ഉള്ള്യേരി: വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട രേഖകൾ നൽകാതിരുന്ന നന്മണ്ട ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് അപേക്ഷകന് രേഖകൾ സൗജന്യമായി നൽകാൻ കോഴിക്കോട് പഞ്ചായത്ത് അസി. ഡയറക്ടറുടെ ഉത്തരവ്. ഉള്ള്യേരി സ്വദേശി ഷമീർ നളന്ദ നൽകിയ പരാതിയിലാണ് നടപടി.
നന്മണ്ട ഗ്രാമപഞ്ചായത്തിൽ മാർച്ച് മുതൽ ജൂൺ വരെ നടത്തിയ കുടിവെള്ള വിതരണത്തിെൻറ തുക സംബന്ധിച്ച രേഖകളും ഇതിനായി ഓടിയ വാഹനങ്ങളുടെ ട്രിപ് ഷീറ്റുമാണ് അപേക്ഷകൻ ആവശ്യപ്പെട്ടിരുന്നത്.
എന്നാൽ, പകർപ്പുകൾ നൽകുന്നതിന് പകരം അപേക്ഷകനോട് ഓഫിസിൽ നേരിട്ടെത്തി രേഖകൾ പരിശോധിക്കാനാണ് മറുപടി ലഭിച്ചത്. ഇതിനെതിരെയാണ് ഷമീർ പഞ്ചായത്ത് അസി. ഡയറക്ടർക്ക് പരാതി നൽകിയത്.
മറുപടിയായി ലഭിച്ച കത്തിൽ ബന്ധപ്പെട്ട ഫോൺ നമ്പർ അടക്കമുള്ളവ ഇല്ലായിരുന്നെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. അപ്പീൽ പരിഗണിച്ച് അസി. ഡയറക്ടർ ഇറക്കിയ ഉത്തരവിൽ സെക്രട്ടറിയുടെ നടപടി തൃപ്തികരമല്ലെന്നും അപേക്ഷകൻ ആവശ്യപ്പെട്ട വിവരങ്ങൾ ഉത്തരവ് കൈപ്പറ്റി 15 ദിവസത്തിനുള്ളിൽ സൗജന്യമായി നൽകണമെന്നും നിർദേശിച്ചു.
ഇത്തരം വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ കർശന താക്കീത് നൽകുന്നതായും ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.