പ്രതീക്ഷകളുടെ പുതുവർഷമാണ് കോഴിക്കോടിന്. കോവിഡും ഇടക്കെത്തിയ നിപയും പേടിപ്പിച്ചെങ്കിലും ജില്ല ഒരുമിച്ചു പൊരുതി. കോവിഡിൽ നിന്ന് പതിയെ കരകയറുകയാണ്. സ്വപ്നങ്ങൾ ആകാശത്തോളമാണ്
എയിംസ് എന്ന ലക്ഷ്യം
കോഴിക്കോട്: കിനാലൂരിൽ സംസ്ഥാന വ്യവസായ വികസന കോർപറേഷെൻറ (കെ. എസ്.ഐ.ഡി.സി) ഉടമസ്ഥതയിലുള്ള 200 ഏക്കർ ഭൂമിയിൽ രാജ്യത്തെ ഒന്നാംനിര മെഡിക്കൽ പഠന, ഗവേഷണ, ചികിത്സ സ്ഥാപനമായ എയിംസ് (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്) സ്ഥാപിക്കാൻ കേന്ദ്രാനുമതി കിട്ടുമെന്ന പ്രതീക്ഷയിലാണ് ജില്ല. 2022ൽ ഇതിലും വലിയ സ്വപ്നമില്ല. സംസ്ഥാനത്തിെൻറ തന്നെ വികസന മുഖഛായ മാറ്റുന്ന പദ്ധതിയാണ്. മിക്ക സംസ്ഥാനങ്ങൾക്കും കേന്ദ്രം എയിംസ് അനുവദിച്ചിട്ടും കേരളം കാത്തിരിപ്പ് തുടരുകയാണ്. എയിംസ് കേരളത്തിലും സ്ഥാപിക്കണമെന്ന കേന്ദ്ര ആരോഗ്യവകുപ്പിെൻറ നിർദേശം ജില്ലക്ക് ഏറെ പ്രതീക്ഷയേകുന്നതാണ്.
മലബാറിലും ദക്ഷിണ കന്നഡയിലും കോയമ്പത്തൂർ, നീലഗിരി തുടങ്ങി തമിഴ്നാടിെൻറ ഭാഗങ്ങളിലുള്ളവർക്കും വിദഗ്ധ ചികിത്സക്ക് ഏറെ സഹായകമാകുന്നതാണ് എയിംസ്. 750 കിടക്കകളുള്ള ആശുപത്രിയിൽ നൂറിലേറെ എം.ബി.ബി.എസ് സീറ്റുകളുണ്ടാവും. വിവിധ സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളും നഴ്സിങ് കോളജുമടങ്ങുന്നതോടെ വിദഗ്ധ ചികിത്സ തേടുന്നവർക്കും പഠിക്കാനെത്തുന്ന മലയാളി വിദ്യാർഥികൾക്കും ഏറെ സഹായകരമാകും. നിരവധി പേർക്ക് ജോലിക്കും അവസരമൊരുങ്ങും. സംസ്ഥാനം സ്ഥലമേറ്റെടുത്ത് കൊടുത്ത ശേഷം 1500ഓളം കോടി രൂപ കേന്ദ്രം ചെലവാക്കിയാൽ എയിംസ് യാഥാർഥ്യമാകും. ആരോഗ്യ, റവന്യൂ വകുപ്പിലെയും പ്രിൻസിപ്പൽ സെക്രട്ടറിമാർ സ്ഥലം സന്ദർശിച്ചിരുന്നു. നഗരത്തിൽനിന്ന് 31 കിലോമീറ്ററും നിർദിഷ്ട മലയോര ഹൈവേയിൽ നിന്ന് എട്ടര കിലോമീറ്ററുമാണ് കിനാലൂരിലേക്കുള്ളത്. ജപ്പാൻ കുടിവെള്ള പദ്ധതിയുള്ളതിനാൽ ആവശ്യത്തിന് വെള്ളവും ലഭിക്കും. കെ.എസ്.ഇ.ബിയുടെ സബ്സ്റ്റേഷനുമുണ്ട്.
കോഴിക്കോട് മെഡിക്കല്‍ കോളജിലെ പുതുതായി പണികഴിപ്പിച്ച പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന പദ്ധതി (പി.എം.എസ്.എസ്.വൈ) ബ്ലോക്കിെൻറ ഉദ്ഘാടനം ജനുവരി അവസാന ആഴ്ചക്കുള്ളില്‍ നടത്തുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ എം.കെ. രാഘവൻ എം.പിയെ അറിയിച്ചിട്ടുണ്ട്. പ്രധാന മന്ത്രി സ്വാസ്ഥ്യ സുരക്ഷ യോജന പദ്ധതി പ്രകാരം 120 കോടി രൂപ കേന്ദ്ര ഫണ്ടോട് കൂടി നിർമാണം പൂര്‍ത്തിയായ ഏഴ് നില ആശുപത്രി സമുച്ചയമാണിത്.
