കോഴിക്കോട്: കുറ്റിച്ചിറ കുളം നവീകരണ പൈതൃക പദ്ധതിയുടെയും ഇബ്നു ബത്തൂത്ത നടപ്പാതയുടെയും ഉദ്ഘാടനം മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് ശനിയാഴ്ച രാത്രി നിര്‍വഹിച്ചു. മലബാറിലെ പ്രകൃതിമനോഹരമായ പ്രദേശങ്ങൾ മാത്രമല്ല, ചരിത്ര-സാംസ്കാരിക-സാമൂഹിക-പൈതൃക പ്രാധാന്യമുള്ള പ്രദേശങ്ങളെല്ലാം ടൂറിസം സാധ്യതകൾ വർധിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അധ്യക്ഷത വഹിച്ചു.
രണ്ട് കോടി രൂപ ചെലവഴിച്ച് നാല് ഘട്ടങ്ങളായാണ് പൈതൃകപദ്ധതി പൂര്‍ത്തിയാക്കിയത്. കുറ്റിച്ചിറ കുളം നവീകരണപദ്ധതിക്കായി 98,43,506 രൂപയുടെയും ഇബ്നു ബത്തൂത്ത നടപ്പാതക്ക് 25,00,000 രൂപയുടെയും ഭരണാനുമതിയാണ് വിനോദസഞ്ചാര വകുപ്പ് നല്‍കിയിരുന്നത്. 75 ലക്ഷം രൂപ എം.കെ. മുനീര്‍ എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടും പദ്ധതിക്കായി വിനിയോഗിച്ചു. ഇബ്നു ബത്തൂത്തയുടെ സ്മരണാർഥം നിര്‍മിച്ച ഇബ്നു ബത്തൂത്ത നടപ്പാത കോഴിക്കോടിന്‍റെ സാംസ്‌കാരിക പൈതൃകചരിത്രം വിളിച്ചോതുന്നതാണ്.
സ്വാതന്ത്ര്യസമര സേനാനി ഹസ്സന്‍കോയ മുല്ലയുടെ പേരിലുള്ള കുട്ടികളുടെ പാര്‍ക്ക്, കുളക്കടവ് നവീകരണം, കുളം ശുചിയാക്കല്‍, നടപ്പാത, ഇരിപ്പിട നവീകരണം, ക്ലാഡിങ് വര്‍ക്ക്, അലങ്കാരവിളക്കുകള്‍, ഇലക്ട്രിക്കല്‍ വര്‍ക്ക് തുടങ്ങിയ പ്രവൃത്തികളാണ് കുറ്റിച്ചിറയിൽ പൂര്‍ത്തീകരിച്ചത്. മേയർ ഡോ. ബീന ഫിലിപ് മുഖ്യാതിഥിയായി. കുറ്റിച്ചിറ വാർഡ് കൗൺസിലർ കെ. മൊയ്‌തീൻ കോയ, വലിയങ്ങാടി കൗൺസിലർ എസ്.കെ. അബൂബക്കർ, മുഖദാർ കൗൺസിലർ പി. മുഹ്സിന, എൻ.ഐ.ടി ഡയറക്ടർ പ്രസാദ് കൃഷ്ണ, എ.കെ. കസ്തൂർബ, എൻ.പി. നൗഷാദ്, കെ.എം. അബ്ദുൽ മനാഫ്, സി. അബ്ദുറഹീം, പി.ടി. ആസാദ്, സി.ഇ.വി അബ്ദുൽ ഗഫൂർ, സി.പി. ഹമീദ്, പി.എം. ഇക്ബാൽ, എൻജിനീയർ മുഹമ്മദ് കോയ, കെ.പി. മുഹമ്മദ് കോയ, ഡി.ടി.പി.സി സെക്രട്ടറി ടി. നിഖിൽദാസ് എന്നിവർ സംസാരിച്ചു. നഗരാസൂത്രണ സമിതി അധ്യക്ഷ കൃഷ്ണകുമാരി സ്വാഗതവും കോർപറേഷൻ അഡീഷനൽ സെക്രട്ടറി കെ. മനോഹർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.