കോഴിക്കോട്: ആവശ്യത്തിന് നിർവഹണ ഉദ്യോഗസ്ഥർ ഇല്ലാത്തതിനാൽ പദ്ധതികൾ മുടങ്ങുന്നതിനെ ചൊല്ലി ജില്ല പഞ്ചായത്ത് യോഗത്തിൽ തർക്കം. ഇത്തരത്തിൽ 44 പദ്ധതികളാണ് ജില്ലയിൽ മുടങ്ങിക്കിടക്കുന്നത്. വിവിധ ഗ്രാമ പഞ്ചായത്തുകളിലായി 14 അസിസ്റ്റന്റ് എൻജിനീയർമാർ, 28 ഓവർസിയർമാർ, ഒരു അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ എന്നീ ഒഴിവുകളാണ് നികത്തപ്പെടാതെ കിടക്കുന്നത്. സ്ഥിരം ഉദ്യോഗസ്ഥർ ഇല്ലെങ്കിൽ താൽക്കാലിക ഉദ്യോഗസ്ഥരെ നിയമിക്കുന്നതിന് അതത് പഞ്ചായത്ത് സെക്രട്ടറിമാർക്ക് അധികാരമുണ്ടെങ്കിലും പല സെക്രട്ടറിമാരും ഇതിന് തയാറാകുന്നില്ലെന്നാണ് പരാതി. ഇതുമൂലം ജില്ലയിലെ വികസന പദ്ധതികൾ പലതും അവതാളത്തിലാവുകയാണ്.
ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥർ ഗ്രാമ പഞ്ചായത്തിലെ പ്രവൃത്തികൾക്ക് നൽകുന്ന മുൻഗണന ജില്ല പഞ്ചായത്തിലെ പ്രവൃത്തികൾക്ക് നൽകുന്നില്ലെന്നും മെംബർമാർ ആക്ഷേപമുന്നയിച്ചു. ഇതിന് പരിഹാരമായി ജില്ല പഞ്ചായത്തിന്റെ പ്രവൃത്തികൾക്ക് മേൽനോട്ടം വഹിക്കാൻ താൽക്കാലിക ഉദ്യോഗസ്ഥനെ നിയമിക്കാൻ കഴിയുമോ എന്നത് ആരായുമെന്ന് ഷിജ ശശി പറഞ്ഞു. എന്നാൽ ടെൻഡർ വിളിക്കുക പോലുള്ള അടിസ്ഥാന പ്രവൃത്തികൾക്ക് പോലും നേതൃത്വം നൽകാതെ മെംബർമാർ സർക്കാറിനെ കുറ്റപ്പെടുത്തുകയാണെന്നായിരുന്നു രാജീവ് പെരുമൺപുറയുടെ ആക്ഷേപം. ചില മെംബർമാർക്ക് എന്തിനെക്കുറിച്ചും സംസാരിച്ച് പ്രതിച്ഛായ വർധിപ്പിക്കുന്നതിൽ മാത്രമേ താൽപര്യമുള്ളൂവെന്ന ഭരണപക്ഷത്തിന്റെ പരാമർശം ദുൽഫിക്കറിനെ പ്രകോപിപ്പിച്ചു. ആരും ഇവിടെ ഓടു പൊളിച്ചുവന്നതല്ലെന്നും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളാണെന്നുമായിരുന്നു ഇതിന് ദുൽഫിക്കർ നൽകിയ മറുപടി.