കെ.എസ്.ആർ.ടി.സി വ്യാപാര സമുച്ചയം ഉണരുമോ?
കോഴിക്കോട്: പരാധീനതകൾ പരിഹരിച്ച് കോഴിക്കോട് കെ.എസ്.ആർ.ടി.സി വ്യാപാരസമുച്ചയം പൂർണപ്രവർത്തനസജ്ജമാവുമെന്ന പ്രതീക്ഷയിലാണ് 2021 പിറക്കുന്നത്. കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന ഞെട്ടിക്കുന്ന വിവരം 2021 സെപ്റ്റംബറിൽ പുറത്തുവന്നതിൽ പിന്നെ ആശങ്കയിലാണ് പദ്ധതി. 2015 ലാണ് 70 കോടി രൂപ ചെലവിൽ ബസ് ടെർമിനൽ നിർമാണം നടന്നത്. സാങ്കേതിക കാരണങ്ങളാൽ 2021 വരെ വെറുതെ കിടന്നു. കഴിഞ്ഞ ആഗസ്റ്റിലാണ് കെട്ടിടം പാട്ടത്തിനു കൊടുത്തത്.
വാടകയിനത്തിൽ വരവ് ലഭിക്കുമെന്ന പ്രതീക്ഷ തകർത്താണ് കെട്ടിടത്തിന് ഗുരുതരബലക്ഷയമുണ്ടെന്ന മദ്രാസ് ഐ.ഐ.ടിയുടെ റിപ്പോർട്ട് പുറത്തുവന്നത്. ഇത് പരിഹരിക്കാനുള്ള നടപടികൾ ആരംഭിച്ചിരിക്കയാണ് സർക്കാർ.
നഗരത്തിന് നൂറു ദിന കർമപദ്ധതി
കോഴിക്കോട്: കോർപറേഷൻ ഭരണമേറ്റതിെൻറ ഒന്നാം വാർഷിക ഭാഗമായി അടിയന്തരമായി നൂറു ദിന കർമപദ്ധതികൾ നടപ്പാക്കാനുള്ള തീരുമാനം പുതുവർഷത്തിൽ പ്രതീക്ഷയേറ്റുന്നു. ഇതിെൻറ പ്രഖ്യാപനം പുതുവർഷ ദിനത്തിൽ ടൗൺഹാളിൽ നടക്കുന്ന കൗൺസിലിെൻറ ഒന്നാം വാർഷികാഘോഷച്ചടങ്ങിൽ നടക്കും. നഗരത്തിലെ മുഖ്യപ്രശ്നമായ പാർക്കിങ് സ്ഥലമില്ലാത്ത കാര്യത്തിന് ആശ്വാസമായി സ്മാർട്ട് പാർക്കിങ് പദ്ധതിയുടെ പ്രഖ്യാപനവും ശനിയാഴ്ച നടക്കും. ടൗണിൽ വിവിധ റോഡുകളിൽ പാർക്കിങ്ങിനായി പ്രത്യേക സൗകര്യമേർപ്പെടുത്തുന്നതാണ് പദ്ധതി. ശുചിത്വ പ്രോട്ടോക്കോൾ നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള നിരവധി പദ്ധതികൾ ഇക്കൊല്ലം നടപ്പാവേണ്ടതുണ്ട്.
സ്വകാര്യ പങ്കാളിത്തത്തിൽ ഞെളിയൻ പറമ്പിൽ പണിയുന്ന വേസ്റ്റ് ടു എനർജി പ്ലാൻറിന് തറക്കല്ലിട്ടെങ്കിലും കൂടുതൽ മുന്നാട്ടു പോയില്ല. 250 കോടിയുടെ പദ്ധതി ബാംഗളൂരു ആസ്ഥാനമായ കമ്പനി രണ്ട് കൊല്ലം കൊണ്ട് പ്രാവർത്തികമാക്കണമെന്നാണ് വ്യവസ്ഥ. 300 ടൺ മാലിന്യം ദിവസവും സംസ്ക്കരിച്ച് അഞ്ച്മെഗാവാട്ട് വൈദ്യുതിയുണ്ടാക്കുന്ന പദ്ധതി തുടങ്ങാനാവുമെന്നാണ് പ്രതീക്ഷ. വെള്ളക്കെട്ട് ഒഴിവാക്കാൻ ഓവുചാൽ പദ്ധതി, കല്ലായിപ്പുഴ ആഴം കൂട്ടൽ, കുരുക്ക് ഒഴിവാക്കാൻ മൂന്ന് പാർക്കിങ് പ്ലാസകൾ, ആധുനിക അറവുശാല, മുതലക്കുളം നവീകരണം, വൈക്കം മുഹമ്മദ് ബഷീർ സ്മാരകം, മൊബിലിറ്റി ഹബ്, പാളയം- മാവൂർ റോഡ് ബസ്സ്റ്റാൻഡ് നവീകരണം തുടങ്ങിയവക്കെല്ലാം പ്രാരംഭ നടപടിയുണ്ടാവുമെന്നാണ് പ്രതീക്ഷ.
