കോഴിക്കോട്: ശക്തമായ പ്രതിരോധത്തിനിടെ, ശനിയാഴ്ച പരിശോധിച്ച സാമ്പ്ൾ ഫലങ്ങളെല്ലാം നെഗറ്റിവായത് ജില്ലക്ക് ആശ്വാസമായി. നിപ പോസിറ്റിവായ വ്യക്തികളുമായി അടുത്ത സമ്പർക്കമുള്ള ഹൈ റിസ്കിലുള്ളവരുടെ സാമ്പിളുകളാണ് നെഗറ്റിവാണെന്ന് കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം നഗരപരിധിയിലടക്കം പോസിറ്റിവ് കേസ് റിപ്പോർട്ട് ചെയ്യുകയും കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിക്കുകയും ചെയ്തത് ജനങ്ങളിൽ ആശങ്കയുളവാക്കിയിരുന്നു. ഇതിനു പിന്നാലെ വന്ന ഫലങ്ങൾ നെഗറ്റിവായതാണ് ജില്ലക്ക് ആശ്വാസമായത്.
രണ്ടു കുട്ടികളടക്കം മെഡിക്കൽ കോളജ് ആശുപത്രിയിൽ 21 പേരാണ് ഐസൊലേഷനിലുള്ളത്. രോഗികൾ ചികിത്സയിലുള്ള ആശുപത്രികളിലെല്ലാം മെഡിക്കൽ ബോർഡ് നിലവിൽ വന്നിട്ടുണ്ട്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രി പറഞ്ഞു. അവസാനം പോസിറ്റിവായ വ്യക്തിയുടെ കോൺട്രാക്ട് ട്രേസിങ് ഉടൻ പൂർത്തിയാക്കും. കൂടാതെ പോസിറ്റിവായിട്ടുള്ള രോഗികളുടെ ഏതെങ്കിലും കോൺടാക്ട് വിട്ടുപോയിട്ടുണ്ടെങ്കിൽ അതു കണ്ടെത്തും.
നിപ പ്രതിരോധ പ്രവർത്തനങ്ങൾക്കായി രൂപവത്കരിച്ച 19 കോർ കമ്മിറ്റികളും യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. സാമ്പ്ൾ ശേഖരണത്തിന് രോഗികളെ എത്തിക്കുന്നതിന് കൂടുതൽ ആംബുലൻസ് വിട്ടുനൽകാനും തീരുമാനമായി. മറ്റു ജില്ലകളിൽ സമ്പർക്കപ്പട്ടികയിലുള്ളവരുടെ സാമ്പ്ൾ ഭൂരിഭാഗവും ഞായറാഴ്ചയോടെ പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
ട്രീറ്റ്മെന്റ്, ഐസൊലേഷൻ, ഡിസ്ചാർജ് തുടങ്ങിയവക്ക് പ്രോട്ടോകോൾ അനുസരിച്ചുള്ള എല്ലാ കാര്യങ്ങളും പാലിക്കപ്പെടുന്നുണ്ട്. 27 സെൽഫ് റിപ്പോർട്ടിങ് കാളുകളാണ് ശനിയാഴ്ച കൺട്രോൾ റൂമിൽ ലഭിച്ചിട്ടുള്ളതെന്നും മന്ത്രി അറിയിച്ചു.
കോർപറേഷൻ പരിധിയിലും ഫറോക്ക് മുനിസിപ്പാലിറ്റിയിലും കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ച ഇടങ്ങളിൽ യോഗം ചേർന്ന് വിശദമായി കാര്യങ്ങൾ ചർച്ച ചെയ്തിട്ടുണ്ടെന്നും താഴെത്തട്ടിൽ വരെ പ്രവർത്തനം നടത്തുന്നതിന് സാധിച്ചിട്ടുണ്ടെന്നും പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. മുനിസിപ്പാലിറ്റി, കോർപറേഷൻ പരിധിയിലെല്ലാം യോഗങ്ങൾ ചേർന്നിട്ടുണ്ട്. ജില്ലയിൽ കൺട്രോൾ റൂം പ്രവർത്തനം വളരെ ഫലപ്രദമായാണ് നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.