കോഴിക്കോട്: നഗരത്തിൽ ഓട്ടോ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തിയതിനു പിന്നിൽ വൻ ആസൂത്രണം നടന്നതായി സൂചന. ഇതോടെ പൊലീസ് അന്വേഷണം പ്രാദേശിക ക്വട്ടേഷൻ സംഘങ്ങളെയടക്കം കേന്ദ്രീകരിച്ചാണ് പുരോഗമിക്കുന്നത്. വെള്ളയിൽ പണിക്കർ റോഡ് നാലുകുടി പറമ്പിൽ ശ്രീകാന്താണ് (47) ഞായറാഴ്ച പുലർച്ചയോടെ വീടിനു സമീപം നിർത്തിയിട്ട ഓട്ടോക്കടുത്ത് നടപ്പാതയിൽ വെട്ടേറ്റ് മരിച്ചത്. ഇരുപതോളം വെട്ടേറ്റ പാടുകളാണ് ശ്രീകാന്തിന്റെ ശരീരത്തിലുള്ളത്. ഇതോടെ കൊലയിൽ ഒന്നിലധികം പേർക്ക് പങ്കുള്ളതായാണ് സംശയിക്കുന്നത്. കേരള സോപ്സിന് പിന്നിലെ കൊല നടന്ന സ്ഥലത്ത് നിർത്തിയിടാറുള്ള സ്വന്തം കാറിലാണ് ശ്രീകാന്ത് അധിക ദിവസവും ഉറങ്ങാറ്. ആ കാറാണ് അജ്ഞാതർ ഇന്ധനം ഒഴിച്ച് വെള്ളിയാഴ്ച രാത്രി കത്തിച്ചത്.
കാറിനകത്ത് ശ്രീകാന്ത് ഉറങ്ങുന്നുവെന്ന ധാരണയിൽ അപായപ്പെടുത്തുക ലക്ഷ്യമിട്ടാണ് കാർ കത്തിച്ചത് എന്നും പൊലീസ് സംശയിക്കുന്നുണ്ട്. അന്ന് കൊലപാതക ശ്രമം പാളിയതാണെങ്കിൽ ശ്രീകാന്തിനെ കൊലയാളി പിന്തുടർന്നിട്ടുണ്ടാവുമെന്നാണ് പൊലീസ് കണക്കുകൂട്ടുന്നത്. ഇക്കാര്യത്തിൽ വ്യക്തത വരുത്തുന്നതിനായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ സി.സി.ടി.വി കാമറ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരുകയാണ്. നല്ല ആരോഗ്യമുള്ളതിനാൽ ശ്രീകാന്തിനെ ഒന്നോരണ്ടോ പേർക്ക് വകവരുത്താനാവില്ല എന്നത് മുൻകൂട്ടി മനസ്സിലാക്കിയാണ് മദ്യലഹരിയിലുള്ള സമയം ആക്രമിച്ചത് എന്നും കരുതുന്നു. കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് ശ്രീകാന്തിനൊപ്പം മറ്റു രണ്ടുപേര്‍ കൂടി ഓട്ടോയില്‍ മദ്യലഹരിയിൽ ഉണ്ടായിരുന്നതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊല നടക്കുന്നതിന് തൊട്ടുമുമ്പ് ഇതിലൊരാള്‍ പോയി. രണ്ടാമത്തെയാൾ ഓട്ടോയില്‍ തന്നെ മദ്യലഹരിയില്‍ അബോധാവസ്ഥയിലായിരുന്നു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. സംഭവസ്ഥലത്ത് എത്തുന്നതിനുമുമ്പ് വെള്ളയില്‍ ഹാര്‍ബര്‍ ഭാഗത്ത് നിന്നും ഇവര്‍ മദ്യപിച്ചിരുന്നു.
നേരം പുലരുവോളം മദ്യപിച്ചിരുന്നതായും തുടര്‍ന്ന് അബോധാവസ്ഥയിലായെന്നുമാണ് കസ്റ്റഡിയിലുള്ളയാളുടെ മൊഴി. എലത്തൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കുണ്ടൂപറമ്പിലെ പ്രഭുരാജ് വധക്കേസില്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ശ്രീകാന്തിനെ കോടതി കുറ്റവിമുക്തനാക്കിയത്. അതിനാല്‍ ഈ കേസുമായി ബന്ധമുള്ളവരാരെങ്കിലും കൃത്യം നിര്‍വഹിക്കാനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട പലരും പൊലീസ് നിരീക്ഷണത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.