കോഴിക്കോട്: റെയിൽവേ ബജറ്റ് സമ്മേളനത്തിന് മുമ്പ് എം.പിമാരുമായി നടത്തുന്ന യോഗത്തിെൻറ പ്രയോജനമെന്തെന്ന് ഉദ്യോഗസ്ഥരോട് എം.കെ. രാഘവൻ എം.പി. വെള്ളിയാഴ്ച സതേൺ റെയിൽവേ ജനറൽ മാനേജർ വിളിച്ചുചേർത്ത പാലക്കാട് ഡിവിഷനിലെ എം.പിമാരുടെ യോഗത്തിലാണ് എം.കെ. രാഘവൻ പൊട്ടിത്തെറിച്ചത്. യാത്രക്കാർക്ക് പ്രയോജനകരമാവുന്ന എം.പി മാരുടെ നിർദേശങ്ങളിൽ 99 ശതമാനവും ഓരോ യോഗങ്ങളിലും റെയിൽവേ തള്ളിക്കളയുന്ന സാഹചര്യമാണുള്ളതെന്നും യോഗം വഴിപാട് മാത്രമാണെന്നും എം.പി കുറ്റപ്പെടുത്തി.
റെയിൽവേ വിഷയങ്ങളിൽ വിദഗ്ധരുടെ അഭിപ്രായംകൂടി കണക്കിലെടുത്താണ് താൻ പല നിർദേശങ്ങളും സമർപ്പിക്കാറുള്ളത്. എന്നാൽ, റെയിൽവേയുടെ നിഷേധാത്മക മനോഭാവം കാരണം എം.പിമാരുടെ പ്രയത്നവും പരിശ്രമവും ഇല്ലെന്ന തരത്തിലാണ് പൊതുജന മധ്യത്തിൽ പ്രചാരണം. 16511/12 ബംഗളൂരു-കണ്ണൂർ എക്സ്പ്രസ് കോഴിക്കോടു വരെ നീട്ടുന്നതിന് സമർപ്പിച്ച നിർദേശം ഉദാഹരണമായി എം.പി ചൂണ്ടിക്കാട്ടി. സൗത്ത് വെസ്റ്റേൺ റെയിൽവേ സമ്മതിച്ചിട്ടും കോഴിക്കോട് വരെയെത്തി തിരിച്ചുപോകാനുള്ള സമയം ലഭ്യമായിട്ടും പ്ലാറ്റ്ഫോം അഭാവം എന്ന ന്യായം പറഞ്ഞ് നിർദേശം പരിഗണിക്കാൻ സാധ്യമല്ലെന്നാണ് റെയിൽവേ അറിയിച്ചത്.
എന്നാൽ, നിലവിൽ സർവിസ് നടത്തുന്ന മംഗലാപുരം-കോഴിക്കോട് എക്സ്പ്രസ് മെമു സർവിസായി മാറ്റി പാലക്കാട് വരെ നീട്ടിയാൽ മലബാറിന് മൊത്തം പ്രയോജനകരമാവുമെന്നും ചെറിയ ക്രമീകരണത്തിലൂടെ പ്ലാറ്റ്ഫോം അഭാവം മറികടക്കാവുന്നതേയുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എം.പിയുടെ ആവശ്യം പരിഗണിച്ച് നിർദേശം പുനഃപരിശോധിക്കാമെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകി.
മംഗലാപുരം -ഷൊർണൂർ പാതയിൽ വൈദ്യുതീകരണം പൂർത്തിയായിട്ടും ഒരു മെമു സർവിസ് മാത്രമാണ് ഇപ്പോഴുള്ളത്. കൂടാതെ മംഗലാപുരത്തെ പിറ്റ് ലൈൻ പ്രവൃത്തികൾ പൂർത്തീകരിച്ചാലുടൻ ബംഗളൂരുവിൽ നിന്നും പാലക്കാട് വഴി മംഗലാപുരത്തേക്ക് പുതിയ സർവിസ് എന്ന എക്കാലത്തെയും ആവശ്യവും യാഥാർഥ്യമാക്കാം.
കോഴിക്കോട് റെയിൽവേ സ്റ്റേഷൻ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തുന്ന പദ്ധതി സംബന്ധിച്ചുന്നയിച്ച ചോദ്യത്തിന് റെയിൽവേ ലഭ്യമാക്കിയ മറുപടി യുക്തിപരമാണോ എന്ന് സ്വയം വിലയിരുത്തണമെന്നും എം.പി ആവശ്യപ്പെട്ടു. പുതിയ ട്രെയിനുകൾ ആവശ്യപ്പെടുമ്പോൾ അറ്റകുറ്റപ്പണിക്കുള്ള സൗകര്യങ്ങളില്ലെന്ന മറുപടിയും, അറ്റകുറ്റപ്പണികൾക്കായി പിറ്റ് ലൈൻ നിർമിക്കാൻ ആവശ്യപ്പെട്ടാൽ നാച്വുറൽ ടെർമിനലുകൾ ഇല്ലെന്നും നിശ്ചിത ദൂരത്തിനിടയിൽ പിറ്റ് ലൈൻ സ്ഥാപിക്കാൻ സാധിക്കില്ലെന്നും മറുപടി നൽകും.
എന്നാൽ, നാലിടങ്ങളിൽ പിറ്റ് ലൈൻ ഉള്ള തിരുവനന്തപുരം ഡിവിഷൻ ഉൾപ്പെടെ മറ്റു ഡിവിഷനുകൾക്ക് ഈ കാര്യങ്ങൾ ബാധകമല്ലേയെന്നും എം.പി ഉദ്യോഗസ്ഥരോട് ആരാഞ്ഞു. മലബാറിനോടുള്ള ഈ സമീപനവുമായി എക്കാലവും മുന്നോട്ടു പോവാൻ കഴിയുമെന്ന് കരുതേണ്ടെന്നും നിലവിലുന്നയിച്ച കാര്യങ്ങൾക്ക് അടിയന്തര പരിഗണന ലഭ്യമായില്ലെങ്കിൽ സതേൺ റെയിൽവേ ആസ്ഥാനത്ത് സമരമിരിക്കുമെന്നും എം.കെ. രാഘവൻ എം.പി മുന്നറിയിപ്പ് നൽകി. ആവശ്യപ്പെട്ട പ്രകാരം 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കടലുണ്ടി റെയിൽവേ സ്റ്റേഷൻ പ്ലാറ്റ് ഫോം ഒന്നും രണ്ടും ഉയർത്തുമെന്ന് റെയിൽവേ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.