നാദാപുരം: ആംബുലൻസ് പ്രവർത്തന ചട്ടങ്ങളിലെ വൈരുധ്യം രോഗികൾക്ക് വിനയാകുന്നു. 24 മണിക്കൂർ അത്യാഹിത വിഭാഗം ഉൾപ്പെടെ രോഗികളുടെ സമഗ്ര പരിചരണം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന താലൂക്ക് ആശുപത്രികളിൽ 108 ആംബുലൻസ് സേവനം 12 മണിക്കൂർ മാത്രം. ഇവിടേക്ക് അനുവദിച്ച ആംബുലൻസിന് നൽകിയ പ്രവർത്തനസമയം രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ മാത്രമാണ്.
രാത്രി എട്ടിനുശേഷം റോഡിൽ ഇറക്കരുതെന്നാണ് ചട്ടം. ഇതേതുടർന്ന് ആശുപത്രിയിൽ എത്തുന്ന അത്യാഹിത രോഗികൾപോലും സ്വകാര്യ ആംബുലൻസിനെ ആശ്രയിക്കേണ്ട ദുരവസ്ഥയാണ്. ഞായറാഴ്ച രാത്രി നാദാപുരം താലൂക്ക് ആശുപത്രിയിൽനിന്ന് അടിയന്തര ചികിത്സക്ക് കോഴിക്കോട്ടേക്ക് റഫർ ചെയ്ത രോഗിക്കായി പുറത്തുനിന്ന് ആംബുലൻസ് വിളിക്കുകയായിരുന്നു.
വരിക്കോളി ഒമ്പതുകണ്ടത്തിൽ നിന്ന് രാത്രി പത്തോടെ ചികിത്സക്കെത്തിയ യുവതിയെ അടിയന്തിരമായി മറ്റൊരാശുപത്രിയിലേക്ക് ഡോക്ടർ റഫർ ചെയ്തിരുന്നു. ആശുപത്രി മുറ്റത്ത് ആംബുലൻസുണ്ടായിട്ടും സേവനം ലഭിക്കാത്തതിനാൽ സ്വകാര്യ ആംബുലൻസ് വിളിച്ചാണ് രോഗിയെ മാറ്റിയത്. ഡ്രൈവറുടെ അസാന്നിധ്യം ചൂണ്ടിക്കാട്ടി ജീവനക്കാർ കൈമലർത്തുക്യായിരുന്നു. നിലവിൽ താലൂക്ക് ആശുപത്രിയിൽ ഒരു ആംബുലൻസ് ഡ്രൈവർ മാത്രമാണുള്ളത്.
നിയമത്തിലെ നിബന്ധനകൾ കാരണം രാത്രികാലങ്ങളിൽ ഗുരുതര രോഗങ്ങളുമായി ആശുപത്രിയിൽ എത്തുന്നവരെ മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്യുമ്പോൾ ആശുപത്രി മുറ്റത്ത് കിടക്കുന്ന 108 ആംബുലൻസ് സേവനം നിഷേധിക്കുകയാണ്.
അത്യാഹിത വിഭാഗത്തിലെ പ്രവർത്തന സമയത്തിനനുസരിച്ച് 24 മണിക്കൂറും ആംബുലൻസ് സേവനം ലഭ്യമാക്കണമെന്നാണ് രോഗികളുടെ ആവശ്യം. ആശുപത്രിക്ക് സ്വന്തമായി രണ്ട് ആംബുലൻസ് ഉണ്ടായിരുന്നെങ്കിലും അവയിലൊന്ന് പൂർണമായി നശിക്കുകയും മറ്റൊന്ന് മാസങ്ങളോളമായി കട്ടപ്പുറത്തുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.