നടുവണ്ണൂർ: നടുവണ്ണൂർ ആസ്ഥാനമായി ഈ സാമ്പത്തിക വർഷം പൊലീസ് സ്റ്റേഷൻ ആരംഭിക്കുന്നതിന്റെ മുന്നോടിയായി ആഭ്യന്തര വകുപ്പിന്റെ നിർദേശപ്രകാരം സംസ്ഥാന പൊലീസ് മേധാവി പുതുക്കിയ നിർദേശം സമർപ്പിച്ചു. നടുവണ്ണൂരിൽ പൊലീസ് സ്റ്റേഷൻ വേണമെന്ന ആവശ്യത്തിന് വർഷങ്ങൾ പഴക്കമുണ്ട്.
നടുവണ്ണൂർ ഉൾപ്പെടുന്ന ബാലുശ്ശേരി പൊലീസ് സ്റ്റേഷൻ വിഭജിച്ച് പേരാമ്പ്ര, കൂരാച്ചുണ്ട്, അത്തോളി സ്റ്റേഷനുകളുടെ ഭാഗമായ പ്രദേശങ്ങൾ ഉൾപ്പെടുത്തി നടുവണ്ണൂർ കേന്ദ്രമായി പൊലീസ് സ്റ്റേഷൻ ആരംഭിക്കണമെന്നാവശ്യപ്പെട്ട് പൗരാവകാശ സംരക്ഷണ വേദി കൊയിലാണ്ടി താലൂക്ക് ചെയർമാൻ പി.ബി. അജിത്ത് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഹെഡ്ക്വാർട്ടേഴ്സ് കോഴിക്കോട് റൂറൽ എസ്.പിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. നടുവണ്ണൂരിൽ പൊലീസ് സ്റ്റേഷൻ ആരംഭിക്കുന്നത് സംബന്ധിച്ച് വിശദ റിപ്പോർട്ട് റൂറൽ എസ്.പി 2021 ഫെബ്രുവരി നാലിന് സംസ്ഥാന പൊലീസ് മേധാവിക്ക് സമർപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് പുതുതായി ആരംഭിക്കുന്ന സ്റ്റേഷനുകളുടെ മുൻഗണനപ്പട്ടികയിൽ മൂന്നാമതായി നടുവണ്ണൂർ ഉൾപ്പെടുത്തി സംസ്ഥാന പൊലീസ് മേധാവി ആഭ്യന്തര വകുപ്പിന് 2021 ജൂലൈ രണ്ടിന് റിപ്പോർട്ട് നൽകുകയായിരുന്നു. ഈ റിപ്പോർട്ട് പരിഗണിച്ചതിൽ ഈ സാമ്പത്തിക വർഷത്തിൽ പുതുക്കിയ പ്രപ്പോസൽ സമർപ്പിക്കാൻ ആഭ്യന്തരവകുപ്പ് സംസ്ഥാന പൊലീസ് മേധാവിക്ക് നിർദേശം നൽകി.
പേരാമ്പ്ര, കൂരാച്ചുണ്ട്, ബാലുശ്ശേരി, കൊയിലാണ്ടി സ്റ്റേഷൻ പരിധിയിലെ കോട്ടൂർ, നടുവണ്ണൂർ, അരിക്കുളം പഞ്ചായത്തുകളിൽ ഉണ്ടാകുന്ന ക്രമസമാധാന പ്രശ്നങ്ങൾ പരിഹരിക്കാൻ പൊലീസിന് എത്തിച്ചേരാൻ സമയമെടുക്കും. അതിനാൽ പ്രസ്തുത സ്റ്റേഷൻ പരിധിയിൽ ഉൾപ്പെട്ട പഞ്ചായത്തുകളുടെ ഭാഗങ്ങൾ ചേർത്ത് നടുവണ്ണൂരിൽ സ്റ്റേഷൻ സ്ഥാപിക്കണമെന്നും സ്റ്റേഷൻ ആരംഭിച്ചാൽ ആവശ്യമായ പൊലീസ് ഉദ്യോഗസ്ഥരെ ജില്ലയിലെ മറ്റു സ്റ്റേഷനുകളിൽനിന്ന് പുനർവിന്യസിക്കേണ്ട വിവരങ്ങളും ഉൾപ്പെടുത്തി സംസ്ഥാന പൊലീസ് മേധാവി ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിക്ക് 2022 ജൂൺ മൂന്നിന് പുതുക്കിയ പ്രപ്പോസലും സമർപ്പിച്ചു.
സ്ഥലവും കെട്ടിടവും സംബന്ധിച്ച വിവരങ്ങൾ സ്റ്റേഷൻ അനുവദിക്കുന്ന മുറക്ക് സർക്കാറിൽ സമർപ്പിക്കുമെന്നും റിപ്പോർട്ടിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.