കരക്കടുക്കുമോ തുറമുഖ വികസനം?
ബേപ്പൂർ: മലബാറിലെ പ്രധാന തുറമുഖമായ ബേപ്പൂർ വികസനപ്രതീക്ഷയിലാണ്. കേന്ദ്ര സർക്കാറിെൻറ സാഗർമാല പദ്ധതിയിൽപെടുത്തി സമഗ്ര വികസനം സാധ്യമാക്കുന്നതിനായി 430 കോടിയുടെ പദ്ധതി നിർദേശങ്ങളാണ് സംസ്ഥാനം സമർപ്പിച്ചത്. ചരിത്രവും സാംസ്കാരിക തനിമയും പേറുന്ന ബേപ്പൂരിനെ ലോക നിലവാരത്തിലേക്ക് ഉയർത്തുന്ന സമഗ്ര വികസനപദ്ധതിക്ക് സർക്കാർ അനുമതി നൽകിയിട്ടുണ്ട്. അറബിക്കടല്‍, ചാലിയാര്‍പുഴ തീരങ്ങളിൽ നിന്ന് ഒരു കിലോമീറ്റര്‍ ദൂരത്തിലുള്ള പുലിമുട്ട്, ബേപ്പൂര്‍ തുറമുഖം, വിളക്കുമാടം, കടലുണ്ടി പക്ഷിസങ്കേതം, കടലും പുഴയും സംഗമിക്കുന്ന കടലുണ്ടിക്കടവ് അഴിമുഖം, പച്ചപ്പു നിറഞ്ഞ കണ്ടൽകാടുകള്‍ എന്നിങ്ങനെ ആകര്‍ഷണങ്ങളാണ് ബേപ്പൂരിലുള്ളത്.
അവഗണനയുടെ പാളം
സംസ്ഥാനത്തോട് പൊതുവിലും മലബാറിനോട് പ്രത്യേകിച്ചുമുള്ള അവഗണനയാണ് റെയിൽവേ അധികൃതർ തുടരുന്നത്. കോഴിക്കോട് സ്റ്റേഷൻ അന്താരാഷ്ട്ര നിലവാരത്തിലാക്കുമെന്ന് വാഗ്ദാനം ചെയ്തിട്ട് വർഷങ്ങളായി. പുതിയ ട്രെയിൻ സർവിസുകൾ വേണമെന്ന ആവശ്യം പുതുവർഷത്തിൽ യാഥാർഥ്യമാകുമെന്നാണ് പ്രതീക്ഷ. നിലവില്‍ ബംഗളൂരുവിൽ നിന്ന് കണ്ണൂര്‍ വരെയുള്ള സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ സർവിസ് കോഴിക്കോട് വരെ നീട്ടുന്നതിൽ സൗത്ത് വെസ്റ്റേണ്‍ റെയില്‍വേക്ക് എതിര്‍പ്പില്ലെന്ന കാര്യം എം.കെ. രാഘവൻ എം.പിയെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. ആവശ്യം ദക്ഷിണ റെയിൽവേ അംഗീകരിച്ചാല്‍ കോഴിക്കോട് നിന്നുള്ള ബംഗളൂരു യാത്രക്കാര്‍ക്ക് ഏറെ ആശ്വാസമാകും. കോവിഡ് കാലത്ത് നിർത്തലാക്കിയ ട്രെയിനുകൾ മുഴുവൻ പുനഃസ്ഥാപിക്കാനും റെയിൽവേ തയാറായിട്ടില്ല.
കുരുക്കഴിയാൻ പാതകൾ
കോഴിക്കോട്: ദേശീയപാത വികസനത്തിന്റെ ഭാഗമായി ജില്ലയില്‍ അഴിയൂര്‍ ബൈപാസ്, മൂരാട്-പാലൊളിപ്പാലം, അഴിയൂര്‍-വെങ്ങളം, രാമനാട്ടുകര റോഡ് വീതി കൂട്ടി ആറു വരി പാതയാക്കല്‍ എന്നീ നാല് പദ്ധതികള്‍ക്കായി ഭൂമി ഏറ്റെടുക്കൽ നടന്നുവരുകയാണ്. അഴിയൂര്‍ ബൈപ്പാസിനായി ഏറ്റെടുത്ത ഭൂമി ദേശീയപാത അധികൃതര്‍ക്ക് കൈമാറി. നിർമാണ പ്രവൃത്തി പുരോഗമിക്കുകയുമാണ്. മൂരാട്-പാലൊളിപാലം നിർമാണവും തുടങ്ങിയിട്ടുണ്ട്.
