നടുവണ്ണൂർ: ഗ്രാമ പഞ്ചായത്ത് ജൈവവൈവിധ്യ രജിസ്റ്റർ നവീകരണത്തിന്റെ ഭാഗമായി നടന്ന പക്ഷിസർവേയുടെ ഒന്നാം ഘട്ടത്തിൽ 76 ഇനം പക്ഷികളെ കണ്ടെത്തി. കൊമ്പൻ കുയിൽ (Jacobin Cuckoo), ചെങ്കുയിൽ (Banded Bay Cuckoo), ഓമന പ്രാവ് (Asian Emarald Dove), പുള്ളി ചിലപ്പൻ (Puff-throated Babbler) എന്നിവ ഇതിൽ ഉൾപ്പെടും. ഇതിൽ കൊമ്പൻ കുയിലിന്റെ സാന്നിധ്യം ആദ്യമായാണ് പഞ്ചായത്തിൽ രേഖപ്പെടുത്തുന്നത്. ദേശാടനകാലത്തെ കണക്കെടുപ്പുകൂടി നടത്തുന്നതോടെ പക്ഷികളുടെ വൈവിധ്യം നൂറു കടക്കും എന്ന് കണക്കാക്കുന്നു. പറമ്പിൻകാട് പ്രദേശത്തിൽ പൊതുവെ കാണപ്പെടുന്ന മഞ്ഞക്കണ്ണി തിത്തിരി (Yellow-wattled lapwing) പക്ഷികളുടെ അസാന്നിധ്യവും സർവേയിൽ ശ്രദ്ധിക്കപ്പെട്ടു. പഞ്ചായത്തിലെ പക്ഷികളുടെ പ്രധാന കേന്ദ്രങ്ങളിലാണ് സർവേയുടെ ഭാഗമായി പക്ഷി നിരീക്ഷകരുടെ സംഘം സന്ദർശിച്ചത്. ഓണം ബേർഡ് കൗണ്ടിങ്ങിന്റെ ഭാഗമായി പഞ്ചായത്തിലെ കീക്കോട്ടുകടവ് മുതൽ വെങ്ങളത്തുകണ്ടി കടവ് കണ്ടൽതുരുത്ത് വരെയുള്ള ഭാഗം, മന്ദങ്കാവ് പറമ്പിൻകാട്, ഏച്ചിൽ മല, രാമൻ പുഴയോരം, വല്ലോറ മല, കോക്കരപ്പാറ, കരുവണ്ണൂർ എളയടത്തുതാഴെ ഭാഗം, നടുവണ്ണൂർ ടൗൺ എന്നീ ഭാഗങ്ങളിലാണ് നാലു ദിവസം സർവേ നടത്തിയത്.
ഓണം ബേർഡ് കൗണ്ടിങ്ങിന്റെ ഭാഗമായി പക്ഷികളുടെ സ്വാഭാവിക വാസസ്ഥലത്ത് എത്തിയാണ് സർവേ. സർവേയോടൊപ്പം പക്ഷികളുടെ ശബ്ദം റെക്കോഡ് ചെയ്തെടുക്കുകയും പഞ്ചായത്ത് ഡേറ്റാബേസിലേക്ക് ചേർക്കുകയും ചെയ്തു. പഞ്ചായത്ത് ജൈവ വൈവിധ്യ പരിപാലന കമ്മിറ്റി കൺവീനർ എൻ.കെ. സലീം, പദ്ധതി കോഓഡിനേറ്റർ എസ്. സുജിത്ത്, ആർ. അരുൺ, മുഹമ്മദ് ഹിറാഷ്, കണ്ണൂർ കൂത്തുപറമ്പ് സ്വദേശി ടി. വിഷ്ണു, എൻ.എസ്. അർജുൻ എന്നിവരാണ് സർവേയിൽ പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.