കോഴിക്കോട്: സരോവരം ബയോ പാർക്ക് മേഖല കേന്ദ്രീകരിച്ച് നാടൻ രുചി വൈവിധ്യവുമായി മോഡേൺ ഫുഡ് സ്ട്രീറ്റിന് പദ്ധതി. രാജ്യത്തെ നൂറു നഗരങ്ങളിൽ ഫുഡ് സ്ട്രീറ്റുകൾ ഒരുക്കാനുള്ള കേന്ദ്രസർക്കാർ പദ്ധതിയിലാണ് കോഴിക്കോടും ഉൾപ്പെട്ടത്. ഒരു കോടി രൂപയാണ് കേന്ദ്രം ഇതിനായി അനുവദിക്കുക. കോഴിക്കോടിനൊപ്പം എറണാകുളം, തിരുവനന്തപുരം, ഇടുക്കിയിലെ മൂന്നാർ എന്നിവയാണ് കേരളത്തിൽ നിന്ന് പദ്ധതിക്കായി തിരഞ്ഞെടുക്കപ്പെട്ട മറ്റു പ്രദേശങ്ങൾ. ഒരു കോടി ചെലവിൽ ആധുനിക രീതിയിൽ ചുരുങ്ങിയത് 20 സ്റ്റാളുകളുള്ള കെട്ടിടമാണ് ഒരുക്കുക.
ഇതിനൊപ്പം പൊതു ഡൈനിങ് ഹാൾ, ശുചിമുറി, പാർക്കിങ് കേന്ദ്രം എന്നിവയും ഒരുക്കും. സ്റ്റാളുകൾ സ്വകാര്യ വ്യക്തികൾ, കുടുംബശ്രീ പോലുള്ള സംഘടനകൾ എന്നിവക്ക് നൽകിയാണ് രുചിവൈിധ്യങ്ങൾ ഒരുക്കുക. തനി നാടൻ വിഭവങ്ങളും തെരുവുകളിൽ ലഭിക്കുന്ന വിഭവങ്ങളുമാണ് ഇവിടെ ലൈവായി നിർമിച്ചു നൽകുക. കോർപറേഷൻ, ഭക്ഷ്യസുരക്ഷ വകുപ്പ്, നാഷനൽ ഹെൽത്ത് മിഷൻ, വിനോദ സഞ്ചാര വകുപ്പ് എന്നിവ സംയുക്തമായാണ് പദ്ധതി പ്രാവർത്തികമാക്കുക.
കോഴിക്കോട് കടപ്പുറം ഉൾപ്പെടെ പ്രദേശങ്ങൾ പദ്ധതിക്കായി പരിഗണിച്ചിരുന്നുവെങ്കിലും സരോവരം ഭാഗത്ത് പദ്ധതി യാഥാർഥ്യമാക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് മേയർ ഡോ. ബീന ഫിലിപ് പറഞ്ഞു. സരോവരം ബോയോ പാർക്കിനു സമീപം വാട്ടർ അതോറിറ്റിയുടെ രണ്ടേക്കറിലധികം സ്ഥലമുണ്ട്. ഇത് പദ്ധതിക്കായി ലഭ്യമാക്കാനാണ് ശ്രമം നടത്തുന്നത്. സ്ഥലം ലഭിച്ചാൽ പ്രോജക്ട് സമർപ്പിക്കും. തുടർന്ന് വിശദ പദ്ധതിരേഖ ഉൾപ്പെടെ തയാറാക്കും. കനാൽ സിറ്റി പദ്ധതി പ്രകാരം ടൂറിസം വികസനമടക്കം ലക്ഷ്യമിട്ട് കനോലി കനാൽ നവീകരിച്ച് വികസിപ്പിക്കാൻ സർക്കാർ നേരത്തേ തീരുമാനിച്ചിട്ടുണ്ട്.
ഇതോടെ മറ്റു ജില്ലകളിൽ നിന്നും കേരളത്തിന് പുറത്തുനിന്നും വിനോദ സഞ്ചാരികൾ ഇവിടേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുകൂടി മുൻനിർത്തിയാണ് സരോവരം പ്രദേശം മോഡേൺ ഫുഡ് സ്ട്രീറ്റിനായി പരിഗണിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.