കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റിൽ കത്രിക (ആർട്ടറി ഫോർസെപ്സ്) കുടുങ്ങിയ സംഭവത്തിൽ ആരോപണം നേരിടുന്നവർ മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങി. പന്തീരാങ്കാവ് സ്വദേശിനി ഹർഷിനക്ക് ശസ്ത്രക്രിയ നടത്തിയ സംഘത്തിലുൾപ്പെട്ട മെഡിക്കൽ കോളജിലെ രണ്ടു ഡോക്ടർമാരും രണ്ടു നഴ്സുമാരുമാണ് മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങിയത്.
കേസിൽ ഇവരെ പ്രതിചേർത്ത് അറസ്റ്റ് അടക്കമുള്ള നടപടിയിലേക്കു നീങ്ങാൻ മെഡിക്കൽ കോളജ് അസി. പൊലീസ് കമീഷണർ കെ. സുദർശന്റെ നേതൃത്വത്തിലുള്ള സംഘത്തിന് കഴിഞ്ഞ ദിവസം നിയമോപദേശം ലഭിച്ചിരുന്നു. പിന്നാലെയാണ് മുൻകൂർ ജാമ്യത്തിനുള്ള ശ്രമം ആരോപണം നേരിടുന്നവർ തുടങ്ങിയത്. ഇവർക്കായി മെഡിക്കൽ രംഗത്തെ ചില സംഘടനകളും ശക്തമായി രംഗത്തുണ്ട്. നിയമോപദേശം ലഭ്യമായെന്നും കേസിലെ തുടർനടപടികൾ ഉടനുണ്ടാവുമെന്നും പൊലീസ് പറഞ്ഞു.
കോഴിക്കോട് മെഡിക്കൽ കോളജിൽ നടന്ന മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയക്കിടെയാണ് ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയതെന്നും ഇക്കാര്യത്തിൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാർക്കും കൂടെയുണ്ടായിരുന്നവർക്കും സംഭവിച്ചത് കുറ്റകരമായ വീഴ്ചയാണെന്നുമായിരുന്നു പൊലീസ് കണ്ടെത്തൽ. എന്നാൽ, ഇക്കാര്യം മെഡിക്കൽ ബോർഡ് തള്ളുകയായിരുന്നു. ഇതോടെ മെഡിക്കൽ ബോർഡ് യോഗത്തിൽ അട്ടിമറിയുണ്ടായെന്ന് കാണിച്ച് ഹർഷിന നൽകിയ പരാതിയിലും നിലവിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഇതിൽ ഡി.എം.ഒ ഡോ. രാജാറാം, എറണാകുളം ജനറൽ ആശുപത്രിയിലെ റേഡിയോളജിസ്റ്റ് കെ.ബി. സലീം അടക്കമുള്ളവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
2017 നവംബർ 30നാണ് ഹർഷിന മെഡിക്കൽ കോളജിൽ പ്രസവ ശസ്ത്രക്രിയക്കു വിധേയയായത്. തുടർന്ന് അസുഖങ്ങൾ നിരന്തരം അലട്ടിയതോടെ നടത്തിയ പരിശോധനയിലാണ് വയറ്റിൽ സ്റ്റീൽ ഉപകരണം ഉള്ളതായി കണ്ടെത്തിയത്. ഹർഷിനക്ക് നീതി ലഭ്യമാക്കുമെന്ന് ആരോഗ്യവകുപ്പ് ആവർത്തിക്കുന്നുണ്ടെങ്കിലും ചില സമ്മർദങ്ങളാൽ നടപടികൾ വൈകിക്കുന്നുവെന്നാണ് ഉയരുന്ന ആക്ഷേപം.
അതിനിടെ, ഉടൻ നീതി ലഭ്യമാക്കണമെന്നും കുറ്റക്കാരെ ശിക്ഷിക്കണമെന്നും മതിയായ നഷ്ടപരിഹാരം നൽകണമെന്നുമാവശ്യപ്പെട്ട് ഹർഷിന തിരുവോണനാളിൽ പട്ടിണിസമരം പ്രഖ്യാപിച്ചിട്ടുണ്ട്. സമരത്തിൽ നടൻ ജോയ് മാത്യു അടക്കമുള്ളവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.