കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലക്ക് കീഴിലുള്ള ബി.എഡ് കോളജുകളിലെ പ്രവേശനത്തിൽ സീറ്റ് കച്ചവടത്തിന് നീക്കം. പഠിപ്പിക്കാൻ അധ്യാപകരില്ലെന്ന വിചിത്രകാരണത്താൽ ചില വിഷയങ്ങളുടെ ഓപ്ഷൻ ഒഴിവാക്കണമെന്ന് പാലക്കാട് കുഴൽമന്ദത്തെ സ്വാശ്രയ ബി.എഡ് കോളജ് സമർപ്പിച്ച അപേക്ഷ അംഗീകരിക്കാനാണ് സർവകലാശാല ഒരുങ്ങുന്നത്. പ്രവേശന നിരീക്ഷണസമിതി ഇതുസംബന്ധിച്ച ശിപാർശ വൈസ് ചാൻസലർക്ക് കൈമാറും.
മാത്സ്, കോമേഴ്സ് എന്നീ വിഷയങ്ങളിൽ അധ്യാപകരെ കിട്ടുന്നില്ലെന്നും പ്രവേശന നടപടികളിൽ ഈ വിഷയങ്ങളുടെ ഓപ്ഷൻ കുറക്കണമെന്നുമാണ് കോളജിെൻറ ആവശ്യം. അഞ്ച് വിഷയങ്ങളായിരുന്നു കുഴൽമന്ദത്തെ കോളജിൽ പഠിപ്പിച്ചിരുന്നത്. മാത്സും കോമേഴ്സും ഒഴിവാക്കി ഇംഗ്ലീഷ്, നാചുറൽ സയൻസ്, സോഷ്യൽ സയൻസ് തുടങ്ങിയ വിഷയങ്ങൾക്ക് മാത്രം ഓപ്ഷൻ നൽകാനാണ് നീക്കം. ഓപ്ഷൻ വെട്ടിക്കുറക്കുന്നുണ്ടെങ്കിലും മാത്സ്, കോമേഴ്സ് വിഷയങ്ങളിലെ സീറ്റുകൾ കുറക്കുന്നില്ല. ഒഴിവാക്കുന്ന ഈ സീറ്റുകൾ ഇംഗ്ലീഷും നാചുറൽ സയൻസും പോലുള്ള ബി.എഡ് കോഴ്സുകളിലേക്ക് മാറ്റുകയാണ്. ആവശ്യക്കാരേറെയുള്ള ഇത്തരം വിഷയങ്ങളുടെ ഒരു സീറ്റിന് നാല് ലക്ഷം വരെ മാനേജ്മെൻറിന് കോഴ വാങ്ങാൻ അവസരമുണ്ടാക്കുകയാണെന്നാണ് ആക്ഷേപം.
ഓപ്ഷൻ ഒഴിവാക്കുമ്പോൾ ആവശ്യക്കാരേറെയുള്ള വിഷയങ്ങളിലേക്ക് ആ സീറ്റുകൾ ഉൾക്കൊള്ളിക്കാനാണ് ശ്രമിക്കുന്നത്. നിരവധി അധ്യാപകരെ ലഭ്യമാണെന്നിരിക്കേയാണ് ഒരു പഠനവുമില്ലാതെ, ഒരു സ്വാശ്രയ കോളജിെൻറ വാദം മാത്രം പരിഗണിച്ച് സർവകലാശാല സിൻഡിക്കേറ്റിലെ പ്രമുഖർ വിദ്യാഭ്യാസ കച്ചവടത്തിന് അരങ്ങൊരുക്കുന്നത്. കുഴൽമന്ദത്തെ കോളജിെൻറ ആവശ്യം അംഗീകരിച്ചാൽ മറ്റ് സ്വാശ്രയ ബി.എഡ് സ്ഥാപനങ്ങളും ഇതേ ആവശ്യം ഉന്നയിക്കും. ബിരുദഫലം പ്രഖ്യാപിക്കുന്നതിന് പിന്നാലെ ബി.എഡ് പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കാനിരിക്കേയാണ് സീറ്റുകൾ മാറ്റിമറിക്കാൻ അനുവദിക്കുന്നത്. അധ്യാപകരില്ലെന്ന കാരണം പറഞ്ഞ് ഓപ്ഷൻ മാറ്റുന്നത് സർക്കാർ നിർദേശപ്രകാരമോ ഏതെങ്കിലും പഠന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലോ ആയിരിക്കണമെന്ന് സിൻഡിക്കേറ്റിലെ പ്രവേശന നിരീക്ഷണസമിതി അംഗമായ ഇ. അബ്ദുറഹീം പറഞ്ഞു. സമിതി വെള്ളിയാഴ്ച യോഗംചേർന്നിരുന്നെന്നും ശിപാർശ ഇതുവരെ കിട്ടിയിട്ടില്ലെന്നും വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.