പയ്യോളി: ദേശീയപാത ആറുവരിയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായുള്ള പ്രവൃത്തികൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. ഇരിങ്ങൽ മങ്ങൂൽപാറ ബസ് സ്റ്റോപ്പ് മുതൽ പയ്യോളി ടൗണിന് സമീപം രണ്ടാംഗേറ്റ് വരെയുള്ള നാലു കി.മീറ്റർ ദൂരം പുതിയ സർവിസ് റോഡ് വഴി താൽക്കാലിക വൺവേയാക്കി വാഹനങ്ങൾ ഓടിത്തുടങ്ങി.
അയനിക്കാട് എം.എൽ.പി സ്കൂളിന് സമീപവും, പോസ്റ്റ് ഓഫിസിന് സമീപവുമുള്ള കലുങ്ക് നിർമാണവും നടക്കുന്നതിനാൽ ഈ ഭാഗത്ത് മാത്രം പഴയ പാതയിലൂടെ തന്നെയാണ് വൺവേയായി കടന്നുപോകുന്നത്. ഇത് പൂർത്തിയായാൽ പയ്യോളിയിൽനിന്ന് ഇരിങ്ങൽ വരെ പൂർണമായും പുതിയപാത വഴിയായിരിക്കും ഇനി വാഹനങ്ങൾ സഞ്ചരിക്കുക. അയനിക്കാട് കളരിപ്പടി മുതൽ ഇരിങ്ങൽ ടൗൺ വരെ വടക്കോട്ട് ഒരു കി.മീറ്റർ ദൂരം ഭാഗിക നിർമാണം പൂർത്തിയായ ആറുവരിപ്പാതയിലൂടെയാണ് വാഹനങ്ങൾ സഞ്ചരിക്കുന്നത്. ഇരിങ്ങൽ മങ്ങൂൽപാറയിൽനിന്നും പയ്യോളിവരെ നിർമാണം പൂർത്തിയായ സർവിസ് റോഡ് വഴിയാണ് വാഹനങ്ങൾ സഞ്ചരിക്കുന്നത്.
വാഹനങ്ങൾ ഇരുവശത്തുമുള്ള സർവിസ് റോഡ് വഴി തിരിച്ചുവിട്ടതോടെ നിലവിലെ ദേശീയപാത പൊളിച്ചുമാറ്റി പകരം മണ്ണിട്ടുയർത്തി ആറുവരി പുതിയ പാതയുടെ അവസാനഘട്ട പ്രവൃത്തികളും ആരംഭിച്ചിട്ടുണ്ട്. പയ്യോളിയിൽനിന്നും തുടങ്ങി അയനിക്കാട് കുറ്റിയിൽ പീടികക്ക് സമീപമാണ് ഇപ്പോൾ പഴയപാതയിൽ മണ്ണിട്ട് ഉയർത്തുന്ന പ്രവൃത്തികൾ തുടങ്ങിയിരിക്കുന്നത്. വേനൽക്കാലം അവസാനിക്കുന്നതിന് മുമ്പ് ഇരിങ്ങൽ-പയ്യോളി പാതയുടെ പ്രവൃത്തികൾ പരമാവധി പൂർത്തീകരിക്കുമെന്ന് കരാറുകാരായ വാഗഡ് ഇൻഫ്ര പ്രോജക്ട്സ് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.