കോഴിക്കോട്: ജില്ലയിൽ കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കാൻ കലക്ടർ ഇടപെടുന്നു. കുട്ടികൾക്കായി 'ഗാഡ്ജറ്റ് ചലഞ്ച് ' സംഘടിപ്പിക്കാൻ കലക്ടർ സാംബശിവ റാവുവിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. വീട്ടിൽ പഠന സൗകര്യമില്ലാത്ത ജില്ലയിലെ 5000 കുട്ടികൾക്കാണ് ലാപ്ടോപ്പോ, ടാബോ, സ്മാർട്ട് ഫോണോ നൽകുന്നത്.
കുടുംബശ്രീയുടെയും കെ.എസ്.എഫ്.ഇയുടെയും നേതൃത്വത്തിൽ ആരംഭിച്ച 'വിദ്യശ്രീ ' ലാപ്ടോപ് പദ്ധതിയിലൂടെ ജില്ലയിലെ 6216 കുട്ടികൾക്ക് ഒരു മാസത്തിനകം ലാപ്ടോപ് വിതരണം ചെയ്യാനും യോഗം തീരുമാനിച്ചു. ഡിജിറ്റൽ ക്ലാസിൽ പങ്കെടുക്കാൻ സൗകര്യമില്ലാത്ത മലയോര പ്രദേശങ്ങളിലെയും തീരദേശങ്ങളിലെയും കുട്ടികൾക്കായി കഴിഞ്ഞ വർഷം തുടങ്ങിയ 766 പൊതു പഠനകേന്ദ്രങ്ങൾ ഇത്തവണയും പ്രവർത്തിക്കും. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തും.
കേബ്ൾ നെറ്റ് വർക്ക് ഇല്ലാത്ത സ്ഥലങ്ങളിൽ കണക്ഷൻ നൽകുന്നതിന് യോഗത്തിൽ തീരുമാനമായി. ഇതിനായി കേബ്ൾ സർവിസുകാരുടേയും മൊബൈൽ ഓപറേറ്റർമാരുടേയും യോഗം വിളിക്കും. ട്രൈബൽ കോളനികളിൽ പഠനസൗകര്യം ഉറപ്പുവരുത്തുന്നതിനായി എസ് സി പ്രമോട്ടർമാർക്കു പുറമേ സമീപ പ്രദേശങ്ങളിലെ സ്കൂളുകളിലെ അധ്യാപകരേയും ചുമതലപ്പെടുത്തും.
ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തിൽ എജുമിഷൻ പദ്ധതിയിലൂടെ ഓൺലൈൻ ക്ലാസുകൾക്ക് വേണ്ടിയുള്ള ഇ- കണ്ടൻറുകൾ തയാറാക്കും. ഗ്രാമപഞ്ചായത്ത് യോഗം ചേർന്ന് പഞ്ചായത്തിലെ കുട്ടികളുടെ ഓൺലൈൻ വിദ്യാഭ്യാസത്തിന് ആവശ്യമായ തയാറെടുപ്പുകൾ നടത്തും. ഇതിന്റെ ചുമതല പഞ്ചായത്ത് സെക്രട്ടറിമാർക്ക് നൽകും. ഓരോ വാർഡിലെയും കുട്ടികൾക്ക് പഠന സൗകര്യം വാർഡ് മെമ്പർമാരും വാർഡ് കൗൺസിലർമാരും ഉറപ്പുവരുത്തണം.
ഓൺലൈനായി നടന്ന യോഗത്തിൽ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.പി. ശിവാനന്ദൻ, സെക്രട്ടറി അഹമ്മദ് കബീർ, കോഴിക്കോട് ഡി.ഡി.ഇ വി.പി. മിനി, സമഗ്ര ശിക്ഷ കോഴിക്കോട് ഡി.പി.സി എ.കെ. അബ്ദുൽ ഹക്കീം, ജില്ല പട്ടികവർഗ വികസന ഓഫിസർ സൈദ് നയിം, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ടി.ജെ. അരുൺ , കുടുംബശ്രീ മിഷൻ കോഓഡിനേറ്റർ പി.സി. കവിത, ഡയറ്റ് പ്രിൻസിപ്പൽ പ്രേമരാജൻ, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോഓഡിനേറ്റർ ബി. മധു തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.