കോഴിക്കോട്: ആദ്യരോഗിക്ക് നിപ ബാധയേറ്റത് സമീപപ്രദേശങ്ങളിൽനിന്നുതന്നെയെന്ന് കണ്ടെത്തൽ. നിപ ബാധിച്ച് മരിച്ച മരുതോങ്കര പഞ്ചായത്തിലെ കള്ളാട് സ്വദേശിയുടെ മൊബൈൽ ടവർ ലൊക്കേഷൻ പരിശോധനയിലാണ് അദ്ദേഹത്തിന് വൈറസ് ബാധയുണ്ടായത് സമീപ പ്രദേശങ്ങളിൽ നിന്നാണെന്ന് തെളിഞ്ഞത്. മൊബൈൽ കമ്പനി നൽകിയ വിവരങ്ങൾ ഡീകോഡ് ചെയ്തതനുസരിച്ച് ആദ്യരോഗി ഇൻകുബേഷൻ കാലയളവിൽ പരിസരപ്രദേശങ്ങളിൽ മാത്രമാണ് യാത്രചെയ്തിട്ടുള്ളതെന്ന് കണ്ടെത്തിയിട്ടുണ്ട്.
നിപയെ സംബന്ധിച്ച് 21 ദിവസങ്ങളാണ് ഇൻകുബേഷൻ കാലയളവ്. ഈ ദിവസങ്ങളിൽ രോഗി വീടിനു ചുറ്റുമുള്ള വളരെ ചെറിയ പരിധിക്കുള്ളിൽ മാത്രമാണ് യാത്ര ചെയ്തിട്ടുള്ളതെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. നിപ പ്രതിരോധപ്രവർത്തനങ്ങളിൽ ആരോഗ്യവകുപ്പ് പൊലീസിന്റെ സഹായം തേടി.
കണ്ടെയ്ൻമെന്റ് സോണുകളിൽ പൊലീസിന്റെ സേവനം ഉറപ്പുവരുത്തുന്നതിനായി ആരോഗ്യമന്ത്രി, പൊതുമരാമത്ത് മന്ത്രി എന്നിവർ സിറ്റി പൊലീസ് കമീഷണർ രാജ്പാൽ മീണ, സിറ്റി ഡി.സി.പി കെ.ഇ. ബൈജു എന്നിവരുമായി ചർച്ച നടത്തി. സമ്പർക്കപ്പട്ടികയിലുള്ളവരെ കണ്ടെത്താനും മൊബൈൽ ടവർ പരിശോധന നടത്താനും പൊലീസ് സഹായിക്കുന്നുണ്ട്.
ജില്ലയിൽ അസാധാരണ മരണങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അറിയിക്കണമെന്ന് പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. നിപയെക്കുറിച്ച് തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കുന്നുണ്ട്. വീടുകൾതോറും കയറിയിറങ്ങി നടത്തുന്ന ബോധവത്കരണത്തിന് പൊലീസിന്റെ സഹായം ലഭിക്കുന്നുണ്ട്.
സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടും ക്വാറന്റീനിൽ പോകാൻ മടികാണിക്കുന്നവരുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ പൊലീസ് ഇടപെടൽ ഉണ്ടാകുന്നുണ്ട്.
നിലവിൽ മലപ്പുറം ജില്ലയിൽനിന്ന് കോഴിക്കോട്ടേക്ക് കടന്നുവരുമ്പോൾ മൂന്ന് പാലങ്ങളാണ് കണ്ടെയ്ന്മെന്റ് സോണിന്റെ ഭാഗമായി അടച്ചിട്ടുള്ളത്. അങ്ങനെയുള്ള പഞ്ചായത്തുകളിൽനിന്ന് ദേശീയപാതയിലേക്ക് പ്രവേശിക്കാൻ ജില്ല ഭരണകൂടവും പൊലീസ് സംവിധാനവും ചേർന്ന് ബദൽ സംവിധാനങ്ങൾ ഒരുക്കുമെന്ന് പൊലീസ് കമീഷണർ അറിയിച്ചു. യോഗത്തിൽ ജില്ല കലക്ടർ എ. ഗീത, സബ് കലക്ടർ വി. ചെൽസാസിനി, അസിസ്റ്റന്റ് കലക്ടർ പ്രതീക് ജെയിൻ എന്നിവരും പങ്കെടുത്തു.
