കോഴിക്കോട്: മീഡിയവൺ ചാനലിന്റെ സംപ്രേഷണ വിലക്കിനെതിരെ നഗരത്തിൽ വിദ്യാർഥി പ്രതിഷേധം ആളിക്കത്തി. വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെയാണ് ജില്ലയിലെ വിവിധ വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ 'സ്റ്റാൻഡ് വിത്ത് മീഡിയവൺ: സ്റ്റുഡന്റ് പ്രൊട്ടസ്റ്റ്' എന്ന തലക്കെട്ടിൽ പ്രതിഷേധം നടന്നത്. ബീച്ചിലെ രക്തസാക്ഷി മണ്ഡപത്തിൽനിന്നാരംഭിച്ച പ്രകടനത്തിൽ മീഡിയവണ്ണിന് ഐക്യദാർഢ്യമെന്ന പ്ലക്കാർഡുകളുയർത്തി പെൺകുട്ടികളടക്കം മുന്നൂറോളം വിദ്യാർഥികൾ അണിനിരന്നു.
നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ എന്നും മീഡിയവണ്ണിനൊപ്പം വിദ്യാർഥികൾ ഉണ്ടാകുമെന്നും സംഘ്പരിവാർ നീക്കങ്ങളെ എന്തുവിലകൊടുത്തും ചെറുക്കുമെന്നുമുള്ള മുദ്രാവാക്യങ്ങൾ പ്രതിഷേധത്തിൽ അലയടിച്ചു. തുടർന്ന് നടന്ന പരിപാടിയിൽ താഹ ഫസൽ, ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് നയീം ഗഫൂർ, എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി വാഹിദ് ചുള്ളിപ്പാറ, ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സമിതി അംഗം ലുലു മർജാൻ, ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ല ജനറൽ സെക്രട്ടറി ലബീബ് കായക്കൊടി, അഡ്വ. അബ്ദുൽ വാഹിദ്, അൻവർ കോട്ടപ്പള്ളി, മുനീബ് എലങ്കമൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.