നാദാപുരം: കാസർകോട് സ്വദേശിയുടെ ദുരൂഹ മരണത്തിന് ശേഷം ഒളിവിലായിരുന്ന യുവാവ് അറസ്റ്റിൽ. കണ്ണൂർ കേളകം സ്വദേശി തേക്കുങ്കൽ സമീഷ് ടി.ദേവിനെയാണ് (29)നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തത്. ഒളിവിലായിരുന്ന യുവാവ് വെള്ളിയാഴ്ച രാവിലെ ഡിവൈ.എസ്.പി ഓഫിസിൽ ഹാജരാവുകയായിരുന്നു.
കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കാസർകോട് ചെറുവത്തൂർ സ്വദേശി ശ്രീജിത്തിനെ(39) നരിക്കാട്ടേരി കാരയിൽ കനാൽ റോഡിൽ ഗുരുതര പരിക്കുകളോടെ നാട്ടുകാർ കണ്ടെത്തിയത്.സമീപത്തായി ശ്രീജിത്തിന്റെ കാർ വൈദ്യുതി പോസ്റ്റിലിടിച്ച നിലയിലുമായിരുന്നു.
ആശുപത്രിയിൽ ചികിത്സക്കിടെ ഞായറാഴ്ച പുലർച്ചയാണ് ശ്രീജിത്ത് മരിച്ചത്. ഇതിനിടെ, സമീപത്തെ സി.സി.ടി.വിയിൽ അപകട സ്ഥലത്ത്നിന്ന് ഒരാൾ ഓടിപ്പോവുന്ന ദൃശ്യങ്ങൾ ലഭിച്ചത് അന്വേഷണത്തിൽ വഴിത്തിരിവാകുകയായിരുന്നു. ശ്രീജിത്തിനൊപ്പം കാറിൽ സഞ്ചരിച്ചത് സമീഷ് ആണെന്ന് തിരിച്ചറിഞ്ഞെങ്കിലും കണ്ടെത്താനായില്ല.
സമിഷിന്റെ മൊബൈൽ ഫോൺ കോളുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രദേശവാസിയായ യുവതിയെ കാണാനാണ് സമീഷ് എത്തിയതെന്ന് വ്യക്തമായി. മാഹിയിലെ ബാറിൽ പരിചയപ്പെട്ട ശ്രീജിത്തിനെയും ഒപ്പം കൂട്ടുകയായിരുന്നു.
അമിതമായി മദ്യപിച്ച ശ്രീജിത്ത് കാറിൽനിന്നിറങ്ങി കനാൽ പരിസരത്ത് നിൽക്കുന്നതിനിടെ പിന്നോട്ടെടുത്ത കാർ ശ്രീജിത്തിന്റെ ദേഹത്ത് കയറി ഇറങ്ങുകയായിരുന്നു. കാറിന്റെ ടയറിനടിയിൽ കുടുങ്ങിയ യുവാവിനെ സമീഷ് പുറത്തേക്ക് എടുത്ത് കിടത്തി. ഇതിനിടെ, കാറിന്റെ ടയർ കല്ലുകൾക്കിടയിൽ കുടുങ്ങുകയും നാട്ടുകാർ അപകട സ്ഥലത്തേക്ക് വരികയും ചെയ്തതോടെ രക്ഷപ്പെട്ടെന്നും സമീഷ് മൊഴി നൽകി. അറസ്റ്റിലായ യുവാവിനെ കനാൽ റോഡിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.