കോഴിക്കോട്: പുതുവർഷാഘോഷത്തിനായി ആഡംബര വാഹനത്തിൽ കടത്തിയ 45 കിലോഗ്രാം കഞ്ചാവുമായി കുന്ദമംഗലം പതിമംഗലം സ്വദേശി അറസ്റ്റിൽ. പാലക്കൽ നിസാം (33) ആണ് തൊണ്ടയാട് പിടിയിലായത്. മെഡിക്കൽ കോളജ് പൊലീസും ജില്ല ആൻറി നാർകോട്ടിക് സ്പെഷൽ ആക്ഷൻ ഫോഴ്സും (ഡൻസാഫ്) ചേർന്നാണ് ഇയാളെ വലയിലാക്കിയത്.
ചില്ലറ മാർക്കറ്റിൽ 30 ലക്ഷം രൂപയോളം വിലവരുന്ന കഞ്ചാവാണ് പിടികൂടിയത്. കോവിഡ് പരിശോധനക്കുശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പുതുവർഷത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തിൽ ഡൻസാഫ് പരിശോധന ശക്തമാക്കിയിരുന്നു.
മുമ്പ് കഞ്ചാവുകേസുകളിൽ ഉൾപ്പെട്ടവരുടെ വിവരങ്ങൾ ശേഖരിച്ച് രഹസ്യമായി നിരീക്ഷിക്കുകയായിരുന്നു. മഹാരാഷ്ട്രയിൽനിന്ന് ഒരാൾ കഞ്ചാവുമായി കോഴിക്കോട്ടേക്ക് വരുന്നുണ്ടെന്ന രഹസ്യവിവരം ഡൻസാഫിന് കൈമാറുകയും അംഗങ്ങൾ ഇയാളെ നിരീക്ഷിച്ചുവരുകയുമായിരുന്നു.
മൈസൂർ മാംഗോ ഇനത്തിൽപെട്ട കഞ്ചാവാണ് പ്രതിയിൽനിന്ന് പിടികൂടിയത്. മറ്റു കഞ്ചാവുകളെ അപേക്ഷിച്ച് മൈസൂർ മാംഗോക്ക് ലഹരിയും വിലയും വളരെ കൂടുതലാണെന്ന് നാർകോട്ടിക് സെൽ അസിസ്റ്റൻറ് കമീഷണർ ഇ. സുനിൽകുമാർ പറഞ്ഞു. മറ്റ് കഞ്ചാവുകൾ കൃഷി ചെയ്യുന്നതിനേക്കാൾ കൂടുതൽ രഹസ്യമായാണ് മൈസൂർ മാംഗോ ഇനത്തിൽപെട്ട കഞ്ചാവ് കൃഷി ചെയ്യുന്നത്. വീര്യം കൂടുതലുണ്ടെന്നതാണ് ഇതിന് കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.