കോഴിക്കോട്: 18-44 വയസ്സിനിടയിലുളള എല്ലാവർക്കും കോവിഡ് പ്രതിരോധ വാക്സിനേഷൻ നൽകുമെന്ന് സർക്കാർ അറിയിച്ചെങ്കിലും വാക്സിനേഷൻ നടത്താനാകാതെ ജില്ല ആരോഗ്യ വകുപ്പ്. ലഭ്യമാകുന്ന കുറച്ച് വാക്സിൻ 45നു മുകളിലുള്ളവർക്കുതന്നെ തികയാത്ത സാഹചര്യത്തിൽ 44 നു താഴെയുള്ളവർക്ക് ബുക്കിങ് നടത്താനാകില്ലെന്നാണ് അധികൃതർ പറയുന്നത്.
സർക്കാർ വാക്സിൻ ലഭ്യമാക്കിയാൽ മാത്രമേ 18-44 വയസ്സിലുള്ള പൊതുജനങ്ങൾക്ക് വാക്സിൻ നൽകാനാകൂവെന്ന് ജില്ല വാക്സിനേഷൻ ഓഫിസർ ഡോ. മോഹൻദാസ് പറഞ്ഞു. വാക്സിൻ സ്റ്റോക്ക് വളരെ കുറവാണ്. നിലവിൽ 5000ത്തിൽ താഴെ ഡോസ് വാക്സിൻ മാത്രമേ സ്റ്റോക്കുള്ളൂവെന്നും അതുകൊണ്ട് മുൻഗണനക്കാർക്ക് പോലും നൽകാനാകുന്നില്ലെന്നും വാക്സിനേഷൻ ഓഫിസർ പറഞ്ഞു.
അതേസമയം, മലപ്പുറത്തുൾപ്പെടെ മറ്റു ചില ജില്ലകളിൽ 44നു താഴെയുള്ള പെതുജനങ്ങൾക്ക് വാക്സിനേഷൻ ആരംഭിച്ചിരുന്നു. വയനാട് ജില്ലയിൽ 18നും 44നുംഇടയിൽ പ്രായമുള്ളവർക്ക് ഏത് ആരോഗ്യകേന്ദ്രത്തിലാണ് വാക്സിനുള്ളതെന്ന് കൃത്യമായ നിർദേശം അധികൃതർ നൽകുന്നുണ്ട്. കോഴിക്കോട്ട് മാത്രമാണ് ഈ വിഭാഗത്തിലുള്ളവരെ പരിഗണിക്കാത്തതെന്ന ആക്ഷേപം ശക്തമാണ്.
വാക്സിൻ കുറവായതിനാൽ രണ്ടോ മൂന്നോ ദിവസത്തെ സ്ലോട്ടുകൾ മാത്രമാണ് നിലവിൽ തുറക്കുന്നത്. തുറക്കുമ്പോഴേക്കും സ്ലോട്ടുകൾ നിറയുകയും ചെയ്യുന്നു. അതുമൂലം ബുക്കിങ്ങിന് സാധിക്കാതെ നിരവധി ആളുകളാണുള്ളത്. രണ്ടാം ഡോസിന് സമയം കഴിഞ്ഞവരും ഒന്നാം ഡോസുപോലും ലഭ്യമാകാത്ത 45 കഴിഞ്ഞവരും നിരവധിയാണ്.
സാധാരണക്കാർക്ക് വാക്സിൻ രജിസ്ട്രേഷന് സാധിക്കാതിരിക്കുമ്പോഴും പലയിടങ്ങളിലും സ്പോട്ട് രജിസ്ട്രേഷൻ വഴിയും ആരോഗ്യ പ്രവർത്തകരുമായുള്ള ബന്ധം വഴിയും സ്വാധീനമുപയോഗിച്ചും നിരവധി പേർ വാക്സിനേഷൻ ലഭ്യമാക്കുന്നു.
18-44 വയസ്സിനിടയിലു ള്ള പൊതുജനങ്ങൾക്ക് വാക്സിനേഷൻ ആരംഭിച്ചിട്ടില്ലെന്ന് അധികൃതർ പറയുമ്പോഴും സ്വാധീനമുള്ളവർ വാക്സിൻ ചെയ്യുന്നുമുണ്ട്. രണ്ടാം ഡോസിനുള്ളവർക്ക് ഓപൺ സ്ലോട്ടിൽ സ്പോട്ട് രജിസ്ട്രേഷൻ അനുവദിക്കുമെന്ന് പറയുന്നുണ്ടെങ്കിലും അതും രാഷ്ട്രീയ സ്വാധീനമുള്ളവർക്ക് മാത്രമാണ് ലഭ്യമാകുന്നത്.
വാർഡ് അംഗങ്ങളും ആശ വർക്കർമാരും ചിലയിടങ്ങളിൽ ഇഷ്ടക്കാർക്ക് വാക്സിൻ ലഭ്യമാക്കുന്നുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി ശരാശരി 10,000 പേർക്കാണ് ജില്ലയിൽ വാക്സിൻ നൽകിയത്. വാക്സിൻ ലഭ്യത കുറഞ്ഞതോടെ വാക്സിനേഷൻെറ വേഗവും കുറഞ്ഞിട്ടുണ്ട്. നിലവിൽ 13,26,283 പേരാണ് വാക്സിൻ എടുത്തത്.
10,19,113 പേർക്ക് ആദ്യ ഡോസ് മാത്രമാണ് ലഭിച്ചത്. 3,07,170 പേർ രണ്ട് ഡോസും സ്വീകരിച്ചു കഴിഞ്ഞു. 12 ലക്ഷത്തോളം പേർ ഒരു ഡോസുപോലും ലഭിക്കാത്തവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.