കോഴിക്കോട്: നിപ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ കോഴിക്കോട്ട് ബി.എസ്.എൽ -4 ലാബ് പരിഗണിക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ എം.കെ. രാഘവൻ എം.പിക്ക് ഉറപ്പുനൽകി. നിലവിൽ നിർമാണത്തിലുള്ള ബി.എസ്.എൽ-3 ലാബ് അടിയന്തരമായി പൂർത്തീകരിക്കാൻ ഐ.സി.എം.ആറിന് നിർദേശം നൽകുമെന്നും മന്ത്രി വ്യക്തമാക്കി.
ജില്ലയിൽ തുടർച്ചയായി നിപ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ, ബയോ സേഫ്റ്റി ലെവൽ -3 ലാബ് നിർമാണം ഉടൻ പൂർത്തീകരിക്കാൻ നിർദേശം നൽകണമെന്നും, ഇതിന്റെ പൂർത്തീകരണ ശേഷം ലെവൽ-നാലിലേക്ക് ഉയർത്താനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് എം.പി കേന്ദ്ര ആരോഗ്യ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഉറപ്പുലഭിച്ചത്. കോഴിക്കോട് മുമ്പ് അനുവദിച്ച ബയോ സേഫ്റ്റി ലെവൽ-ത്രീ ലാബിനായി കെട്ടിട നിർമാണം പൂർത്തിയായി വരുകയാണ്.
മരണനിരക്ക് കൂടിയ നിപ വൈറസ് സ്ഥിരീകരണത്തിനായി നിലവിൽ രോഗികളുടെ സ്രവ സാമ്പിളുകൾ പുണെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ ലാബിലേക്ക് അയച്ചാണ് പരിശോധന നടത്തുന്നത്. ഇക്കാരണത്താൽ ഫലപ്രഖ്യാപനത്തിൽ വരുന്ന കാലതാമസം ഒഴിവാക്കാൻ ബയോ സേഫ്റ്റി ലെവൽ-4 ലാബ് കോഴിക്കോട് അനിവാര്യമാണെന്ന് എം.പി ആവശ്യപ്പെട്ടു.
ഐ.സി.എം.ആറിന്റെ നേതൃത്വത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി നടത്തിയ പഠനത്തില്‍ കേരളം അടക്കമുള്ള ഒമ്പത് സംസ്ഥാനങ്ങളിലെ വവ്വാലുകളില്‍ നിപ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതാണ്. എന്നാൽ കോഴിക്കോട് മാത്രമാണ് തുടർച്ചയായി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
ഈ പശ്ചാത്തലത്തിൽ, ലോകാരോഗ്യ സംഘടന, അന്താരാഷ്ട്ര ഗവേഷണ സ്ഥാപനങ്ങൾ, കേന്ദ്ര ആരോഗ്യ മന്ത്രാലയം, സംസ്ഥാന ആരോഗ്യ വകുപ്പ്, മറ്റു ബന്ധപ്പെട്ട വകുപ്പുകൾ എന്നിവയുടെ സംയുക്ത സഹകരണത്തോടെ വിശദ പഠനം നടത്തണമെന്നും എം.പി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.