ഗാന്ധി റോഡിലെ വ്യവസായവകുപ്പിന്റെ സ്ഥലം

കോഴിക്കോടിന് ആധുനിക കൺവെൻഷൻ സെന്‍റർ: നഗരഹൃദയത്തിൽ കോടികളുടെ ഭൂമി വെറുതെ കിടക്കുന്നു

കോഴിക്കോട്: പുതിയകാലത്തെ ആവശ്യങ്ങൾക്കനുസരിച്ച് കോഴിക്കോട്ട് ആധുനിക കൺവെൻഷൻ സെന്‍റർ ഇല്ലെന്ന പരാതി തുടരുമ്പോഴും നഗരഹൃദയത്തിൽ കൺവെൻഷൻ സെന്‍റർ പണിയാൻ പദ്ധതിയിട്ടിരുന്ന ഏക്കർ കണക്കിന് സ്ഥലം വെറുതെ കിടക്കുന്നു. ഗാന്ധി റോഡിൽ കേരള സോപ്സ് ഗോഡൗണായി ഉപയോഗിച്ചിരുന്ന വ്യവസായ വകുപ്പിന്‍റെ മൂന്നേക്കറിലേറെ സ്ഥലമാണ് ഇപ്പോഴും ഉപയോഗമില്ലാതെ കിടക്കുന്നത്. സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെ കാവലും വൃത്തിയാക്കലുമൊന്നും ഇപ്പോൾ കാര്യമായി ഇല്ല.

നേരത്തേ കാടുപിടിച്ചു കിടന്നിരുന്ന സ്ഥലം സാമൂഹികവിരുദ്ധരുടെ താവളമായതോടെ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്നാണ് വൃത്തിയാക്കി സെക്യൂരിറ്റി സ്റ്റാഫിനെയും മറ്റും നിയമിച്ചത്. ചുറ്റുമതിലും ഗേറ്റുമായി. എല്ലാം ഇപ്പോൾ പഴയപടിയായതായി പരിസരവാസികൾ പറയുന്നു. കേരള സോപ്സ് ആൻഡ് ഓയിൽസിന്‍റെ പഴയ കെട്ടിടങ്ങളും മറ്റും പൊളിച്ചുനീക്കിയതിനാൽ തുറസ്സായി കിടക്കുകയാണ് ഭൂമിയിപ്പോൾ. ധാരാളം ഫലവൃക്ഷങ്ങളുള്ള സ്ഥലത്ത് ഇപ്പോൾ ഫുട്ബാൾ കളിക്കാരുമെത്തുന്നു. നേരത്തേ കിൻഫ്ര ആഭിമുഖ്യത്തിൽ 170 കോടിയോളം രൂപയുടെ മലബാർ ഇന്‍റർനാഷനൽ കൺവെൻഷൻ സെൻറർ പണിയാൻ പദ്ധതിയുണ്ടായിരുന്നുവെങ്കിലും ഒന്നും നടന്നില്ല.

പദ്ധതി തയാറാക്കും മുമ്പ് മണ്ണു പരിശോധന വരെ നടന്നിരുന്നു. മണ്ണുമാന്തിയും മറ്റും ഉപയോഗിച്ച് സ്ഥലം നിരപ്പാക്കുകയും ചെയ്തിരുന്നു. എക്സിബിഷൻ സെന്‍റർ, വലിയ ഹാൾ, പാർക്കിങ് തുടങ്ങി 14 നില കെട്ടിടത്തിലുള്ള വിവിധോദ്ദേശ്യ പദ്ധതിയായിരുന്ന ലക്ഷ്യമിട്ടത്.

ഇടക്ക് സീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റിന്‍റെ പൈപ്പ് സംഭരിക്കാനും പെട്രോൾ പമ്പ് തുടങ്ങാനും മറ്റും സ്ഥലം പരിഗണിച്ചിരുന്നുവെങ്കിലും മുന്നോട്ട് പോയില്ല. കിൻഫ്ര, കെ.എസ്.ഐ, ഇൻകെൽ തുടങ്ങി വിവിധ ഏജൻസികളുടെ മേൽനോട്ടത്തിലുള്ള പദ്ധതികൾക്ക് സ്ഥലം പരിഗണിച്ചെങ്കിലും യാഥാർഥ്യമായില്ല. ഏറ്റവുമൊടുവിൽ 2013ൽ കാലിക്കറ്റ് ഫ്ലവർഷോ നടന്നപ്പോൾ മാത്രമാണ് വെറുതെ കിടക്കുന്ന കോടികൾ വിലയുള്ള സ്ഥലം എന്തെങ്കിലും കാര്യത്തിനായി ഉപയോഗിച്ചത്.

സംയുക്ത സംരംഭമായി കൺവെൻഷൻ സെന്‍റർ പണിയും

വ്യവസായ വകുപ്പിന്‍റെ കൈവശമുള്ള കേരള സോപ്സിന്‍റെ ഭൂമിയിൽ സംയുക്ത സംരംഭമായി കൺവെൻഷൻ സെന്‍റർ സ്ഥാപിക്കുവാനുള്ള ശ്രമം ആരംഭിച്ചതായി ഡെപ്യൂട്ടി മേയർ സി.പി. മുസഫർ അഹമ്മദ് പറഞ്ഞു. ഇക്കൊല്ലത്തെ ബജറ്റിലുള്ള പ്രധാന നിർദേശങ്ങളിലൊന്നാണിത്. ഇതിനുള്ള തുക ബജറ്റിൽ വകയിരുത്തിയിട്ടുമുണ്ട്.

ഈ ബജറ്റ് വർഷം നടപടികളാരംഭിക്കും. സാംസ്കാരിക വകുപ്പിന്‍റെ സഹായത്തോടെ നഗരത്തിൽ അന്താരാഷ്ട്ര നിലവാരമുള്ള തിയറ്റർ കോംപ്ലക്സ് പണിയുമെന്നതും ഈ വർഷത്തെ കോർപറേഷൻ ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങളിലൊന്നാണ്.

Tags:    
News Summary - Modern Convention Center for Kozhikode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.