കുറ്റ്യാടി: നിപ മരണവും പകർച്ചയും റിപ്പോർട്ട് ചെയ്ത മരുതോങ്കര പഞ്ചായത്തിലെ കള്ളാട് കേന്ദ്ര മൃഗസംരക്ഷണ വിഭാഗം സന്ദർശിച്ചു. 15 അംഗ സംഘമാണ് തിങ്കളാഴ്ച വൈകീട്ട് എത്തിയത്. വവ്വാൽ രോഗാണു വാഹികളാണോ എന്ന അന്വേഷണമാണ് ഇതുവരെ നടന്നതെങ്കിൽ വളർത്തുമൃഗങ്ങൾ നിപ വൈറസ് വാഹികളാണോ എന്നറിയാനുള്ള അന്വേഷണമാണ് തിങ്കളാഴ്ച നടന്നത്.
മരിച്ച മുഹമ്മദലിയുടെ വീട്ടിലും തറവാട്ടിലും സന്ദർശിച്ചെങ്കിലും അവിടെ വളർത്തു മൃഗങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. സമീപത്തെ വീടുകളിലെ പശു, പൂച്ചകൾ എന്നിവയുടെ രക്തം, സ്രവം എന്നിവ ശേഖരിച്ചു. ഒപ്പം പരിസരങ്ങളിൽ വവ്വാൽ കടിച്ചിട്ട അടക്ക, പഴങ്ങൾ, ഈന്ത് എന്നിവയും ശേഖരിച്ചു.
കുറ്റ്യാടി ചെറുപുഴ തീരത്ത് വവ്വാലുകൾ താവളമാക്കിയ മരങ്ങളും സന്ദർശിച്ചു. അടുക്കത്ത് ഒരു വീട്ടിൽ ചത്ത പൂച്ചയുടെ ശരീരത്തിൽനിന്ന് സാമ്പിളെടുത്തു. കള്ളാട് ഏതാനും വീടുകളിൽ നേരത്തേ പൂച്ചകൾ ചത്തതായി നാട്ടുകാർ അറിയിച്ചിരുന്നു. തുടർച്ചയായി മൂന്നു കാട്ടുപന്നികൾ ചത്ത നിലയിൽ കാണപ്പെട്ട ജാനകിക്കാടും നന്ദർശിച്ചു.
കേന്ദ്ര മൃഗസംരക്ഷണ വിഭാഗം ജോയന്റ് കമീഷണർമാരായ ഡോ. എച്ച്.ആർ. ഖന്ന, ഡോ. വിജയകുമാർ, ഭോപാലിൽനിന്നുള്ള ശാസ്ത്രജ്ഞൻ ഡോ. അശ്വിൻ റാവുത്ത്, ബംഗളൂരു എസ്.ആർ.ഡി.ഡി.എല്ലിലെ ഡോ. ശവിശങ്കർ, വെറ്ററിനറി സർവകലാശാല പ്രഫസർമാരായ ഡോ. സിന്ധു രവിശങ്കർ, ഡോ. ദീപ, ഡോ. ഹംസ, ഡോ. ജെസ് വർഗീസ്, സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് ജോ. ഡയറക്ടർ ഡോ. ഷീല ജോർജ്.
ചീഫ് ആനിമൽ ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഒാഫിസർ ഡോ. നന്ദകുമാർ, മൈക്രോ ബയോളജി വെറ്ററിനറി സർജൻ ഡോ. അപർണ, പാരസറ്റോളജി വെറ്ററിനറി സർജൻ ഡോ. പ്രത്യുഷ്, ജില്ല ആനിമൽ ഹസ്ബന്ററി ഡെപ്യൂട്ടി ഡയറക്ടർ ഡോ. ജോയി, സ്റ്റേറ്റ് എപിഡമോളജിസ്റ്റ് ഡോ. ബിജില, മരുതോങ്കര വെറ്ററിനറി സർജൻ ഡോ. വിജയലക്ഷ്മി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
മരുതോങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സജിത്ത്, വാർഡ് അംഗം സമീറ ബഷീർ എന്നിവർ ഇവരെ അനുഗമിച്ചു. സംഘം പഠനം തുടരുമെന്നും അറിയിച്ചു. ഞായറാഴ്ച നാഷനൽ സെന്റർ ഫോർ ഡിസീസ് കൺട്രോളിലെ ഡോ. ഹിമൻ ഡി. ചൗഹാൻ, ഡോ. മാലാ ചവുര, ഡോ. മീര ദുരിത, ഡോ. ജഗേന്ദ്ര, ഡോ. ഹനുൽ, ഡോ. രഘു, ഡോ. സായാഹ്ന എന്നിവർ കള്ളാടും ജാനകിക്കാടും സന്ദർശിച്ചിരുന്നു. മരുതോങ്കര കുടുംബാരോഗ്യ കേന്ദ്രത്തിലും സംഘം എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.