കോഴിക്കോട്: ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട നഷ്ടപരിഹാരത്തുക നൽകാത്തതിനെ തുടർന്ന് പൊതുമരാമത്ത് വിഭാഗത്തിന്റെ വാഹനം ഭൂവുടമ കൈവശപ്പെടുത്തി. കോടതി വിധിച്ച നഷ്ടപരിഹാരം ഈടാക്കാനായി ജപ്തി ചെയ്ത് വാഹനം സർക്കാർ തിരിച്ചെടുക്കാത്തതോടെയാണ് ഭൂവുടമ വാഹനം കൈവശപ്പെടുത്തിയത്.
വിധി സംഖ്യയായ 42,66,000 രൂപ കെട്ടിവെക്കാത്തതിനെ തുടർന്ന് ജനുവരി ആറിന് കോഴിക്കോട് കോടതിയിൽ നടന്ന പൊതുലേലത്തിൽ പൊതുമരാമത്ത് വകുപ്പിന്റെ കെ.എൽ. 01 ബിഎ 5548 സ്വിഫ്റ്റ് ഡീസൽ കാർ വിധി ഉടമതന്നെ ലേലത്തിൽ പിടിച്ചെടുത്തിരുന്നു. ലേലം കഴിഞ്ഞ് ഒരുമാസമായിട്ടും നഷ്ടപരിഹാരത്തുക സർക്കാർ കെട്ടിവെക്കാത്തതിനെ തുടർന്നാണ് വിൽപന സ്ഥിരപ്പെടുത്തി കോഴിക്കോട് പ്രിൻസിപ്പൽ സബ് ജഡ്ജി കെ. പ്രിയ ഉത്തരവിറക്കിയത്.
സ്ഥലം ഉടമയായ ബേപ്പൂർ സ്വദേശി കമ്പിട്ടവളപ്പിൽ സലീം, അഭിഭാഷകൻ രത്നകുമാർ മല്ലിശ്ശേരി മുഖേന നൽകിയ ഹരജിയിലാണ് അപൂർവ ഉത്തരവ്. കോടതി ഉത്തരവ് പ്രകാരം ജി.എസ്.ടി തുകയായ 49,560 രൂപ അടച്ചതിനെ തുടർന്ന് വിൽപന നടന്ന വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഇൻഷുറൻസ് പോളിസി സർട്ടിഫിക്കറ്റ്, പി.യു.സി.സി എന്നിവ ഹാജരാക്കാൻ 14 ദിവസം സമയം നൽകിയിട്ടും രേഖകൾ ഹാജരാക്കാത്തതിനെ തുടർന്നാണ് ലേലം സ്ഥിരപ്പെടുത്തി കോടതി ഉത്തരവായത്. വാഹനം ആർ.ടി.ഒ വിധിയുടമയുടെ പേരിലേക്ക് മാറ്റുന്നതോടെ വാഹനം കോടതി വിട്ടുനൽകും.
കേരളത്തിൽ ആദ്യമായാണ് ജി.എസ്.ടി അടച്ച് സർക്കാർ വാഹനം വിധിയുടമ കൈക്കലാക്കുന്നത്. 2008ൽ രാമനാട്ടുകര കിൻഫ്ര നോളജ് പാർക്ക് സ്ഥാപിക്കുന്നതിന് ഭൂമിയേറ്റെടുത്തതിന്റെ നഷ്ടപരിഹാരത്തുക നൽകാത്തതുമായി ബന്ധപ്പെട്ടാണ് സർക്കാർ വാഹനം ജപ്തിചെയ്യുന്ന അവസ്ഥയുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.