കോഴിക്കോട്: കുടിശ്ശിക നൽകാത്തതിനാൽ സ്റ്റെൻഡ് വിതരണം മുടങ്ങിയതോടെ കോഴിക്കോട് ഗവ. ജനറൽ ആശുപത്രിയിൽ അടച്ചുപൂട്ടിയ കാത്ത് ലാബ് പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഡി.എം.ഒയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ച തീരുമാനമാകാതെ പിരിഞ്ഞു.
സ്റ്റെൻഡ് അനുബന്ധ ഉപകരണങ്ങൾ വിതരണം ചെയ്തതിന്റെ കുടിശ്ശികയിനത്തിൽ 33 ലക്ഷം രൂപ നൽകാമെന്ന് ജില്ല ആരോഗ്യ വകുപ്പ് അറിയിച്ചെങ്കിലും കമ്പനി കൺസോർട്യം പ്രതിനിധി ഇത് അംഗീകരിക്കാൻ തയാറായില്ല. കഴിഞ്ഞ ആഗസ്ത് മുതൽ രണ്ടു കോടിയോളം രൂപയാണ് ആശുപത്രി വിതരണക്കാർക്ക് നൽകാനുള്ളത്. ആഗസ്റ്റ്, സെപ്റ്റംബർ മാസത്തെ കുടിശ്ശിക നൽകാമെന്നായിരുന്നു ആരോഗ്യ വകുപ്പ് അറിയിച്ചത്.
എന്നാൽ, ഡിസംബർ വരെയുള്ള കുടിശ്ശികയെങ്കിലും അടച്ചുതീർക്കണമെന്ന് കമ്പനി നിലപാടെടുക്കുകയായിരുന്നു. ഇത് ഇപ്പോൾ നൽകാൻ കഴിയില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചതോടെ മൂന്നു ദിവസത്തിന് ശേഷം തീരുമാനം പറയാമെന്ന് വിതരണക്കാരുടെ പ്രതിനിധി അറിയിക്കുകയായിരുന്നു.
ഇതോടെ പാവപ്പെട്ട രോഗികൾക്ക് ആശ്വാസമായിരുന്ന കാത്ത് ലാബ് തുറക്കാൻ ഏറെ കാത്തിരിക്കേണ്ടിവരുമെന്നുറപ്പായി. ഫണ്ടില്ലാത്തതിനാൽ ഒരാഴ്ചക്കകം കുടിശ്ശിക അടച്ചുതീർക്കാൻ കഴിയില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതർതന്നെ വ്യക്തമാക്കുന്നു.
രോഗികൾക്ക് കാരുണ്യ ഇൻഷുറൻസ് പദ്ധതിയിലൂടെ സൗജന്യ ചികിത്സയാണ് ലഭിക്കുന്നത്. ഈയിനത്തിൽ രണ്ടു കോടിയോളം രൂപ ആശുപത്രിക്ക് ലഭിക്കാനുണ്ട്. ഇത് ലഭിച്ചാൽ മാത്രമേ വിതരണക്കാർക്ക് നൽകാനുള്ള കുടിശ്ശിക അടച്ചുതീർക്കാൻ കഴിയുകയുള്ളൂ. ഇത് ഉടൻ അനുവദിച്ച് കിട്ടുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ജില്ല ആരോഗ്യ വകുപ്പ് അറിയിച്ചു.
കാത്ത് ലാബിലേക്ക് സ്റ്റെൻഡും അനുബന്ധ സാധനങ്ങളും നൽകിയ ഇനത്തിൽ കഴിഞ്ഞ ആഗസ്റ്റ് മുതലുള്ള തുകയാണ് കുടിശ്ശികയായത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ജനുവരിയിൽ ആശുപത്രി അധികൃതർക്ക് വിതരണക്കാർ കത്ത് നൽകിയിരുന്നു. നടപടിയില്ലാത്തതിനാൽ ഒരു മാസം മുമ്പ് സ്റ്റെൻഡ് വിതരണം നിർത്തി.
നിലവിലെ സ്റ്റോക്ക് ഉപയോഗിച്ച് അടിയന്തരമായി നടത്തേണ്ട ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി ചികിത്സ നടത്തിയെങ്കിലും ഈ മാസം രണ്ടാം വാരത്തോടെ അതും മുടങ്ങുകയായിരുന്നു. ഒരു മാസം 50 വരെ ആൻജിയോപ്ലാസ്റ്റിയാണ് ജനറൽ ആശുപത്രിയിൽ നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.