കോഴിക്കോട്: കഴിഞ്ഞവർഷത്തെ കുടിശ്ശിക മാർച്ച് 31നകം നൽകാമെന്ന ധാരണയിൽ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി വികസന സമിതിയുടെ ന്യായവില മരുന്നു ഷോപ്പുകളിലേക്കുള്ള മരുന്ന്, സർജിക്കൽ ഉപകരണ വിതരണം പുനരാരംഭിച്ചു. കഴിഞ്ഞ വർഷം ഡിസംബർവരെ മരുന്ന് വിതരണം ചെയ്ത ഇനത്തിലുള്ള കുടിശ്ശിക മാർച്ചോടെ നൽകാമെന്നാണ് ധാരണ. ഒരു കോടി രൂപ തിങ്കളാഴ്ച നൽകി.
കുടിശ്ശികയുടെ ഒരു ഭാഗം അടുത്ത വെള്ളിയാഴ്ചക്കകവും ബാക്കി മാർച്ച് 31നും നൽകും. തങ്ങളുടെ ലഭ്യതക്കനുസരിച്ച് മരുന്ന് വിതരണം ഉടൻ പുനഃസ്ഥാപിക്കുമെന്ന് മരുന്ന് വിതരണക്കാർ അറിയിച്ചു. മരുന്ന് ക്ഷാമം പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് എം.കെ. രാഘവൻ എം.പി മെഡിക്കൽ കോളജിനു പുറത്ത് ഉപവാസ സമരം നടത്തുന്നതിനിടെ, സൂപ്രണ്ടിന്റെ ഓഫിസിൽ മരുന്ന് വിതരണക്കാരുമായി രണ്ടുമണിക്കൂറിലധികം നീണ്ട ചർച്ചക്കൊടുവിലാണ് പ്രശ്നത്തിന് പരിഹാരമായത്. രണ്ടുഘട്ടമായി 11 കോടി രൂപ അനുവദിക്കാമെന്ന ആദ്യ ഉപാധി വിതരണക്കാർ നിരാകരിക്കുകയായിരുന്നു. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. എം.പി. ശ്രീജയൻ, ഫാർമസി ഇൻചാർജ് മഞ്ജു എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു മരുന്ന് വിതരണക്കാരുടെ സംഘടന പ്രതിനിധികളുമായുള്ള ചർച്ച.
മുന്നോട്ടുളള മരുന്നു വിതരണത്തിന് തടസ്സം നേരിടുകയാണെങ്കിൽ സൂപ്രണ്ടുമായി സംസാരിച്ച് പ്രശ്നപരിഹാരം ഉണ്ടാക്കാനും തീരുമാനിച്ചു. എട്ടുമാസത്തെ കുടിശ്ശികയായി 75 കോടി രൂപയാണ് മെഡിക്കൽ കോളജിൽനിന്ന് വിതരണക്കാർക്ക് ലഭിക്കാനുള്ളത്.
കുടിശ്ശിക ലഭിച്ചില്ലെങ്കിൽ മരുന്ന് വിതരണം നിർത്തിവെക്കും എന്ന് കാണിച്ച് കഴിഞ്ഞ ഫെബ്രുവരിയിൽ തന്നെ വിതരണക്കാർ സൂപ്രണ്ട്, കലക്ടർ, ആരോഗ്യ മന്ത്രി അടക്കമുള്ളവർക്ക് നിവേദനം നൽകിയിരുന്നെങ്കിലും മറുപടി ലഭിച്ചിരുന്നില്ല. തുടർന്നാണ് മാർച്ച് 10 മുതൽ വിതരണക്കാർ മരുന്ന്, സർജിക്കൽ ഉപകരണ വിതരണം നിർത്തിയത്. കമ്പനികൾ മരുന്ന് വിതരണം നിർത്തിവെച്ചതോടെ മെഡിക്കൽ കോളജിൽ കാരുണ്യ ഇൻഷുറൻസ് വഴിയുള്ള മേജർ ശസ്ത്രക്രിയകൾ മുടങ്ങിയിരുന്നു.
മാത്രമല്ല അർബുദം, ഡയാലിസിസ് അടക്കമുള്ള രോഗികൾക്കുള്ള സൗജന്യ മരുന്ന് വിതരണവും നിലച്ചു. ആശുപത്രി വികസന സമിതിയുടെ ന്യായവില മെഡിക്കൽ ഷോപ്പിൽ അവശ്യമരുന്നുകളും സ്റ്റോക്ക് തീർന്നത് രോഗികളെ ദുരിതത്തിലാക്കിയിരുന്നു. മരുന്ന് ക്ഷാമത്തെതുടർന്ന് കണക്കെടുപ്പിനെന്ന പേരിൽ ന്യായവില മെഡിക്കൽ ഷോപ് അടച്ചിടുകയും ചെയ്തിരുന്നു.
തുടർന്ന് എം.പിയടക്കം പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് പ്രശ്നപരിഹാരത്തിന് ആരോഗ്യ വകുപ്പ് തയാറായത്. മലബാറിലെ വിവിധ ജില്ലകളിൽനിന്ന് വരുന്ന രോഗികളാണ് മരുന്ന് ലഭിക്കാതെ ദുരിതത്തിലായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.