നിയമം ലംഘിച്ച് ഇതരസംസ്ഥാന മണ്ണുമാന്തി യന്ത്രങ്ങൾ; നടപടിയെടുക്കാതെ അധികാരികൾ

കോഴിക്കോട്: നികുതിവെട്ടിച്ചും നിയമങ്ങൾ കാറ്റിൽപറത്തിയും സംസ്ഥാനത്തേക്ക് എത്തുന്ന ഇതരസംസ്ഥാന മണ്ണുമാന്തി യന്ത്രങ്ങൾക്കെതിരെ നടപടിയെടുക്കാതെ അധികൃതർ കണ്ണടക്കുകയാണെന്ന് കൺസ്ട്രക്ഷൻ എക്യുപ്മെന്‍റ് ഓണേഴ്സ് അസോസിയേഷൻ (സി.ഇ.ഒ.എ) ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.

അന്യസംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത് ബിനാമി പേരുകളിലാണ് ഇവിടെ യന്ത്രങ്ങൾ എത്തുന്നത്. ഒരു വാഹനം ഇങ്ങനെ കേരളത്തിൽ എത്തിയാൽ ജി.എസ്.ടി ഇനത്തിൽ 49,3000 രൂപയും ടി.സി.എസ് റോഡ് ടാക്സ് ഇനത്തിൽ 28,6000 രൂപയും ഉൾപ്പെടെ 78,0000 രൂപ സംസ്ഥാന ഖജനാവിന് നഷ്ടമുണ്ടാകുന്നു.

ഇക്കാര്യം രേഖാമൂലം അധികാരികളെ ബോധ്യപ്പെടുത്തിയിട്ടും റോഡ് ടാക്സ് നിയമത്തിലെ പഴുതുകൾ ഉപയോഗിച്ച് 10000 രൂപയിൽ താഴെ മാത്രം പ്രവേശന നികുതി ഈടാക്കി ട്രാൻസ്പോർട്ട് ഉദ്യോഗസ്ഥർ ചെക്ക്പോസ്റ്റ് കടത്തിവിടുകയാണ്. കേരളത്തിലെത്തുന്ന ഇത്തരം വാഹനങ്ങൾ നമ്പർ പ്ലേറ്റ് മറച്ചുവെച്ചും ഇരട്ട നമ്പർ പതിച്ചുമാണ് പ്രവർത്തിക്കുന്നത്.

കേരള രജിസ്ട്രേഷൻ മണ്ണുമാന്തി യന്ത്രങ്ങളുടെ വ്യാജ നമ്പർ പതിച്ച ഇത്തരം വാഹനങ്ങൾ മൂന്നു സ്ഥലങ്ങളിൽ പിടിക്കപ്പെട്ടിരുന്നു. ഇതിൽ ഒരുവണ്ടി താമരശ്ശേരി താലൂക്കിൽ കിടക്കുന്നുണ്ട്. നിർമാണ മേഖല പ്രതിസന്ധിയിലായിരിക്കെ, ഇവിടത്തെ മണ്ണുമാന്തി യന്ത്രങ്ങളുടെ ഉടമകളെ കടക്കെണിയിലും പട്ടിണിയിലുമാക്കുന്നതാണ് അധികൃതരുടെ നടപടിയെന്നും അവർ കുറ്റപ്പെടുത്തി.

വാർത്തസമ്മേളനത്തിൽ സി.ഇ.ഒ.എ സംസ്ഥാന ജന. സെക്രട്ടറി സമീർ ബാബു, ജില്ല പ്രസിഡന്‍റ് വി.പി.എം. ഷിഹാബ്, സെക്രട്ടറി പി.കെ. സനൽകുമാർ, രാജേഷ് മാത്യു, വിൻസ് മാത്യു എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Non-state excavator-violation of law-Authorities without action

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.