കോഴിക്കോട്: മെഡിക്കല്‍ കോളജ് ഐ.സി.യു പീഡനക്കേസില്‍ നേരത്തെ മൊഴിനൽകിയ അഡീഷനല്‍ സൂപ്രണ്ട് അടക്കമുള്ള ജീവനക്കാരിൽനിന്ന് തിങ്കളാഴ്ച മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് വീണ്ടും മൊഴിയെടുക്കുന്നു. തിരുവനന്തപുരം മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ ചേംബറിലാണ് മൊഴിയെടുക്കുന്നത്. ജൂലൈ 31ന് മെഡിക്കല്‍ കോളജിൽ എത്തിയ വിദ്യാഭ്യാസവകുപ്പ് ജോയന്റ് ഡയറക്ടര്‍ ഡോ. ഗീത രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘത്തിന് മുന്നിൽ മൊഴി രേഖപ്പെടുത്തിയവരെയാണ് വീണ്ടും തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചിരിക്കുന്നത്.
നേരത്തെ അതിജീവിതക്ക് അനുകൂലമായി മൊഴികൊടുത്തവരിൽനിന്നാണ് തിങ്കൾ, ബുധൻ ദിവസങ്ങളിൽ വീണ്ടും മൊഴിയെടുക്കുന്നതെന്നാണ് വിവരം. അഡീഷനല്‍ സൂപ്രണ്ട് ഡോ. സുനില്‍കുമാര്‍, മുന്‍ സീനിയര്‍ എ.ഒ നീലകണ്ഠന്, ഹെഡ്നഴ്സ് പി.ബി. അനിത, ഓഫിസ് അറ്റൻഡന്റ് പ്രവീണ്‍ എന്നിവരാണ് തിങ്കളാഴ്ച ഹാജരാകേണ്ടത്. നിർദേശിക്കപ്പെട്ട ദിവസങ്ങളിൽ ഉദ്യോഗസ്ഥര്‍ ഹാജരായില്ലെങ്കിൽ കര്‍ശന നപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്. ഇനിയൊരു അവസരം നല്‍കാതെ റിപ്പോര്‍ട്ട് തയാറാക്കുമെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു.
ആര്.എം.ഒ ഡോ. ഡാനിഷ്, ലേ സെക്രട്ടറി ബാബു ചന്ദ്രന്, ചീഫ് നഴ്സിങ് ഓഫിസര്‍ സുമതി എന്നിവരോട് ബുധനാഴ്ചയാണ് ഹാജരാവാൻ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തി വിശദമായ മൊഴിയെടുത്ത സംഘം എന്തിനാണ് വീണ്ടും ജീവനക്കാരെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചത് എന്നത് സംബന്ധിച്ച് സംശയം നിലനില്‍ക്കുന്നുണ്ട്. ഇത് കേസ് അട്ടിമറിക്കാനാണെന്ന ആരോപണവുമുണ്ട്.
കേസിൽ സാക്ഷിപ്പട്ടികയിൽ ഇല്ലാത്ത ഓഫിസ് അറ്റൻഡന്റ് പ്രവീണിനെയും തെളിവെടുപ്പിന് വിളിപ്പിച്ചത് അന്വേഷണത്തിൽ ഇടപെടൽ നടക്കുന്നുവെന്നതിന് തെളിവാണെന്നാണ് ആക്ഷേപം. മാത്രമല്ല, ഇതേ കേസുമായി ബന്ധപ്പെട്ട് ഹെഡ് നഴ്സിനെ യൂനിയൻ നേതാവ് ഭീഷണിപ്പെടുത്തിയെന്ന് കേസിൽ ആരോഗ്യ വകുപ്പ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചതെങ്കിലും ഇതുവരെ പുറത്തുവന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.