കോഴിക്കോട്: കിടന്ന കിടപ്പിൽനിന്ന് എഴുന്നേൽക്കാൻ പറ്റാത്ത വേദന കടിച്ചമർത്തി, പെരുമഴയിൽ പനിച്ചുപൊള്ളുന്ന മകളെ മടിയിലിരുത്തി... എണ്ണിയാലൊടുങ്ങാത്ത യാതനകൾ സഹിച്ച് മൂന്നു മാസത്തിലധികം നീണ്ട സന്ധിയില്ലാ സമരത്തിന് തിരശ്ശീലയിടുമ്പോൾ ഹർഷിനക്ക് മുന്നിൽ ഇനിയുമേറെ ആശങ്കകൾ ബാക്കി. കുറ്റക്കാരെ നിയമത്തിനുമുന്നിൽ എത്തിച്ച ആശ്വാസത്തിലാണ് ഹർഷിന 104 ദിവസം നീണ്ട സമരം അവസാനിപ്പിച്ചത്. എങ്കിലും ചികിത്സക്ക് ചെലവഴിച്ച ഭാരിച്ച തുകയെങ്കിലും സർക്കാർ നഷ്ടപരിഹാരമായി നൽകണമെന്ന ആവശ്യം ഇനിയും അംഗീകരിച്ചില്ലെന്നത് ആശങ്ക ബാക്കിയാക്കുന്നു.
കത്രിക എവിടെ നിന്ന് വയറ്റിൽ കുടുങ്ങി എന്നുപോലും കണ്ടെത്താൻ ശ്രമിക്കാത്ത, സർക്കാർ ആശുപത്രിയിലെ വീഴ്ചകാരണമുണ്ടായ അധിക ചികിത്സാ ബാധ്യതപോലും നൽകാൻ തയാറാവാത്ത ആരോഗ്യ വകുപ്പിന്റെ ചിറ്റമ്മ നയത്തിനെതിരെ മേയ് 22നാണ് ഹർഷിന മെഡിക്കൽ കോളജിനുമുന്നിൽ രണ്ടാംഘട്ട സമരം തുടങ്ങിയത്. തുച്ഛമായ നഷ്ട പരിഹാരം സ്വീകരിക്കാതെ സമരത്തിനെത്തിയ ഹർഷിനയെ ആദ്യം സർക്കാർ തിരിഞ്ഞുനോക്കിയില്ല. ശാരീരിക അവശതകൾ നിരന്തരം അലട്ടിക്കൊണ്ടിരുന്ന ഹർഷിന അഞ്ചുതവണ സമരപ്പന്തലിൽ തലകറങ്ങിവീണു. എന്നിട്ടും ആശുപത്രിയിൽ നിന്നു വീണ്ടും സമരപ്പന്തലിലെത്തി. കുട്ടികളുടെ പഠനം ഒരു മാസത്തോളം മുടങ്ങി. അവർക്ക് നല്ല ഭക്ഷണം കൊടുക്കാൻ പോലും കഴിഞ്ഞില്ല. കുടുംബത്തിലെ ആഘോഷങ്ങളിലൊന്നും പങ്കെടുത്തില്ല. ഭർത്താവിന്റെ ജോലി നഷ്ടപ്പെട്ടു. എല്ലാം സഹിച്ചത് ഒരുനാൾ നീതി പുലരുമെന്ന പ്രതീക്ഷയോടെയായിരുന്നുവെന്ന് ഹർഷിന പറയുന്നു.
ചെയർമാൻ ദിനേശ് പെരുമണ്ണയുടെ നേതൃത്വത്തിൽ സമരസമിതിയും ഇവർക്ക് താങ്ങായി നിന്നു. സമരം ശക്തമായതോടെ കേസന്വേഷണത്തിന് ജീവൻവെച്ചു. പെരുന്നാൾ ദിനത്തിൽ കുടുംബത്തോടൊപ്പം പെരുന്നാൾ ആഘോഷിക്കാൻ നിൽക്കാതെ സമരപ്പന്തലിൽ കഞ്ഞിവെപ്പ് സമരം നടത്തി. കത്രിക എവിടെനിന്ന് കുടങ്ങിയതാണെന്ന് കണ്ടെത്താൻ കഴിയില്ലെന്നുപറഞ്ഞ് ആരോഗ്യ വകുപ്പ് ഒളിച്ചുകളിച്ചപ്പോൾ അത് മെഡിക്കൽ കോളജിൽനിന്നാണ് വയറ്റിൽ കുടുങ്ങിയതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. എന്നാൽ, മെഡിക്കൽ ബോർഡ് ചേർന്നപ്പോൾ പൊലീസ് അന്വേഷണ റിപ്പോർട്ട് തള്ളി. ഇതിനെതിരെ ഡി.എം.ഒ ഓഫിസ് ഉപരോധിച്ച ഹർഷിനയെ പൊലീസ് വലിച്ചിഴച്ച് അറസ്റ്റ് ചെയ്തുനീക്കി. മെഡിക്കൽ ബോർഡ് തള്ളിയതിനെതിരെ സെക്രട്ടേറിയറ്റിനുമുന്നിൽ ഏകദിന ഉപവാസം കൂടി നടത്തിയപ്പോൾ കുറ്റവാളികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരുകയല്ലാതെ മറ്റ് നിർവാഹമില്ലെന്ന അവസ്ഥയിലേക്ക് ആരോഗ്യ വകുപ്പും സംസ്ഥാന സർക്കാറും എത്തി. അന്വേഷണവുമായി മുന്നോട്ടുനീങ്ങാൻ പൊലീസിന് നിർദേശം നൽകുകയും ചെയ്തു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ. മുരളീധരൻ എം.പി, എം.കെ. രാഘവൻ എം.പി, മുസ്ലിം ലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, പി.എം.എ. സലാം, ഇ.ടി. മുഹമ്മദ് ബഷീർ എം.പി, വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി, കെ.കെ. രമ, അഡ്വ. ടി. സിദ്ദീഖ്, മുൻ ആരോഗ്യ മന്ത്രി വി.സി. കബീർ, സാംസ്കാരിക പ്രവർത്തകരായ കൽപ്പറ്റ നാരായണൻ, എം.എൻ. കാരശ്ശേരി, ജോയ് മാത്യു, യു.കെ. കുമാരൻ, ഗ്രോ വാസു, മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ, ഷാനിമോൾ ഉസ്മാൻ, വിമന് ജസ്റ്റിസ് മൂവ്മെന്റ് നേതാവ് ഫായിസ, വനിത ലീഗ് നേതാവ് പി. കുൽസു ടീച്ചർ തുടങ്ങി നിരവധി പേർ പിന്തുണയുമായി എത്തിയിരുന്നു. ഇനിയൊരു സമരത്തിനുകൂടി തന്നെ തെരുവിലേക്കിറക്കാതെ സർക്കാർ വാക്കുപാലിക്കുമെന്ന ആശ്വാസത്തിലാണ് ഹർഷിനയും സമരസമിതിയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.