കോഴിക്കോട് നിന്ന് ബാലുശ്ശേരിക്കുള്ള റോഡ് വീതികൂട്ടി വികസിപ്പിക്കുന്ന ജോലികൾ ഈ വർഷം തുടങ്ങും. 25 കിലോമീറ്റർ നീളമുള്ള റോഡ് ജപ്പാൻ കുടിവെള്ള പൈപ്പ് സ്ഥാപിച്ചതിനെ തുടർന്ന് വർഷങ്ങളായി തകരാറിലായിരുന്നു. ഇടക്കിടെ പലയിടത്തും അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കുന്നതാണ് പതിവ്. 12 മുതൽ 18 മീറ്റർ വരെ വീതി കൂട്ടുമ്പോൾ നിരവധി കടകളും വീടുകളും പൊളിക്കേണ്ടി വരും. ആകർഷകമായ നഷ്ടപരിഹാരം നൽകുമെന്നാണ് സർക്കാറിെൻറ ഉറപ്പ്.
ജില്ലയിലൂടെ കടന്നുപോകുന്ന നീളമേറിയ സംസ്ഥാനപാതയായ കൊയിലാണ്ടി-എടവണ്ണ പാതയുടെ നവീകരണം 2022ൽ പൂർത്തിയാകും. റീബിൽഡ് കേരള ഇനീഷ്യേറ്റിവ് പദ്ധതിയിലുൾപ്പെടുത്തി 189 കോടി രൂപ ചെലവിലാണ് നവീകരണം. ജോലികൾ പലയിടത്തും തകൃതിയായി നടക്കുകയാണ്. താരതമ്യേന വീതിയേറിയ റോഡായതിനാൽ കൂടുതൽ സ്ഥലം ഏറ്റെടുക്കാതെയാണ് നവീകരിക്കുന്നത്. മലയോര ഹൈവേയുടെ പ്രവൃത്തികളും വിവിധ റീച്ചുകളിലായി ജില്ലയിൽ പുരോഗമിക്കുകയാണ്. കണ്ണൂരിെൻറ അതിർത്തിയായ പാലുവായ് മുതൽ മലപ്പുറത്തിെൻറ അതിര് പങ്കിടുന്ന കക്കാടംപൊയിൽ വരെയാണ് ജില്ലയിലെ മലയോരഹൈവേയുടെ അലൈൻമെന്റ്. വർഷങ്ങളായി കാത്തിരിക്കുന്ന മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് വീതികൂട്ടാനുള്ള തുക സർക്കാർ അനുവദിച്ചതും പ്രതീക്ഷയേകുന്നു. മാർച്ച് 31നുള്ളിൽ ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കുമെന്ന് പൊതുമാരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. നഗരത്തിനടുത്ത് ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്കുള്ള വട്ടക്കിണർ മുതൽ രാമനാട്ടുകര വരെയുള്ള ഭാഗത്തെ യാത്ര സുഗമമാക്കാൻ ഈ വർഷം നടപടിയെടുക്കും. വട്ടക്കിണറിൽ നിന്ന് അരീക്കാട്ടേക്ക് മേൽപാലമുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.
വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് വെങ്ങളം-രാമനാട്ടുകര ബൈപാസ് ആറുവരിപ്പാതയാക്കി വികസിപ്പിക്കുന്നതിെൻറ പ്രാരംഭ നടപടികൾ തുടങ്ങിയത്. ഇപ്പോഴത്തെ റോഡിനിരുവശവുമുള്ള മരങ്ങൾ മുറിച്ചുമാറ്റി സ്ഥലം നിരപ്പാക്കൽ തുടങ്ങിക്കഴിഞ്ഞു. കരാർ ഏറ്റെടുത്ത ഹൈദരാബാദിലെ കൃഷ്ണമോഹൻ കൺസ്ട്രക്ഷെൻറ (കെ.എം.സി)ആഭിമുഖ്യത്തിൽ രൂപവത്കരിച്ച 'കാലിക്കറ്റ് എക്സ്പ്രസ് വേ പ്രൈവറ്റ് ലിമിറ്റഡ്' എന്ന കമ്പനിയുടെ നേതൃത്വത്തിലാണ് നിർമാണം നടക്കുക. രണ്ടു വർഷത്തിനകം ഏതാണ്ട് പണി തീർക്കാനാണ് ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.