പറഞ്ഞയക്കുന്നുണ്ട്. അത്യാഹിത വിഭാഗങ്ങൾ കൂടി ഡോക്ടർമാർ ബഹിഷ്കരിക്കുകയാണെങ്കിൽ വലിയ പ്രതിസന്ധിയാവും സൃഷ്ടിക്കുക. പി.ജി ഡോക്ടർമാർ, ഹൗസ് സർജൻമാർ, സീനിയർ റസിഡൻറ് ഡോക്ടർമാർ, അക്കാദമിക് സീനിയർ റസിഡൻറ് ഡോക്ടർമാർ എന്നിവർ സമരത്തിലേക്ക് പോയാൽ മുതിർന്ന ഡോക്ടർമാർ മാത്രമേ പിന്നീട് ജോലിക്കുണ്ടാവൂ. ഹൗസ് സർജൻമാർ ജോലിക്കെത്തിയില്ലെങ്കിൽ അത് ഏറ്റവും കൂടുതൽ ബാധിക്കുക വാർഡുകളെയാവും. സമരം വ്യാഴാഴ്ച എട്ടാം ദിവസത്തിലേക്ക് കടക്കും.
പുതിയ ബാച്ചിെൻറ കൗൺസലിങ് നീണ്ടുപോകുന്നതിലും ആറു മാസത്തിലേറെയായിട്ടും പരീക്ഷകൾ നടക്കാത്തതിലും പ്രതിഷേധിച്ച് ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷന് കീഴിൽ രാജ്യത്തൊട്ടാകെ മെഡിക്കൽ പി.ജി ഡോക്ടർമാർ സമരത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.