ഉദ്യോഗസ്ഥരില്ലാത്തതുപോലെ തന്നെ എൽ.എം.ആർ(ലോക്കൽ മാർക്കറ്റ് റേറ്റ്) രേഖപ്പെടുത്താത്തതും പദ്ധതി വൈകുന്നതിന് കാരണമായി ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. ഓൺലൈൻ സൈറ്റിൽ എൽ.എം.ആർ രേഖപ്പടുത്താത്തതുമൂലം പ്രവൃത്തികൾ നീണ്ടുപോകുന്നത് പതിവായിരിക്കുകയാണ്. ഇതുമൂലം ഏതുവിലക്കാണ് സാധനങ്ങൾ വാങ്ങിക്കേണ്ടതെന്ന കാര്യത്തിൽ കൃത്യമായ ധാരണയുണ്ടാകുന്നില്ല. ഇത്തരത്തിൽ ജില്ലയിൽ ബിൽഡിങ്, മെയിന്റനൻസ്, റോഡ് തുടങ്ങി 75ഓളം പ്രവൃത്തികളാണ് മുടങ്ങിക്കിടക്കുന്നത്. ചീഫ് എൻജിനീയറാണ് ഓൺലൈനിൽ എൽ.എം.ആർ രേഖപ്പെടുത്തേണ്ടത്. ഇതിൽ കാലതാമസുണ്ടാകുന്നതോടെ പദ്ധതി വൈകുകയും തുക ലാപ്സായി പോകുകയോ അടുത്ത വർഷത്തെ പദ്ധതിയിലേക്ക് മാറ്റിവെക്കുകയോ ചെയ്യുന്നു. എന്നാൽ പദ്ധതി വൈകിപ്പിക്കാനും അടുത്ത വർഷത്തേക്കുള്ള നീക്കിയരിപ്പ് തുക വർധിപ്പിക്കുന്നതിനുംവേണ്ടി മനഃപൂർവമാണ് എൽ.എം.ആർ രേഖപ്പെടുത്താത്തതെന്നും ആക്ഷേപമുണ്ട്.
ജില്ല പഞ്ചായത്ത് സ്കൂളുകളിൽ സോളാർ പാനൽ സ്ഥാപിച്ച പദ്ധതിയിൽ നിന്ന് ലഭിക്കുന്ന തുക ജില്ല പഞ്ചായത്തിലേക്ക് എത്തുന്നില്ലെന്നും പരാതിയുയർന്നു. 2019ൽ നാലുകോടി രൂപ ചെലവഴിച്ചാണ് ജില്ല പഞ്ചായത്തിന്റെ കീഴിലുള്ള സ്കൂളുകളിൽ സോളാർ പാനൽ സ്ഥാപിച്ചത്. സ്കൂളിൽ ഉപയോഗിക്കുന്ന വൈദ്യുതി കഴിച്ച് ലഭിക്കുന്ന ലാഭവിഹിതം ജില്ല പഞ്ചായത്തിന് ലഭിക്കേണ്ടതാണ് എങ്കിലും ഇതുവരെ ലഭിച്ചിരുന്നില്ല. ആദ്യമായാണ് രണ്ടു ലക്ഷം രൂപ ഈയിനത്തിൽ ജില്ല പഞ്ചായത്തിന് ഈ വർഷം ലഭിച്ചത്. ഇത് അഭിനന്ദനാർഹമാണെന്നും ഇക്കാര്യം നിരീക്ഷിക്കുന്നതിന് കമ്മിറ്റി രൂപവത്കരിക്കണമെന്നും ദുൽഫിക്കർ ആവശ്യപ്പെട്ടു. ഇതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും കെ.എസ്.ഇ.ബിയെയും കരാറുകാരെയും ഉൾപ്പെടുത്തി യോഗങ്ങൾ വിളിക്കുമെന്നും ജില്ല പഞ്ചായത്തിന് വരുമാനം ലഭിക്കുന്ന ഇത്തരം പദ്ധതികൾ പ്രോത്സാഹിപ്പിക്കുമെന്നും പി. ഗവാസ് അറിയിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻമാരായ വി.പി. ജമീല, കെ.വി. റീന, നിഷ പുത്തൻപുരയിൽ, പി. സുരേന്ദ്രൻ സെക്രട്ടറി വിനു സി. കുഞ്ഞപ്പൻ, എക്സിക്യൂട്ടിവ് എൻജിനീയർ സി. ചന്ദ്രൻ എന്നിവരും എന്നിവരും യോഗത്തിൽ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.