മടവൂർ: രാമനാട്ടുകര-വെങ്ങളം ബൈപാസിൽ അറപ്പുഴ പാലത്തിനു സമീപം വ്യാഴാഴ്ച ലോറി കാറിലും ഓട്ടോയിലുമിടിച്ചുണ്ടായ അപകടത്തിൽ മരിച്ച മടവൂർ ചക്കാലക്കൽ എതിരൻമലയിൽ കൃഷ്ണൻകുട്ടി (54), ഭാര്യ സുധ (45) എന്നിവർക്ക് നാട്ടുകാരുടെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി.
മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് പോസ്റ്റ്മോർട്ടത്തിനുശേഷം വെള്ളിയാഴ്ച ഉച്ച രണ്ടു മണിയോടെ മൃതദേഹം ചക്കാലക്കൽ അങ്ങാടിയിൽ കൊണ്ടുവന്ന് പൊതുദർശനത്തിനു വെച്ചു. പിന്നീട് രണ്ടരയോടെ എതിരം മലയിലെ വീട്ടിലെത്തിച്ച് സംസ്കാരച്ചടങ്ങുകൾ നടത്തി.
ബന്ധുക്കളും നാട്ടുകാരുമടക്കം നൂറുകണക്കിന് ആളുകളാണ് അന്തിമോപചാരം അർപ്പിക്കാൻ എത്തിച്ചേർന്നത്. ഇളയ മകൻ അഭിജിത്തിനെ എറണാകുളത്ത് പഠനസ്ഥലത്ത് എത്തിച്ച് തിരിച്ചുവരുമ്പോഴാണ് കൃഷ്ണൻ കുട്ടിയും കുടുംബവും അപകടത്തിൽപെട്ടത്. പരിക്കേറ്റ മൂത്ത മകൻ അരുണിന്റെ സുഹൃത്തായ കണ്ണൂർ സ്വദേശിയായ മുഹമ്മദലിയാണ് കാർ ഓടിച്ചിരുന്നത്.
ബുധനാഴ്ച രാത്രിയാണ് കുടുംബമൊന്നിച്ച് എറണാകുളത്തേക്കു പുറപ്പെട്ടത്. ഇവർ തിരിച്ച് നാട്ടിലേക്കു വരുന്നതിനിടെ കോഴിക്കോട് ഭാഗത്തുനിന്ന് വരുന്ന ലോറിയാണ് എതിരെ വന്ന കാറിലും ഗുഡ്സ് ഓട്ടോയിലും ഇടിച്ച് അപകടം വരുത്തിയത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായി തകർന്നു.
കാറിലുണ്ടായിരുന്ന ഇവരുടെ മകൻ അരുൺ (21), കാർ ഡ്രൈവർ മുഹമ്മദലി (25), ഗുഡ്സ് ഓട്ടോയിലുണ്ടായിരുന്ന ചേളാരി സ്വദേശികളായ അൻവർ (44), സമീറ (38) എന്നിവർ ഗുരുതര നിലയിൽ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
കൃഷ്ണൻകുട്ടിയുടെ പിതാവ് കണ്ണൻ. മാതാവ്: പരേതയായ തരൂത്ത. സഹോദരങ്ങൾ: ശ്രീധരൻ, ഭാസ്കരൻ. പരേതരായ ബിച്ച്യാധരൻ-മാധവി ദമ്പതികളുടെ മകളാണ് സുധ. സഹോദരങ്ങൾ: ശിവദാസൻ, സുനിത.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.