കോഴിക്കോട്: കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രഖ്യാപിക്കുന്ന കണ്ടെയ്ൻമെൻറ് സോണിലെ കടകളടപ്പിക്കുന്നതിനെതിരെ വ്യാപാരികൾ. അവശ്യസാധന കടകൾ ഒഴികെ മറ്റെല്ലാം അടച്ചിടണമെന്നത് അശാസ്ത്രീയമാെണന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയും വ്യപാരി വ്യവസായി സമിതിയും ചൂണ്ടിക്കാട്ടുന്നു. കണ്ടെയ്ൻമെൻറ് സോണുകളിൽ പൊതു വാഹനഗതാഗതം, ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, സർക്കാർ ഓഫിസുകൾ, മറ്റ് ഒാഫിസുകൾ എന്നിവ പതിവുപോലെ പ്രവർത്തിക്കുന്നുണ്ട്. ഹോട്ടൽ, പലചരക്കുകട, പഴം -പച്ചക്കറിക്കട എന്നിവക്കും വിലക്കില്ല. ഇൗ അവസ്ഥയിൽ ചുരുക്കം വരുന്ന ഇതര സ്ഥാപനങ്ങൾ പൂട്ടിയിടണമെന്നത് ശാസ്ത്രീയ നടപടിയല്ല. നിയന്ത്രണങ്ങൾ കർശനമാക്കി എല്ലാ കടകളും തുറക്കാൻ ജില്ല ഭരണകൂടം അനുവദിക്കുകയാണ് വേണ്ടതെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു.
മാർക്കറ്റുകളിൽ കോവിഡ്നിയന്ത്രണം ശക്തമാക്കി എല്ലാ കടകളും തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് സംഘടനകൾ. ശനിയാഴ്ച നിലനിൽപിനായുള്ള സത്യഗ്രഹ സമരം എല്ലാ യൂണിനിറ്റിലും സംഘടിപ്പിക്കാൻ വ്യാപാരി വ്യവസായി സമിതി ജില്ല കമ്മിറ്റി തീരുമാനിച്ചു. പ്രസിഡൻറ് സൂര്യ അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ടി. മരക്കാർ, സി.കെ. വിജയൻ, കെ.എം. റഫീഖ്, ഗഫൂർ രാജധാനി, സന്തോഷ് സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.
കോവിഡിെൻറ പേരിൽ അശാസ്ത്രീയമായി കടകളടപ്പിക്കുന്നതിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത്വിങ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിനുമുന്നിൽ നിരാഹാര സമരം നടത്തി. ജില്ല പ്രസിഡൻറ് മനാഫ് കാപ്പാട്, ജനറൽ സെക്രട്ടറി സലീം രാമനാട്ടുകര, വൈസ് പ്രസിഡൻറ് സിദ്ദീഖ് പൂവാട്ടുപറമ്പ് എന്നിവർ നടത്തിയ സമരം ഏകോപന സമിതി സംസ്ഥാന പ്രസിഡൻറ് ടി. നസിറുദ്ദീൻ ഉദ്ഘാടനം ചെയ്തു. യൂത്ത്വിങ് സംസ്ഥാന പ്രസിഡൻറ് ജോജിൻ ടി. ജോയ് അധ്യക്ഷതവഹിച്ചു.
സംസ്ഥാന സെക്രട്ടറി കെ. സേതുമാധവൻ, എ.വി.എം. കബീർ, കെ.പി. അബ്ദുൽ റസാഖ്, വി. സുനിൽ കുമാർ, നൗഷാദ് വയനാട്, സലീം രാമനാട്ടുകര തുടങ്ങിയവർ സംസാരിച്ചു.
വ്യാപാരികളുടെ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണുമെന്ന ജില്ല കലക്ടർ സാംബശിവറാവുവിെൻറ ഉറപ്പിനെ തുടർന്ന് സമരം അവസാനിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.